അഭയ കേസ്: വിചാരണ തുടരാം; ഹരജി തള്ളി

Posted on: March 28, 2018 6:08 am | Last updated: March 27, 2018 at 11:14 pm

കൊച്ചി: സിസ്റ്റര്‍ അഭയ കേസില്‍ വിചാരണ നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി തള്ളി. പ്രതികള്‍ക്ക് മേല്‍ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാല്‍ വിചാരണ നിര്‍ത്തിവെക്കേണ്ട സാഹചര്യമില്ലെന്ന സി ബി ഐ അഭിഭാഷകന്റെ വാദത്തെ തുടര്‍ന്നാണ് നടപടി. പ്രതികളായ ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് ഹൈക്കോടതി തള്ളിയത്. ഇവര്‍ നേരത്തെ സമര്‍പ്പിച്ച വിടുതല്‍ ഹരജി തിരുവനന്തപുരം സി ബി ഐ കോടതി തള്ളിയിരുന്നു.

ആരെയെങ്കിലും അറസ്റ്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് തങ്ങളെ അറസ്റ്റ് ചെയ്തതെന്നും തങ്ങള്‍ക്കെതിരായ മൊഴികള്‍ വിശ്വാസയോഗ്യമല്ലെന്നും ഇവര്‍ ഹരജിയില്‍ ആരോപിച്ചിരുന്നു. ഈ വാദങ്ങളെല്ലാം കോടതി തള്ളി. കേസിലെ മറ്റൊരു പ്രതിയായ ഫാ. ജോസ് പുതൃക്കയിലിനെ പ്രതിപ്പട്ടികയില്‍ നിന്ന് കോടതി നേരത്തെ ഒഴിവാക്കിയിരുന്നു.