Connect with us

Articles

ആപ്പിലാകുന്ന ജനവും ജനാധിപത്യവും

Published

|

Last Updated

2019ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിനുള്ള കേളികൊട്ട് ഏതായാലും ഉഷാറായിട്ടുണ്ട്. ബി ജെ പിയും കോണ്‍ഗ്രസും പരസ്പരം പഴിചാരുകയാണ്. ആരാണ് കള്ളന്‍, ആരാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി രഹസ്യബന്ധം പുലര്‍ത്തുന്നത് എന്നതാണ് ചര്‍ച്ചാവിഷയം. ഏതായാലും സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗം പല തലത്തിലുള്ള ആലോചനകള്‍ക്കും വഴിനല്‍കുന്നതാണ്. അതില്‍ പ്രധാനം ഡിജിറ്റല്‍ യുഗത്തിലെ “വ്യക്തിത്വം” തന്നെയാണ്. യു എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ സമ്മതമില്ലാതെ അഞ്ച് കോടിയോളം പേരുടെ വിവരങ്ങള്‍ ശേഖരിച്ച് അതനുസരിച്ച് ക്യാമ്പയിന്‍ പ്ലാന്‍ ചെയ്താണ് ഡൊണാള്‍ഡ് ട്രംപിന്റെ വിജയം സാധ്യമാക്കിയതെന്ന വാര്‍ത്തകള്‍ കെട്ടടങ്ങുന്നതിന് മുമ്പേയാണ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് രംഗവും “ഫേസ്ബുക്കി”ന് കീഴടങ്ങുന്നോ എന്ന് സംശയിക്കേണ്ടി വരുന്നത്. ഏറ്റവും ഒടുവിലായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആപ്പായ “നമോ”യും വ്യക്തി വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിക്ക് കൈമാറിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്.

2014ലെ തിരഞ്ഞെടുപ്പില്‍ സാമൂഹികമാധ്യമങ്ങളെ ഏറ്റവും കൂടുതല്‍ പ്രചാരണത്തിനായി ഉപയോഗിച്ചത് ബി ജെ പിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്ക് ദുരുപയോഗമെന്ന ആരോപണമുന്നയിക്കാന്‍ ബി ജെ പി യെ പ്രേരിപ്പിക്കുന്ന ഘടകമെന്തായിരിക്കും? കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഈയടുത്ത കാലത്തായി ബി ജെ പിക്കെതിരെ സോഷ്യല്‍ മീഡിയയിലൂടെ കടുത്ത ആക്രമണമാണ് അഴിച്ചുവിടുന്നത്. അദ്ദേഹത്തിന്റെ പല ട്വീറ്റുകളും ബി ജെ പിയെ കുറച്ചൊന്നുമല്ല നോവിച്ചത്. അതില്‍ പ്രധാനമായിരുന്നു ജി എസ് ടിക്കെതിരെ അദ്ദേഹം ഉന്നയിച്ച “ഗബ്ബര്‍ സിംഗ് ടാക്‌സ്” പ്രയോഗം. രാഹുലിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നത് അനലിറ്റിക്കയാണോയെന്ന ആശങ്ക ഐ ടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കുകയും ചെയ്തതാണ്. സമൂഹത്തിലെ ഉന്നതരുടെ ഇത്തരം അക്കൗണ്ടുകളൊക്കെ മാനേജ് ചെയ്യുന്നത് വന്‍കിട പി ആര്‍ കമ്പനികളാണ്. രാഹുല്‍ ഗാന്ധിയുടേതും അത്തരത്തില്‍ തന്നെയാണ്. അത് അനലിറ്റിക്കയാണോ എന്നാണ് ബി ജെ പിയുടെ ചോദ്യം.

ഡിജിറ്റല്‍ യുഗത്തില്‍ സമ്പത്ത് മാത്രമല്ല, വ്യക്തിത്വവും സുരക്ഷിതമല്ലെന്നതാണ് ഫേസ്ബുക്ക്-അനലിറ്റിക്ക വിവാദം വ്യക്തമാക്കുന്നത്. ഒരു മെനക്കേടുമില്ലാതെ അന്യന്റെ സമ്പാദ്യം എത്രയെളുപ്പം അടിച്ചുമാറ്റാന്‍ കഴിയുമോ അതിലേറെയെളുപ്പം നമ്മുടെയൊക്കെ വ്യക്തിവിവരങ്ങളും ഈ “ഫേസ്ബുക്ക്” കാലത്ത് മറ്റൊരാള്‍ക്ക് പ്രാപ്യമാണെന്നതാണ് വാസ്തവം. ഒരാളുടെ അനക്കവും അടക്കവും മാത്രമല്ല, അദ്ദേഹത്തിന്റെ അഭിരുചികള്‍, രാഷ്ട്രീയനിലപാട്, മറ്റ് താത്പര്യ വിഷയങ്ങള്‍ എല്ലാം ഫേസ്ബുക്കിനറിയാം. അക്കൗണ്ട് തുടങ്ങുമ്പോള്‍ ഇത്തരം വിവരങ്ങളൊന്നും നാം നല്‍കിയില്ലായിരിക്കാം. പക്ഷേ, ഫേസ്ബുക്കിലെ നിങ്ങളുട ഓരോ ക്ലിക്കുകളും രേഖപ്പെടുത്തപ്പെട്ടു കിടക്കുകയാണ്. ഇത്തരം വിവരങ്ങളൊക്കെ മറ്റൊരാള്‍ക്ക് ലഭിച്ചാല്‍ എന്തായിരിക്കും അവസ്ഥ. സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നവരില്‍ 90 ശതമാനവും തങ്ങളുടെ വ്യക്തിത്വം മറച്ചുവെക്കാതെ ഇടപെടുന്നവരായിരിക്കേ പ്രത്യേകിച്ചും.

എങ്ങനെ ചോര്‍ത്തി?

2016ലെ യു എസ് തിരഞ്ഞെടുപ്പില്‍ അഞ്ച് കോടി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ എങ്ങനെ കേംബ്രിഡ്ജ് അനലിറ്റിക്കക്ക് ലഭിച്ചു എന്നതാണ് വിഷയം. അവര്‍ക്ക് ഫേസ്ബുക്ക് നേരിട്ട് നല്‍കിയതല്ല. എന്നാലോ ഫേസ്ബുക്കിന്റെ സുരക്ഷാപിഴവാണെന്ന് സുക്കര്‍ബര്‍ഗ് തന്നെ സമ്മതിക്കുകയും ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടത് ചെയ്യുമെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. ഇതിനുവേണ്ടി അനലിറ്റിക്കയുടെ സി ഇ ഒ അലക്‌സാണ്ടര്‍ നിക്‌സ് വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാന്‍ജെയെ സമീപിച്ചതാണ്. പക്ഷേ, നടന്നില്ല. അതിനു ശേഷം കേംബ്രിഡ്ജ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകനായ അലക്‌സാണ്ടര്‍ കോഗനാണ് ഇത്രയും പേരുടെ വ്യക്തിവിവരങ്ങള്‍ അനലിറ്റിക്കക്ക് കൈമാറുന്നത്. അതിനായി കോഗന്‍ ചെയ്തതാകട്ടെ ഫേസ്ബുക്കിനെ ബന്ധപ്പെടുത്തി ക്വിസ് ആപ്പ് നിര്‍മിച്ച്, ഇതുവഴി ഉപഭോക്താക്കളെ ബന്ധപ്പെടുത്തി അവരുടെ വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. ഇത്തരം വിവരങ്ങള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനുവേണ്ടി ഉപയോഗിച്ചു എന്നതല്ല പ്രശ്‌നം, ഉപഭോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ എങ്ങനെ പുറത്തുപോയി എന്നതാണ്. ചോര്‍ച്ചകള്‍ തടയപ്പെടുമെന്നുള്ള സുക്കര്‍ബര്‍ഗിന്റെ വാഗ്ദാനം എത്രമാത്രം പാലിക്കാന്‍ കഴിയുമെന്നതാണ് ചിന്തിക്കേണ്ട വിഷയം. പ്രത്യേകിച്ചും അസാഞ്ചെയും സ്‌നോഡനും കോഗനുമൊക്കെ ഇപ്പുറത്തുള്ളപ്പോള്‍.

എങ്ങനെ ഉപയോഗിക്കുന്നു?

ഫേസ്ബുക്കുമായി ബന്ധപ്പെട്ട് നിരവധി ആപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പലതും നേരംപോക്കായും തമാശയായും ഉപയോഗിക്കുന്നവയാണ്. എന്നാല്‍ അതിനിടയില്‍ ഇത്തരത്തിലുള്ള വിവരചൂഷണം നടക്കുന്നത് പലരും ശ്രദ്ധിക്കുന്നില്ലെന്നതാണ് വാസ്തവം. ഈ വിവരങ്ങള്‍ അപഗ്രഥിച്ച് പരസ്യങ്ങള്‍, വ്യാജ വാര്‍ത്തകള്‍, ട്രോളുകള്‍ നിര്‍മിക്കുകയും വ്യാജ ഐ ഡി കള്‍ ഉപയോഗിച്ച് വൈറലാക്കുക വഴി അനുകൂല തരംഗമുണ്ടാക്കുകയുമാണ് ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ അപഗ്രഥനം ചെയ്ത് വിവിധ തലത്തിലുള്ളവരെ കണ്ടെത്തി തങ്ങള്‍ വര്‍ക്ക് ചെയ്യുന്ന പാര്‍ട്ടിക്ക് അനുകൂലമായ പോസ്റ്റുകളും വീഡിയോയും നിര്‍മിച്ച് ഇത്തരം ആളുകളിലേക്ക് എത്തുന്ന രീതിയില്‍ പോസ്റ്റ് ചെയ്യുന്നു. ഫേസ്ബുക്കിലെ ഒരു പേജിലെ പോസ്റ്റുകള്‍ ആര്‍ക്കൊക്കെ എത്തണം എന്ന് നമുക്ക് നിര്‍ണയിക്കാന്‍ കഴിയും. മാത്രവുമല്ല, വെറും നൂറോ ഇരുനൂറോ രൂപ ഫേസ്ബുക്കിന് കൊടുത്താല്‍ ഇത്തരം പോസ്റ്റുകള്‍ “ബൂസ്റ്റ്” ചെയ്ത് 3000ത്തിനടുത്ത് ആളുകളിലേക്ക് എത്തിക്കാന്‍ കഴിയും. ഇതിനൊക്കെ പുറമേ വ്യാജ ഐഡികള്‍ ഉപയോഗിച്ച് പോസ്റ്റ് വൈറലാക്കുകയും ചെയ്യും. ഈ പ്രവര്‍ത്തനമാണ് യഥാര്‍ഥത്തില്‍ ഇത്തരം പി ആര്‍ കമ്പനികള്‍ ചെയ്യുന്നത്. അതായത് ഫേസ്ബുക്കില്‍ നാം നടത്തുന്ന ഓരോ ക്ലിക്കുകളും വിലപ്പെട്ടതാണെന്ന് അര്‍ഥം. ഏതെങ്കിലും ഒരു വിഷയത്തിലുള്ള ഒന്നോ രണ്ടോ വീഡിയോകള്‍ നാം പ്ലേ ചെയ്തുകഴിഞ്ഞാല്‍ അത്തരത്തില്‍ നിരവധി വീഡിയോകള്‍ ഫേസ്ബുക്ക് നമുക്ക് “സജസ്റ്റ്” ചെയ്യുന്നതാണ്. ആയിരങ്ങളും പതിനായിരങ്ങളും ചെലവിട്ട് വലിയ സമ്മേളനങ്ങള്‍ നടത്തുന്നതിനേക്കാള്‍ എളുപ്പത്തില്‍ സമ്മതിദായകന്റെ മസ്തിഷ്‌കത്തിലേക്ക് തങ്ങളുടെ ആശയങ്ങള്‍ കുത്തിക്കയറ്റാന്‍ കുറഞ്ഞ ആളുകളുടെ അധ്വാനവും ചില്ലിക്കാശും മാത്രം മതിയെന്ന് സാരം.

ചോര്‍ച്ച ഇന്ത്യയില്‍

ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നതും അത്തരത്തിലുള്ള വിവാദമാണ്. ഇന്ത്യയിലെ ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ആര്‍ക്കൊക്കെ നല്‍കിയെന്നത് വ്യക്തമാക്കണമെന്ന് ഐ ടി മന്ത്രി ഫേസ്ബുക്കിനോട് ആവശ്യപ്പെട്ടിരിക്കുകയാണല്ലോ. ഒരു കാര്യം വ്യക്തമാണ്. ഫേസ്ബുക്ക് നേരിട്ട് നല്‍കിയാലും ഇല്ലെങ്കിലും ഇത്തരം വിവര ചോര്‍ച്ചയില്‍ അവര്‍ക്ക് ഉത്തരവാദിത്തമുണ്ടെന്ന കാര്യം തീര്‍ച്ചയാണ്. 2014ലെ തിരഞ്ഞെടുപ്പില്‍ യു പി എ സര്‍ക്കാറിനെ താഴെയിറക്കാന്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ചേര്‍ന്ന് ബി ജെ പി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് അനലിറ്റിക്കയുടെ ഇന്ത്യന്‍ കമ്പനിയുടെ സഹസ്ഥാപകനായിരുന്ന അവനീഷ് റായ് വെളിപ്പെടുത്തിയിരുന്നു. ചുരുക്കത്തില്‍ ഈ കുളിമുറിയില്‍ എല്ലാവരും നഗ്നരാണെന്നതാണ് സത്യം. അനലിറ്റിക്കയുടെ പ്രവര്‍ത്തനത്തിന്റെ ഗുണഫലം അനുഭവിച്ച ബി ജെ പി അവര്‍ കോണ്‍ഗ്രസിനുവേണ്ടി പ്രവര്‍ത്തിക്കുന്നത് എങ്ങനെ നോക്കിനില്‍ക്കും. അതു തന്നെയാണ് ഓടുന്ന നായക്ക് ഒരു മുഴം മുന്നേ എന്ന നിലപാടിലേക്ക് ബി ജെ പിയെ എത്തിച്ചത്. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് അധികാരത്തിലെത്തിയവര്‍ ഭരണം അവസാനിപ്പിക്കുമ്പോള്‍ അത്തരം ആയുധങ്ങള്‍ തങ്ങള്‍ക്കെതിരെ പ്രയോഗിക്കുന്നതില്‍ വിറളികൊള്ളുന്നതില്‍ അത്ഭുതമില്ല.

മറ്റൊരു കാര്യം ഡിജിറ്റല്‍ യുഗത്തില്‍ സമ്പത്തും വ്യക്തിവിവരങ്ങളും ചോരുന്നതില്‍ അവ ഉപയോഗിക്കുന്ന വ്യക്തികളും ഉത്തരവാദികളാണെന്നതാണ്. ഉപഭോക്താവിന്റെ ഏതെങ്കിലും തരത്തിലുള്ള സഹായമില്ലാതെ ഇത്തരത്തില്‍ സമ്പത്തും വിവരങ്ങളും കൊള്ളയടിക്കാന്‍ കഴിയില്ല. ഓണ്‍ലൈന്‍ ബേങ്കിംഗിന്റെ പാസ്‌വേര്‍ഡ്, എ ടി എം നമ്പര്‍, പി എന്‍ നമ്പര്‍ എന്നിവ കൈമാറുക എന്നിവ സമ്പത്ത് കൊള്ളയടിക്കാന്‍ ഇടയാക്കുന്നു. എന്നാല്‍ ഡിജിറ്റല്‍ ആപ്പുകള്‍ക്ക് നല്‍കുന്ന “പെര്‍മിഷനുകള്‍” നമ്മുടെ വ്യക്തിവിവരങ്ങള്‍ കൊള്ളയടിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു. ആപ്പുകള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ നമ്മുടെ കോണ്ടാക്ടും മൊബൈലും അവര്‍ക്ക് അനുവദിച്ചുകൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഫേസ്ബുക്ക് പോലെ വിശ്വാസ്യത നേടിയ, ലോകമൊട്ടാകെ കോടിക്കണക്കിന് ഉപഭോക്താക്കളുള്ള “ആപ്പുകളുടെ” നിരുത്തരവാദപരമായ പ്രവര്‍ത്തനങ്ങള്‍ നഷ്ടപ്പെടുത്തുന്നത് ജനങ്ങളുടെ “വ്യക്തിത്വം” തന്നെയാണ്.