നാക്കുപിഴ: രാജ്യത്ത ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ ‘യെഡിയൂരപ്പയുടേതെന്ന്’ അമിത് ഷാ

Posted on: March 27, 2018 7:20 pm | Last updated: March 27, 2018 at 8:39 pm
SHARE

ബെഗളൂരു: സിദ്ധരാമയ്യയുടെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ ആഞ്ഞടിക്കുന്നതിനിടെ ആവേശം മൂത്തപ്പോള്‍ അമിത്ഷാക്ക് നാക്കുപിഴ. സംഭവിച്ചതോ രാജ്യത്തെ ഏറ്റവും അഴിമതി നടത്തുന്ന സര്‍ക്കാര്‍ യഡിയൂരപ്പ സര്‍ക്കാരായിരിക്കും എന്നായിപ്പോയി. മാധ്യമങ്ങള്‍ക്കു മുന്നില്‍ കര്‍ണാടകയിലെ അഴിമതിയെക്കുറിച്ചു വാചാലനാകുന്നതിനിടെയാണ് നാക്കുപിഴമൂലം ബി ജെ പി ദേശീയ അധ്യക്ഷന്‍ പുലിവാലു പിടിച്ചത്.

രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാര്‍ സിദ്ധരാമയ്യയുടേതാണെന്നാണ് പറയാന്‍ ഉദ്ദേശിച്ചതെങ്കിലും അമിത്ഷാ പറഞ്ഞത് യഡിയൂരപ്പ സര്‍ക്കാര്‍ ആണെന്നായിപ്പോയി. ഉടനെ സമീപത്തിരുന്നയാള്‍ തിരുത്തിയെങ്കിലും സംഭവത്തിന്റെ വിഡിയോ നിമിഷങ്ങള്‍ക്കകം സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബിജെപിക്കെതിരെ ആഞ്ഞടിക്കാന്‍ കിട്ടിയ അവസരമെന്ന നിലയില്‍ കോണ്‍ഗ്രസുകാര്‍ ഈ വിഡിയോ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു.

അമിത് ഷായുടെ അമളിയിങ്ങനെ:
‘സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച ഒരു ജഡ്ജി അടുത്തിടെ ഇങ്ങനെ പറഞ്ഞു. രാജ്യത്തെ ഏറ്റവും അഴിമതി നിറഞ്ഞ സര്‍ക്കാരാരെന്ന് മല്‍സരം നടത്തിയാല്‍ ഒന്നാം സ്ഥാനത്ത് യെഡിയൂരപ്പ സര്‍ക്കാരായിരിക്കും…’. അമിത് ഷായുടെ പരാമര്‍ശത്തിലെ പന്തികേടു മനസ്സിലായ മറ്റൊരു നേതാവ് ഉടന്‍തന്നെ അദ്ദേഹത്തെ തിരുത്തുകയായിരുന്നു.

കോണ്‍ഗ്രസ് ഡിജിറ്റല്‍ കമ്മ്യൂണിക്കേഷന്‍ ഹെഡ് ദിവ്യ സ്പന്ദന ഉള്‍പ്പെടെയുള്ളവര്‍ അമിത് ഷായുടെ നാക്കുപിഴ ട്വീറ്റ് ചെയ്ത് ആഘോഷിക്കുകയാണ്. അമിത് ഷായ്ക്കു തെറ്റുപറ്റിയതല്ലെന്നും അദ്ദേഹം പറഞ്ഞതാണു ശരിയെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രതികരിച്ചു.