മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്റെ അപകട മരണം സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ

Posted on: March 28, 2018 6:15 am | Last updated: March 28, 2018 at 12:05 am

ഭോപ്പാല്‍: മധ്യപ്രദേശില്‍ മാധ്യമപ്രവര്‍ത്തകന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്തു. മാധ്യമപ്രവര്‍ത്തകന്റെ കുടുംബവും സഹപ്രവര്‍ത്തകരും പ്രതിപക്ഷമായ കോണ്‍ഗ്രസും സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ചമ്പല്‍ മേഖലയായ ഭിന്ദില്‍ മണല്‍ മാഫിയയും പോലീസും തമ്മിലുള്ള ബന്ധം പുറത്തുകൊണ്ടുവന്ന ന്യൂസ് വേള്‍ഡ് ചാനല്‍ ലേഖകനായ സന്ദീപ് ശര്‍മ (35) ആണ് വാഹനാപകടത്തില്‍ മരിച്ചത്.

ചീഫ് സെക്രട്ടറി ബി പി സിംഗ്, ഡി ജി പി ഋഷി കുമാര്‍ ശുക്ല തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചയിലാണ് സി ബി ഐ അന്വേഷണത്തിന് ശിപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചത്. ലോറിയുടമ ഭാസ്‌കര്‍ ശര്‍മയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെ ചോദ്യം ചെയ്യുകയാണ്. അറ്റകുറ്റപ്പണിക്ക് വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോകും വഴിയാണ് അപകടമെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. സന്ദീപിന്റെ അന്വേഷണാത്മക വാര്‍ത്ത വന്നതിന് ശേഷം ചില പോലീസ് ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുകയാണുണ്ടായത്. എന്നാല്‍ അച്ചടക്ക നടപടിയെടുത്തിരുന്നില്ല. ജീവന് ഭീഷണിയുണ്ടെന്ന് നേരത്തെ സന്ദീപ് പോലീസില്‍ പരാതിപ്പെട്ടിരുന്നു. എന്നാല്‍ പോലീസ് സംരക്ഷണം നല്‍കിയിരുന്നില്ല.

പ്രസ്‌ക്ലബിലേക്ക് മോട്ടോര്‍ സൈക്കിളില്‍ സഞ്ചരിക്കുകയായിരുന്ന സന്ദീപിന് പിന്നാലെയെത്തിയ മണല്‍ ലോറി പെട്ടെന്ന് ഇടതുവശത്തേക്ക് അസാധാരണമാം വിധം വെട്ടിച്ച് ഇടിച്ചിടുകയായിരുന്നു. സന്ദീപ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. തുടര്‍ന്ന് ലോറി ഓടിച്ചുപോയി. വാഹനാപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പിന്നീട് പുറത്തായതിനെ തുടര്‍ന്ന് മനഃപൂര്‍വമുണ്ടാക്കിയതാണെന്ന പരാതി ഉയരുകയായിരുന്നു.