Connect with us

Kerala

പൊതുജനങ്ങളോട് മാന്യമായി പെരുമാറണമെന്ന് പോലീസിന് നിര്‍ദേശം

Published

|

Last Updated

തിരുവനന്തപുരം: പൊതുജനങ്ങളോട് മാന്യമായി പെരുമാറാന്‍ പോലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥരുടെ നിര്‍ദേശം. ഡി ജി പിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന വ്യാപകമായി നടന്ന പരിശീലന പരിപാടിയിലാണ് നിര്‍ദേശം. വാഹന പരിശോധന വേളകളിലടക്കം മോശം പെരുമാറ്റം പാടില്ല. പരിശോധനയുമായി സഹകരിക്കാത്തവരുടെയും പ്രകോപനമുണ്ടാക്കുന്നവരുടെയും ദൃശ്യങ്ങള്‍ പകര്‍ത്തി നിയമനടപടി സ്വീകരിക്കാനും ജില്ലാ പോലീസ് മേധാവിമാര്‍ നിര്‍ദേശം നല്‍കി.

പൊതുജനങ്ങളോടുള്ള പോലീസ് സമീപനം മോശമാകുന്നുവെന്ന പരാതികള്‍ വ്യാപകമായതോടെയാണ് ജില്ലകളില്‍ പോലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ ഇന്നലെ പരിശീലന ക്ലാസുകള്‍ തുടങ്ങിയത്. വാഹന പരിശോധനയുമായി ബന്ധപ്പെട്ട പരാതികള്‍ കൂടുന്നതിനാല്‍ ട്രാഫിക് സ്‌റ്റേഷനുകളിലാണ് പ്രധാനമായും ക്ലാസുകള്‍ നടന്നത്. പൊതുജനങ്ങളോട് മാന്യമായി പെരുമാറുക. വാഹനപരിശോധന നടത്തുമ്പോള്‍ നിയമം പാലിക്കുക. യാത്രക്കാര്‍ പ്രകോപിപ്പിച്ചാലും മോശം പെരുമാറ്റം പാടില്ല. പരിശോധനയുമായി സഹകരിക്കാത്തവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തുക, തുടര്‍നടപടി സ്വീകരിക്കുക, വാഹനത്തിന്റെ നമ്പര്‍ എഴുതിയെടുക്കുക ഇത്രയും കാര്യങ്ങള്‍ ചെയ്യണം.

ഹെല്‍മെറ്റ് പരിശോധനക്കായി യാത്രക്കാരനെ തള്ളിയിടാനോ ഓടിച്ചിട്ട് പിടിക്കാനോ ശ്രമിക്കരുത്. മികച്ച പെരുമാറ്റത്തോടെ പോലീസിന്റെ മുഖച്ഛായ മാറ്റണമെന്നും ജില്ല പോലീസ് മേധാവിമാര്‍ പോലീസുകാര്‍ക്ക് നിര്‍ദേശം നല്‍കി. ഡി ജി പിയുടെ സര്‍ക്കുലര്‍ പ്രകാരം പരിശീലന ക്ലാസുകള്‍ തുടരും.

Latest