പരീക്ഷാ ചൂട് ഇന്ന് അവസാനിക്കും; ഇനി അവധിക്കാലം

Posted on: March 28, 2018 6:13 am | Last updated: March 27, 2018 at 11:26 pm

കൊല്ലം: സംസ്ഥാനത്ത് നടന്നുവന്ന സ്റ്റേറ്റ് സിലബസടക്കമുള്ള പൊതു പരീക്ഷകള്‍ ഇന്ന് അവസാനിക്കും. കഴിഞ്ഞ ഏഴിന് ആരംഭിച്ച കേരളാ സ്റ്റേറ്റ് സിലബസ് പത്താംക്ലാസ് പൊതുപരീക്ഷ ഇന്ന് നടക്കുന്ന ഇംഗ്ലീഷ് പരീക്ഷ യോടെ അവസാനിക്കും. ഈ മാസം അഞ്ചിന് തുടങ്ങിയ സി ബി എസ് ഇ പത്താം ക്ലാസ് പൊതു പരീക്ഷയുടെ പ്രധാന വിഷയങ്ങളും ഇന്ന് അവസാനിക്കുന്നതോടെ വിദ്യാര്‍ഥികള്‍ വേനലവധിയിലേക്ക് പ്രവേശിക്കും. സി ബി എസ് ഇയുടെ പന്ത്രണ്ടാം ക്ലാസ് പൊതുപരീക്ഷയുടെ പ്രാദേശിക വിഷയങ്ങള്‍ ഒഴിച്ചുള്ള പ്രധാന വിഷയങ്ങളും ഇന്ന് അവസാനിക്കും.

അതേസമയം, കഴിഞ്ഞ 22ന് നടന്ന ഹയര്‍ സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതായ പരാതി പരീക്ഷാ നടത്തിപ്പില്‍ കല്ലുകടിയായി. എന്നാല്‍ ചോദ്യംചോര്‍ന്ന സംഭവം വിദ്യാഭാസ മന്ത്രി നിഷേധിച്ചു. വാട്‌സാപ്പിലൂടെ ചോദ്യപേപ്പറിന്റെ കൈയെഴുത്തു പ്രതിയാണ് പുറത്തായത്. പരീക്ഷ അവസാനിക്കുന്നതോടെ വേനലവധിക്കാലത്തിലേക്ക് വിദ്യാര്‍ഥികള്‍ കടക്കുകയാണ്. വേക്കേഷന്‍ കലാ-കായിക ക്യാമ്പുകള്‍ക്ക് സംസ്ഥാനത്തെ വിവിധ സംഘടനകളുടെയും ക്ലബുകളുടെയും നേതൃത്വത്തില്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചിടുണ്ട്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ നടന്ന മിക്ക സ്‌കൂളുകളുടെ മുന്നിലും സ്വകാര്യ എന്‍ട്രസ് കോച്ചിംഗ് സെന്ററുകളുടെ ക്യാന്‍വാസിംഗ് അംഗങ്ങള്‍ നിലയുറപ്പിച്ചിരുന്നു.

മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ തുടങ്ങിയ മാധ്യമങ്ങളിലാണ് എസ് എസ് എല്‍ സി പരീക്ഷ നടന്നത്. 80 സ്‌കോറുള്ള വിഷയങ്ങള്‍ക്ക് രണ്ടര മണിക്കൂറും 40 സ്‌കോറുള്ള വിഷയങ്ങള്‍ക്ക് ഒന്നര മണിക്കൂറുമായിരുന്നു പരീക്ഷ. ഇതുകൂടാതെ എല്ലാ എഴുത്തു പരീക്ഷക്കും ആരംഭത്തില്‍ 15 മിനുട്ട് സമാശ്വാസ സമയവും അനുവദിച്ചിരുന്നു. ഇത്തവണ സ്‌കൂള്‍ ലീവിംഗ് സര്‍ട്ടിഫിക്കറ്റില്‍ സ്‌കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ. ഗ്രേഡിംഗ് ഒമ്പത് പോയിന്റ് സ്‌കെയിലിലാണ് നടപ്പാക്കുന്നത്.