കെ എസ് ആര്‍ ടി സി പുനഃപരിശോധനാ ഹരജി നല്‍കും

Posted on: March 28, 2018 6:08 am | Last updated: March 27, 2018 at 11:10 pm
SHARE

KSRTCതിരുവനന്തപുരം: സൂപ്പര്‍ഫാസ്റ്റ് മുതലുള്ള ബസുകളില്‍ നിന്ന് യാത്ര ചെയ്യാന്‍ പാടില്ലെന്ന ഹൈക്കോടതി ഉത്തരവ് കെ എസ് ആര്‍ ടി സിക്ക് വലിയ ആഘാതമാകും. പ്രതിദിന നഷ്ടം കുത്തനെ ഉയരാന്‍ വിധി വഴിവെക്കുമെന്നതിനാല്‍ ഇത് മറികടക്കാനുള്ള പഴുതുകള്‍ തേടുകയാണ് കോര്‍പറേഷന്‍. ഹൈക്കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹരജി നല്‍കുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ വ്യക്തമാക്കി. മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തി വിധി മറികടക്കണമെന്നാണ് കെ എസ് ആര്‍ ടി സിയുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് മാനേജിംഗ് ഡയറക്ടര്‍ എ ഹേമചന്ദ്രന്‍ സര്‍ക്കാറിന് കത്ത് നല്‍കി. സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളിലാണ് നിന്ന് യാത്ര ചെയ്യുന്നത് ഹൈക്കോടതി വിലക്കിയത്.

83 ലക്ഷം രൂപയാണ് സൂപ്പര്‍ ഫാസ്റ്റ് ബസുകളില്‍ നിന്ന് മാത്രമുള്ള പ്രതിദിന വരുമാനം. വിലക്ക് നിലവില്‍ വന്നാല്‍ കെ എസ് ആര്‍ ടി സിക്ക് പ്രതിദിനം 40 ലക്ഷം രൂപയുടെ നഷ്ടമാകും ഉണ്ടാകുക. അതിനാല്‍, ഹൈക്കോടതി വിധി കെ എസ് ആര്‍ ടി സിക്ക് വന്‍തിരിച്ചടിയാകും. വരുമാനം കുത്തനെ കുറയുന്നതോടെ നഷ്ടത്തില്‍ നിന്ന് കരകയറാനുള്ള നടപടികളും വിഫലമാവും. കെ എസ് ആര്‍ ടി സിയുടെ 418 സൂപ്പര്‍ ഫാസ്റ്റ് ബസുകളാണ് ദിവസവും സര്‍വീസ് നടത്തുന്നത്. ഒരു ബസില്‍ നിന്നുള്ള പ്രതിദിന വരുമാനം 18,000 രൂപ മുതല്‍ 20,000 രൂപ വരെയാണ്. ശരാശരി 25,000 രൂപ വരുമാനമുള്ള ഈ ബസുകളാണ് കെ എസ് ആര്‍ ടി സിയുടെ നട്ടെല്ല്. ഇതില്‍ നിന്നുള്ള യാത്ര വിലക്കുന്നതോടെ വരുമാനം പകുതിയായി കുറയും.
കെ എസ് ആര്‍ ടി സി 141 സൂപ്പര്‍ ഡീലക്‌സ് ബസുകളും 52 എക്‌സ്പ്രസ് ബസുകളും അഞ്ച് മിന്നല്‍ എക്‌സ്പ്രസ് ബസുകളും 27 സ്‌കാനിയയും 12 ഗരുഡ ബസുകളുമാണ് സര്‍വീസ് നടത്തുന്നത്. ഇതില്‍ സൂപ്പര്‍ഫാസ്റ്റ് സര്‍വീസുകള്‍ ആരംഭിച്ചത് 1995ലാണ്. തിരുവനന്തപുരത്ത് നിന്ന് തൃശൂരിലേക്ക്. അന്ന് എട്ട് സ്റ്റോപ്പുകളായിരുന്നെങ്കില്‍ ഇന്ന് 110 സ്റ്റോപ്പുകളുണ്ട്.

അതേസമയം, ഉയര്‍ന്ന ക്ലാസ് ബസുകളില്‍ ആളുകളെ നിര്‍ത്തി യാത്ര ചെയ്യിക്കരുതെന്ന് ഗതാഗത നിയമത്തില്‍ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തില്‍ വിധി ചോദ്യം ചെയ്യാന്‍ പരിമിതിയുണ്ട്. നിയമത്തില്‍ സംസ്ഥാന സര്‍ക്കാറിന് ഇളവ് അനുവദിക്കാമെന്നതാണ് കെ എസ് ആര്‍ ടി സിയുടെ പ്രതീക്ഷ. അതുകൊണ്ടാണ് ചട്ടങ്ങളില്‍ ഭേദഗതി ആവശ്യപ്പെടുന്നത്.

അതേസമയം, വിധിയില്‍ യാത്രക്കാര്‍ക്ക് സമ്മിശ്ര പ്രതികരണമാണ്. സ്വകാര്യബസ് ലോബിയെ സഹായിക്കാനാണ് ചിലര്‍ കോടതിയില്‍ നിന്ന് വിധി സമ്പാദിച്ചതെന്നും ആക്ഷേപമുണ്ട്.