Connect with us

Kerala

ദേശീയപാതാ വികസനം: ഉദ്യോഗസ്ഥ സംഘം മലപ്പുറത്തേക്ക്

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാതാ വികസനത്തിനായി ഭൂമിയേറ്റെടുക്കുന്നത് സംബന്ധിച്ച് മലപ്പുറത്ത് ഉയര്‍ന്ന പരാതികള്‍ പരിഗണിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ നിയോഗിക്കും. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി, ദേശീയ പാത അതോറിറ്റി പ്രതിനിധി, ജില്ലാ കലക്ടര്‍ എന്നിവരുള്‍പ്പെടുന്ന സമിതി അലൈന്‍മെന്റില്‍ ആക്ഷേപമുള്ളവരുടെ പരാതികള്‍ സ്വീകരിക്കും. നഷ്ടപരിഹാരം സംബന്ധിച്ച് വീടുകളില്‍ ചെന്ന് ഉദ്യോഗസ്ഥര്‍ ബോധവത്കരണം നടത്തും. മുഖ്യമന്ത്രിയുമായി ആലോചിച്ച് ആവശ്യമെങ്കില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍ അറിയിച്ചു. ഈ വിഷയം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. മന്ത്രിയുടെ ഉറപ്പ് കണക്കിലെടുത്ത് പ്രതിപക്ഷം വാക്കൗട്ട് ഉപേക്ഷിച്ചു. പ്രതിപക്ഷത്ത് നിന്ന് കെ എന്‍ എ ഖാദറാണ് അടിയന്തരപ്രമേയത്തിന് അവതരണാനുമതി തേടിയത്.

അലൈന്‍മെന്റുമായി ബന്ധപ്പെട്ട പരാതികളും നഷ്ടപരിഹാരവും സംബന്ധിച്ച് ദേശീയപാത അതോറിറ്റിയുമായി ചര്‍ച്ച ചെയ്യാവുന്നതാണെന്ന് മന്ത്രി പറഞ്ഞു. ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കുമ്പോള്‍ ആരാധനാലയങ്ങളും ഖബര്‍സ്ഥാനുകളും ഒഴിവാക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. റോഡ് വികസനത്തിന്റെ പേരില്‍ ഖബര്‍സ്ഥാനുകളോ പ്രതിഷ്ഠകളോ അള്‍ത്താരകളോ പൊളിക്കില്ല. മലപ്പുറം ജില്ലയിലെ ദേശീയ പാതയുടെ അലൈന്‍മെന്റ് മാറ്റാന്‍ ഈ സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടില്ല. ആരാധനാലയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കിയുള്ള വികസനമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഖബര്‍സ്ഥാനുകളിലും അള്‍ത്താരകളിലും അമ്പലങ്ങളിലും കൈവെക്കാന്‍ ഈ സര്‍ക്കാരില്ല. ദേശീയപാത വികസനത്തിനുള്ള സ്ഥലമേറ്റെടുക്കല്‍ നല്ല നിലയില്‍ പുരോഗമിക്കുകയാണ്. യു ഡി എഫിന്റെ കാലത്തെ അലൈന്‍മെന്റാണ് ഇപ്പോഴത്തേത്. തൃശൂര്‍ മുതല്‍ പൊന്നാനി വരെ സ്ഥലമേറ്റെടുക്കല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. അത് യു ഡി എഫ് സര്‍ക്കാറിന്റെ കാലത്താണ് പൂര്‍ത്തിയായത്. പിന്നീട് പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഏറ്റെടുക്കല്‍ നിലച്ചു. സ്ഥലമെടുപ്പ് നിര്‍ത്തിവെക്കാന്‍ അന്നത്തെ ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.
മലപ്പുറം ജില്ലയിലെ ഏതാണ്ട് എട്ട് കിലോമീറ്റര്‍ ദൂരത്ത് മാത്രമാണ് പ്രശ്‌നം ഉള്ളത്. കുറ്റിപ്പുറം പഞ്ചായത്തിലെയും വളാഞ്ചേരി മുനിസിപ്പാലിറ്റിയിലെയും സര്‍വേ പൂര്‍ത്തിയായി കഴിഞ്ഞു. എ ആര്‍ നഗര്‍ പഞ്ചായത്തിലും ഇടിമുഴിക്കലുമാണ് പരാതികള്‍ ഉയര്‍ന്നിരിക്കുന്നത്. ഇടിമുഴിക്കലില്‍ രണ്ട് ആരാധനാലയങ്ങള്‍ ഒഴിവാക്കിയാണ് അലൈന്‍മെന്റ് അംഗീകരിച്ചത്. ഈ മാറ്റം മൂലം 32 കെട്ടിടങ്ങള്‍ നഷ്ടപ്പെടും. ഇതില്‍ ഏത് ഒഴിവാക്കി അലൈന്‍മെന്റ് വേണമെന്ന് തീരുമാനിക്കാന്‍ ജനപ്രതിനിധികള്‍ ഇടപെടണം. യു ഡി എഫ് നല്‍കിയതിലും ഉയര്‍ന്ന നഷ്ടപരിഹാരമാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നല്‍കുന്നത്. എന്നാല്‍ അനാവശ്യപ്രതിഷേധങ്ങള്‍ ഉയര്‍ത്തി വികസനം തടയാനാണ് ചിലരുടെ ശ്രമമെന്നും സുധാകരന്‍ പറഞ്ഞു.

അലയ്ന്‍മെന്റിലെ അപാകത പരിഹരിക്കണമെന്നും കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിടുന്നവരുടെ ആശങ്കകള്‍ അകറ്റണമെന്നും കെ എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടു. ജനവികാരം കണക്കിലെടുത്ത് മുന്നോട്ടുപോകണം. ദേശീയപാത വികസനത്തിന് പ്രദേശവാസികളോ മുസ്‌ലിംലീഗോ എതിരല്ലെന്നും എന്നാല്‍ ഇരകളുടെ പ്രശ്‌നം പരിഹരിക്കണമെന്നും കെ എന്‍ എ ഖാദര്‍ ആവശ്യപ്പെട്ടു. വികസന പദ്ധതികള്‍ക്കുവേണ്ടി ഭൂമി ഏറ്റെടുക്കുമ്പോള്‍ ജനങ്ങളുടെ ആശങ്ക ദൂരീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
സമരത്തെ സമരംകൊണ്ട് അടിച്ചമര്‍ത്തുന്നത് നല്ല രീതിയല്ലെന്നും സ്വന്തമായി ഒരു കൂര വച്ച് ആ കൂര സംരക്ഷിക്കണമെന്നുള്ള ആഗ്രഹം ജനങ്ങള്‍ക്കുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, തങ്ങളാരും നാഷനല്‍ ഹൈവേ വികസനത്തിനെതിരല്ലെന്നും രമേശ് പറഞ്ഞു.

Latest