മുദ്രപത്ര നിരക്ക് കുറച്ചു; നികുതി വെട്ടിപ്പ് തടയാന്‍ സോഫ്റ്റ്‌വെയര്‍

സമ്പൂര്‍ണ ബജറ്റ് പാസാക്കി
Posted on: March 28, 2018 6:11 am | Last updated: March 28, 2018 at 12:15 am

തിരുവനന്തപുരം: കുടുംബാംഗങ്ങള്‍ തമ്മിലെ ഭൂമിയിടപാടുകളില്‍ മുദ്രപത്ര നിരക്ക് കുറച്ചു. ബജറ്റില്‍ പ്രഖ്യാപിച്ചതില്‍ നിന്ന് ലക്ഷത്തിന് 50 രൂപയാണ് കുറച്ചതെന്ന് ധനമന്ത്രി ഡോ. ടി എം തോമസ് ഐസക്ക് പറഞ്ഞു. ധനകാര്യ ബില്ലില്‍ മാറ്റം വരുത്തിയാണ് ഇളവ്. ധനകാര്യബില്‍ സഭ അംഗീകരിച്ചതോടെ അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള സമ്പൂര്‍ണ ബജറ്റ് സഭ പാസാക്കി. 13 വര്‍ഷത്തിന് ശേഷമാണ് വോട്ട് ഓണ്‍ അക്കൗണ്ട് ഇല്ലാതെ സാമ്പത്തിക വര്‍ഷം തുടങ്ങുന്നതിന് മുമ്പ് ബജറ്റ് പാസാക്കുന്നത്.

ഭൂമി ന്യായവില ആറര ലക്ഷം രൂപ വരെയാണെങ്കില്‍ മുദ്രപത്ര നിരക്കായി 1000 രൂപ അടച്ചാല്‍ മതിയാകും. തുടര്‍ന്നുള്ള ഓരോ ലക്ഷത്തിനും 150 രൂപ അധികം നല്‍കണം. 200 രൂപയെന്നാണ് ബജറ്റില്‍ പ്രഖ്യാപിച്ചതെങ്കിലും സബ്ജക്ട് കമ്മിറ്റി നിര്‍ദേശമനുസരിച്ചാണ് തുക 150 ആക്കി കുറച്ചത്. ആറര ലക്ഷം രൂപ വരെ പതിനായിരം രൂപക്ക് 15 രൂപ വെച്ചേ ഈടാക്കൂ. അങ്ങനെയാണെങ്കില്‍ 50ലക്ഷം രൂപ വിലയുള്ള വസ്തു ഭാഗപത്രം ചെയ്യുമ്പോള്‍ 7500 രൂപ വേണ്ടിവരും. ബജറ്റില്‍ പ്രഖ്യാപിച്ച നിരക്കിലായിരുന്നെങ്കില്‍ പതിനായിരം രൂപ വേണ്ടി വരുമായിരുന്നു.

അതേസമയം, സ്റ്റാമ്പ്ഡ്യൂട്ടി വര്‍ധിപ്പിക്കില്ല. കൃഷിഭൂമിക്ക് ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കില്ലെന്ന് മന്ത്രി പറഞ്ഞു. കര്‍ഷകര്‍ക്ക് വേണ്ടി തന്നെയാകും ആ തുക ചെലവഴിക്കുക. സഹകരണ സംഘങ്ങള്‍ക്കും മറ്റുമായി അതിന്റെ വിഹിതം ലഭ്യമാകും. പ്ലാന്റേഷന്‍ നികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ റവന്യൂ, കൃഷി, വനം വകുപ്പുകളുമായി ചര്‍ച്ച ചെയ്ത് തീരുമാനിക്കും. അടക്ക വ്യാപാരികളുടെ വാറ്റ് കുടിശ്ശിക ഇളവ് ചെയ്യുന്നതിനും എഴുതിത്തള്ളുന്നതിനും നിയമ തടസമുണ്ട്. അതിനുള്ള അധികാരം സംസ്ഥാനങ്ങള്‍ക്കില്ല. എന്നാല്‍ സംസ്ഥാനത്തിന് കഴിയുന്ന നിലക്ക് പലിശയും പിഴയും ഒഴിവാക്കി 36 തവണകളായി തിരിച്ചടച്ചാല്‍ മതിയാകും എന്ന വ്യവസ്ഥ ഏര്‍പ്പെടുത്തും. സാധാരണഗതിയില്‍ അടക്ക വ്യാപാരികള്‍ രണ്ട് ശതമാനം നികുതി അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ പുതിയ നിയമപ്രകാരം അന്തര്‍സംസ്ഥന വ്യാപാരം നടത്തുന്നതിനാല്‍ അഞ്ച് ശതമാനം നികുതി അവര്‍ അടക്കേണ്ടിവരും. ഇക്കാര്യത്തില്‍ സര്‍ക്കാറിന് ഒന്നും ചെയ്യാനാകില്ല. അദ്ദേഹം വ്യക്തമാക്കി.

മൂല്യവര്‍ധിത നികുതിയില്‍ (വാറ്റ്) വെട്ടിപ്പ് നടത്തിയവരെ കണ്ടെത്താനായി നികുതി വകുപ്പ് പുതിയ സോഫ്റ്റ്‌വെയര്‍ മോഡ്യൂള്‍ തയ്യാറാക്കിയിട്ടുണ്ട്. ഒരു കോടിയിലേറെ വാര്‍ഷിക വിറ്റുവരവുള്ളവര്‍ക്ക് മേല്‍ മാത്രമെ ഇപ്പോള്‍ നടപടിയുണ്ടാകൂ. സ്വര്‍ണ വ്യാപാരികള്‍ കൂടുതല്‍ നികുതി കുടിശ്ശിക അടക്കേണ്ടി വരും. സര്‍ക്കാര്‍ മാപ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചിട്ടും നികുതി കുടശ്ശിക അടക്കുന്നതില്‍ കാര്യമായ പുരോഗതിയില്ലാത്തതിനാല്‍ നടപടികള്‍ കര്‍ശനമാക്കും.

നികുതി വെട്ടിക്കാനായി പുതുച്ചേരിയില്‍ 2,357 വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. 1,007 പേര്‍ക്ക് നോട്ടിസ് നല്‍കി. 247 പേര്‍ 21 കോടി രൂപ നികുതിയായി അടച്ചിട്ടുണ്ട്. ബാക്കിയുള്ളവര്‍ കൂടി നികുതി അടക്കുന്നതോടെ 200 കോടി രൂപയാണ് സര്‍ക്കാര്‍ വരുമാനമായി പ്രതീക്ഷിക്കുന്നത്. മുദ്രപത്രവില കുറച്ചുകാണിക്കുന്നവര്‍ക്കെതിരെ നോട്ടീസയക്കും. എന്തെങ്കിലും പാളിച്ചയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാല്‍ അക്കാര്യം പരിശോധിക്കാമെന്നും മന്ത്രി തോമസ് ഐസക് പറഞ്ഞു.