യു എ ഇ തൊഴില്‍ വിസ: ‘സ്വഭാവ സര്‍ട്ടിഫിക്കറ്റ് വേണ്ടതില്ലെന്ന പ്രചാരണത്തില്‍ ആശയക്കുഴപ്പം’

Posted on: March 27, 2018 10:03 pm | Last updated: March 28, 2018 at 12:57 pm

ദുബൈ: യു എ ഇയില്‍ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ വിസക്ക് അപേക്ഷിക്കുമ്പോള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതില്ലെന്ന വാര്‍ത്തകളില്‍ ആശയക്കുഴപ്പം. ഇന്ത്യ അടക്കം ഒന്‍പത് രാജ്യങ്ങളിലുള്ളവര്‍ക്ക് യു എ ഇ തൊഴില്‍ വിസക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഇളവ് അനുവദിച്ചു എന്നാണ് ഇന്നലെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം ഉണ്ടായത്.

ഇത്തരമൊരു ഇളവ് ഇന്നലെ ലഭ്യമായിട്ടുണ്ടെന്നു തസ്ഹീല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. തൊഴില്‍ വിസക്ക് അപേക്ഷ സമര്‍പിക്കുമ്പോള്‍ പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നിടത്ത് ഇന്നലെ അത് ആവശ്യപ്പെട്ടിരുന്നില്ല.

എന്നാല്‍ ഇതുസംബന്ധമായ ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല. മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിയില്‍ മാറ്റം വരുത്തിയില്ലെന്നും പി സി സി സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ് എന്ന മറുപടിയാണ് ലഭിച്ചത്. സാങ്കേതിക തകരാറാണ് ഇങ്ങനെയൊരു ആശയക്കുഴപ്പത്തിന് കാരണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതാവാം സ്വഭാവ സര്‍ട്ടിഫിക്കറ്റ് അനിവാര്യമല്ലെന്ന നിഗമനത്തിലെത്തിച്ചേരാന്‍ ആളുകളെ പ്രേരിപ്പിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.