കാലിഗ്രഫി ബിനാലെ ഏപ്രില്‍ രണ്ടു മുതല്‍

Posted on: March 27, 2018 10:27 pm | Last updated: March 27, 2018 at 10:27 pm
ഷാര്‍ജ കാലിഗ്രഫി ബിനാലെയെക്കുറിച്ച് അധികൃതര്‍ വിശദീകരിക്കുന്നു

ഷാര്‍ജ: എട്ടാമത് ഷാര്‍ജ കാലിഗ്രഫി ബിനാലെ ഏപ്രില്‍ രണ്ട് മുതല്‍ ജൂണ്‍ രണ്ടു വരെ നടക്കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് പരിപാടി.

സാരാംശം എന്ന പ്രമേയത്തിലുള്ള ബിനാലെ കാലിഗ്രഫി സ്‌ക്വയര്‍, ഷാര്‍ജ ആര്‍ട്ട് മ്യൂസിയം, കാലിഗ്രാഫേഴ്‌സ് സ്റ്റുഡിയോ, എമിറേറ്റ്‌സ് സൊസൈറ്റി ഫോര്‍ അറബിക് കാലിഗ്രഫി ആന്‍ഡ് ഇസ്ലാമിക് ഓര്‍ണമെന്റേഷന്‍, അല്‍ഖാസിമിയ യൂനിവേഴ്‌സിറ്റി, ദാര്‍ അല്‍ നദ്‌വ എന്നിവിടങ്ങളിലായാണ് നടക്കുക. മൂന്നു മാസം നീണ്ടുനില്‍ക്കുന്ന ബിനാലെയുടെ ഭാഗമായി 32 പ്രദര്‍ശനങ്ങളും ഒരുക്കിയിട്ടുണ്ട്.

ഷാര്‍ജ സാംസ്‌കാരിക വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ബിനാലെയില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള 227 കാലിഗ്രഫി വിദഗ്ധര്‍ പങ്കെടുക്കുമെന്ന് സാംസ്‌കാരിക വിഭാഗം ഡയറക്ടര്‍ മുഹമ്മദ് ഇബ്രാഹിം അല്‍ ഖസീര്‍ പറഞ്ഞു. സഊദി അറേബ്യ, ലബനന്‍, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രമുഖരുടെ സാന്നിധ്യവുമുണ്ടാകും.

ഷാര്‍ജ സാംസ്‌കാരിക കലണ്ടറിലെ പ്രധാന പരിപാടികളിലൊന്നാണ് കാലിഗ്രഫി ബിനാലെ. യുഎഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്റെ നാമത്തില്‍ പ്രത്യേക പരിപാടികളുമുണ്ടാകും. ഉദ്ഘാടനം ഏപ്രില്‍ രണ്ടിന് വൈകിട്ട് ഏഴിന് ഹാര്‍ട് ഓഫ് ഷാര്‍ജയില്‍ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

കാലിഗ്രഫി പ്രദര്‍ശനത്തിന് പുറമെ 34 സെമിനാര്‍, 136 ശില്‍പശാല, 19 സിനിമാ പ്രദര്‍ശനം എന്നിവ അടക്കം ഇരുനൂറ് പരിപാടികളാണ് മൂന്നു മാസം നീളുന്ന ബിനാലെയുടെ ഭാഗമായി ഒരുക്കിയിരിക്കുന്നത്.

ജിസിസി രാജ്യങ്ങള്‍ക്ക് പുറമെ അമേരിക്ക, ജര്‍മനി, ജപ്പാന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ സാന്നിധ്യവും ബിനാലെക്ക് മുതല്‍കൂട്ടാകും.
ഇതോടനുബന്ധിച്ച് സിറിയയില്‍നിന്നുള്ള പ്രശസ്ത കാലിഗ്രഫി കലാകാരന്‍ ഉസ്മാന്‍ താഹ, തുര്‍ക്കിയിലെ പ്രൊഫസര്‍ മുസ്തഫ അഗൂര്‍ ദര്‍മന്‍, ബ്രിട്ടീഷ് മ്യൂസിയത്തിലെ ഇസ്ലാമിക് കളക്ഷന്‍സ് വിഭാഗം ക്യുറേറ്റര്‍ ഡോക്ടര്‍ ഫൊനിഷ്യ പോര്‍ട്ടര്‍ എന്നിവരെ ആദരിക്കും.

ബിനാലെയില്‍ പങ്കെടുക്കുന്ന കലാകാരന്മാരുമായി ആശയവിനിമയത്തിനും ജനങ്ങള്‍ക്ക് അവസരം ഒരുക്കും. മികച്ച കലാകാരന്മാരെ ആദരിക്കുകയും ചെയ്യും. വാര്‍ത്താസമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് കോ ഓര്‍ഡിനേറ്റര്‍ ആയിഷ സാദ്, കണ്ടംപററി ആര്‍ട്ട് കോ ഓര്‍ഡിനേറ്റര്‍ നൂറ ബൊ ഗയ്ഷ്, എക്‌സിബിഷന്‍ കോ ഓര്‍ഡിനേറ്റര്‍ അംന അല്‍വാന്‍ എന്നിവരും പങ്കെടുത്തു.