മുസ്‌ലിം യുവാവിനെ ചുട്ടുകൊന്നയാളെ ആദരിച്ച് നിശ്ചലദൃശ്യം

Posted on: March 28, 2018 6:06 am | Last updated: March 28, 2018 at 12:08 am

ജയ്പൂര്‍: പശ്ചിമ ബംഗാളില്‍ നിന്നുള്ള മുസ്‌ലിം തൊഴിലാളിയെ രാജസ്ഥാനില്‍ വെച്ച് കൊന്നയാളെ പ്രകീര്‍ത്തിച്ച് രാമ നവമി റാലിയില്‍ നിശ്ചലദൃശ്യം. ജോധ്പൂരിലാണ് റാലി അരങ്ങേറിയത്. കൊലയാളി ശംഭുലാല്‍ റിഗാര്‍ പ്രചോദനമായതിനാലാണ് നിശ്ചലദൃശ്യം ഒരുക്കിയതെന്നാണ് സംഘാടകരുടെ വാദം.

സംഘാടകര്‍ക്കെതിരെ പോലീസ് നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷമാണ് രാജ്യത്തെ നടുക്കിയ കൊലയുണ്ടായത്. രാജ്‌സാമന്ദില്‍ വെച്ച് ശംഭുലാല്‍ എന്നയാള്‍ 45കാരനായ മുഹമ്മദ് അഫ്‌റസുല്‍ എന്ന തൊഴിലാളിയെ കുത്തിക്കൊല്ലുകയും മൃതദേഹം കത്തിക്കുകയും അത് ക്യാമറയില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയുമായിരുന്നു. ഡിസംബര്‍ മുതല്‍ ശംഭുലാല്‍ ജയിലിലാണ്. ലവ് ജിഹാദിന്റെ പേരിലാണ് കൊലപാതകമെന്നായിരുന്നു ശംഭുലാല്‍ പ്രചരിപ്പിച്ചത്. ജോധ്പൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഫെബ്രുവരിയില്‍ രണ്ട് വീഡിയോകള്‍ ശംഭുലാല്‍ പുറത്തുവിട്ടിരുന്നു. ഇത് വലിയ സുരക്ഷാ ലംഘനമായതിനാല്‍ വിവാദമായിരുന്നു.