ഗൂഗ്ള്‍ സ്ട്രീറ്റ് വ്യൂവിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു

Posted on: March 27, 2018 9:57 pm | Last updated: March 28, 2018 at 9:35 am
SHARE

ന്യൂഡല്‍ഹി: ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് കേന്ദ്ര സര്‍ക്കാര്‍ ഇന്ത്യയില്‍ അനുമതി നിഷേധിച്ചു. പദ്ധതിക്ക് അനുമതി നിഷേധിച്ച വിവരം ആഭ്യന്തര മന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. 2015ലാണ് പദ്ധതിക്ക് അനുമതിക്കായി ഗൂഗ്ള്‍ കേന്ദ്രസര്‍ക്കാറിനെ സമീപിച്ചത്. എന്നാല്‍ പുതിയ സംവിധാനത്തിന് അനുമതി നല്‍കാനാവില്ലെന്ന് കേന്ദ്രമന്ത്രി ഹന്‍സരാജ് ഗംഗാരം അഹിര്‍ ഗൂഗ്‌ളിനെ അറിയിക്കുകയായിരുന്നു.

360 ഡിഗ്രി പനോരമിക് വ്യൂവില്‍ നഗരങ്ങളിലെ തെരുവുകളുള്‍പ്പടെ കാണുന്നതിനുള്ള സംവിധാനമാണ് സ്ട്രീറ്റ് വ്യൂ ആപില്‍ ഗൂഗ്ള്‍ ഒരുക്കുന്നത്. യു എസിലും കാനഡയിലും പല യൂറോപ്യന്‍ രാജ്യങ്ങളിലും ഉപയോഗത്തിലുള്ള ‘ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ’ ആപ്പിന് മുന്‍പ് ചില ഇന്ത്യന്‍ സ്ഥലങ്ങളില്‍ അനുമതിയുണ്ടായിരുന്നു. താജ് മഹല്‍, റെഡ് ഫോര്‍ട്ട്, കുത്തബ് മിനാര്‍, വാരണാസി പുഴ, നളന്ദാ സര്‍വകലാശാല, മൈസൂര്‍ പാലസ്, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്ന സ്വാമി സ്‌റ്റേഡിയം എന്നിവിടങ്ങളില്‍ ആര്‍ക്കിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുമായി സഹകരിച്ച് ‘ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ’ ആപ്പ് പ്രവര്‍ത്തിച്ചിരുന്നു.

ഗൂഗിള്‍ മാപ്‌സിന്റെ ഭാഗമായ ഒരു പദ്ധതിയാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ. ഈ സംവിധാനം മൂലം പാതയുടെ ചുറ്റുപാടും 360 ഡിഗ്രിയിലുള്ള ദൃശ്യങ്ങള്‍ കമ്പ്യൂട്ടര്‍ സഹായത്താല്‍ ഗൂഗിള്‍ മാപ്‌സിലൂടെ കാണുവാന്‍ സാധിക്കും. 2007ല്‍ അമേരിക്കയിലാണ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂവിന് തുടക്കമിട്ടത്. 27 രാജ്യങ്ങളില്‍ ചിത്രീകരണം നടത്തിയശേഷം ഇന്ത്യയില്‍ ബാംഗ്ലൂരിലാണ് ആദ്യമായി ചിത്രീകരണം ആരംഭിച്ചത്. 360 ഡിഗ്രിയില്‍ ചിത്രം എടുക്കുവാന്‍ സാധിക്കുന്ന പനോരമിക് ക്യാമറ കാറിലും മുച്ചക്ര വാഹനങ്ങളിലും ഘടിപ്പിച്ചാണ് ചിത്രീകരണം നടത്തിയിരുന്നത്. ആര്‍ക്കിയോളജി വകുപ്പുമായി ചേര്‍ന്ന് താജ്മഹല്‍, ചുവപ്പ് കോട്ട, കുത്തബ്മിനാര്‍, വാരണാസി, നളന്ദ യൂനിവേഴ്‌സിറ്റി, മൈസൂര്‍ കൊട്ടാരം, തഞ്ചാവൂര്‍ ക്ഷേത്രം, ചിന്നസ്വാമി സ്‌റ്റേഡിയം എന്നിവടങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഗൂഗ്ള്‍ സ്ട്രീറ്റ് വ്യു ആരംഭിച്ചിരുന്നു.