Connect with us

Gulf

ഷാര്‍ജ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്‍ അടുത്ത മാസം 18 മുതല്‍

Published

|

Last Updated

ഷാര്‍ജ: പത്താമത് ഷാര്‍ജാ ചില്‍ഡ്രന്‍സ് റീഡിങ് ഫെസ്റ്റിവല്ലിന് അടുത്ത മാസം 18ന് തുടക്കമാകും.
കുട്ടികളുടെ ഭാവനാവിലാസത്തിന് ചിറകുകള്‍ നല്‍കി അക്ഷരങ്ങളിലൂടെ അവയെ കരുത്താര്‍ജിപ്പിക്കുന്നതിനാണ് ഫെസ്റ്റിവല്‍ ഒരുക്കിയിട്ടുള്ളതെന്ന് അധികൃതര്‍ പറഞ്ഞു. 11 ദിവസം നീളുന്ന സാംസ്‌കാരിക പരിപാടികളോടൊപ്പം അന്താരാഷ്ട്ര, പ്രാദേശിക പ്രസാധകരുടെ നിറ സാന്നിധ്യം ഉണ്ടാകും. കുട്ടികള്‍ക്കെന്ന പോലെ മുതിര്‍ന്നവര്‍ക്കും പ്രത്യേകമായ പുസ്തകങ്ങളുടെ നിര തന്നെയാകും ഒരുക്കുക. ഏപ്രില്‍ 28 വരെ നീണ്ടു നില്‍ക്കുന്ന മേള ഷാര്‍ജ എക്‌സ്‌പോ സെന്ററിലാണ് നടക്കുക. ലോകോത്തരമായ സാംസ്‌കാരിക വേദികള്‍, കലാപ്രകടനങ്ങള്‍, വിദ്യാഭ്യാസ പ്രവര്‍ത്തന പരിപാടികള്‍, കായിക പ്രാധാന്യമുള്ള പരിപാടികള്‍ എന്നിവ കുട്ടികള്‍ക്കായി പ്രത്യേകം ഒരുക്കിയിട്ടുണ്ട്. ഫെസ്റ്റിവലില്‍ വര്‍ധിച്ചു വരുന്ന സാംസ്‌കാരിക പരിപാടികളുടെ പ്രാമുഖ്യം സന്ദര്‍ശകരുടെ വരവിനെയും സ്വാധീനിച്ചിട്ടുണ്ടെന്ന് ഷാര്‍ജ ബുക്ക് അതോറിറ്റി ചെയര്‍മാന്‍ അഹ്മദ് അല്‍ ആമിരി പറഞ്ഞു.

അന്താരാഷ്ട്ര തലത്തില്‍ പ്രമുഖരായ പ്രസാധകരും എഴുത്തുകാരും എത്തുന്ന ഫെസ്റ്റിവല്ലില്‍ വിനോദത്തോടൊപ്പം വിദ്യഭ്യാസ അധിഷ്ഠിതമായ പരിപാടികള്‍ കൊണ്ടും കുരുന്നുകളെ ആകര്‍ഷിക്കും.

എഴുത്തുകാര്‍ തങ്ങളുടെ രചനകളെ കുരുന്നുകള്‍ക്ക് മുന്നില്‍ സര്‍ഗാത്മകമായി വായിച്ചവതരിപ്പിക്കുന്ന വേദിയും ഇതോടൊപ്പം ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ പരിപാടികള്‍ക്കൊപ്പം അത്യാധുനിക സാങ്കേതിക വിദ്യയെ സമന്വയിപ്പിച്ചുള്ള പ്രത്യേക കാഴ്ചാധിഷ്ഠിത രചനാവതരണ പരിപാടികളും ഫെസ്റ്റിവലിന്റെ ഭാഗമായൊരുക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Latest