അടിവസ്ത്രം മാത്രമുപയോഗിച്ച് നീന്തിയതിന് 256 പേര്‍ പിടിയില്‍

Posted on: March 27, 2018 10:22 pm | Last updated: March 27, 2018 at 10:22 pm
ജുമൈറ ബീച്ചിലെ പോലീസ് പട്രോളിംഗ്

ബീച്ചില്‍ സ്ത്രീകളുടെ ഫോട്ടോയെടുത്തവര്‍ക്ക് പണി കിട്ടി
ദുബൈ: ബീച്ചുകളില്‍ സ്ത്രീകളുടെ ചിത്രം പകര്‍ത്തിയവരും നീന്താനെത്തുന്നവരെ ശല്യം ചെയ്യുന്നവരും പോലീസിന്റെ പിടിയില്‍. കഴിഞ്ഞ വര്‍ഷം 1,725 പേരെയാണ് ദുബൈ പോലീസ് പിടികൂടിയത്. ഇതില്‍ സ്ത്രീകളുടെ സമ്മതമില്ലാതെ അവരുടെ ഫോട്ടോയെടുത്തതിന് പിടിയിലായവര്‍ 289 പേരാണ്. ബീച്ചുകളില്‍ ഉല്ലാസത്തിനെത്തിയവരെ ശല്യം ചെയ്തതിന് 743 പേരും പിടിയിലായി. അടിവസ്ത്രം മാത്രം ഉപയോഗിച്ച് നീന്തിയതിന് 256 പേരെയും പിടികൂടിയതായി പോര്‍ട് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ബന്നായി പറഞ്ഞു.

ദുബൈ തീരങ്ങളിലെത്തുന്ന വിനോദസഞ്ചാരികള്‍ക്കും കടലില്‍ നീന്താനെത്തുന്നവര്‍ക്കും സുരക്ഷിതത്വമൊരുക്കല്‍ തങ്ങളുടെ കടമയാണെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ ഖാദര്‍ അല്‍ ബന്നായി വ്യക്തമാക്കി. ജലഗതാഗത സ്റ്റേഷനുകള്‍, പൊതുബീച്ചുകളായ ജുമൈറ ഓപ്പണ്‍ ബീച്ച്, ഉമ്മു സുഖീം ബീച്ച്, മംസാര്‍ ബീച്ച് പാര്‍ക്ക് എന്നിവിടങ്ങളിലെല്ലാം പോര്‍ട് പോലീസ് പരിശോധന നടത്തുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം ദുബൈയിലെ ബീച്ചുകളില്‍ 14 പേര്‍ മരിക്കുകയും നാല് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. 2016ല്‍ 29 പേരാണ് മരിച്ചത്. ആറ് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സുരക്ഷ വര്‍ധിപ്പിച്ചതും ബോധവത്കരണ സന്ദേശങ്ങള്‍ പൊതുജനങ്ങളിലേക്കെത്തിച്ചതും മുങ്ങിമരണങ്ങള്‍ കുറക്കാനായതായി ബ്രിഗേഡിയര്‍ അല്‍ ബന്നായി വ്യക്തമാക്കി. ലൈഫ് ഗാര്‍ഡുകളുടെ പ്രവര്‍ത്തനവും അപകടങ്ങള്‍ കുറക്കാന്‍ സാധിച്ചിട്ടുണ്ട്. അപകട സമയത്ത് സമയോചിതമായി ഇടപെടാന്‍ 15 ലൈഫ് ഗാര്‍ഡ് ടവറുകളാണുള്ളത്.

സൂര്യാസ്തമയത്തിന് ശേഷം കടലില്‍ കുളിക്കാനിറങ്ങുന്നവര്‍ക്ക് ശക്തമായ മുന്നറിയിപ്പാണ് ദുബൈ പോലീസ് നല്‍കുന്നത്. ദുബൈ നഗരസഭക്ക് കീഴിലുള്ള ലൈഫ് ഗാര്‍ഡുകളുടെ സേവനം സുര്യോദയം മുതല്‍ സുര്യാസ്തമയം വരെ മാത്രമാണ്.

ബീച്ച് സന്ദര്‍ശകരുടെ സാധനങ്ങള്‍ മോഷണം പോവുന്നതും കുറക്കാന്‍ പോലീസ് പരിശോധനകൊണ്ട് സാധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളേക്കാള്‍ കളവ് 50 ശതമാനം കുറക്കാനായി. പണവും വിലപിടിപ്പുള്ള സാധനങ്ങളും തീരത്ത് വെച്ച് കടലില്‍ കുളിക്കാനിറങ്ങരുതെന്ന് പോര്‍ട് പോലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ പൊതുജനങ്ങളെ ഉണര്‍ത്തി. 2016ല്‍ ബീച്ചുകളില്‍ 60 മോഷണക്കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ കഴിഞ്ഞ വര്‍ഷം 30 പരാതികളാണ് ലഭിച്ചത്.

ജെറ്റ്‌സ്‌കീ ഉപയോഗിച്ച് നിയമലംഘനം നടത്തിയതിന് കഴിഞ്ഞ വര്‍ഷം 303 കേസുകളെത്തിട്ടുണ്ട്. നിരോധിത സ്ഥലങ്ങളില്‍ ജെറ്റ്‌സ്‌കീ ഉപയോഗിക്കുക, ബീച്ചിലെത്തിയവരെ ശല്യം ചെയ്യുക, ലൈഫ് ജാക്കറ്റ് ധരിക്കാതിരിക്കുക, ലൈസന്‍സ് പുതുക്കാതിരിക്കുക, അമിതവേഗതയില്‍ ഓടിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് കേസെടുത്തത്.