അന്തര്‍ സംസ്ഥാന ചരക്ക് നീക്കം ഏപ്രില്‍ ഒന്ന് മുതല്‍ ഇ വേബില്‍

Posted on: March 27, 2018 7:09 pm | Last updated: March 27, 2018 at 8:07 pm

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിന് രാജ്യവ്യാപകമായി അടുത്തമാസം ഒന്ന് മുതല്‍ ഇ-വേബില്‍ നിലവില്‍ വരും. മുമ്പ് സാങ്കേതിക കാരണങ്ങളാല്‍ താല്‍കാലികമായി നിര്‍ത്തിവെച്ച സംവിധാനം തകരാറുകള്‍ പരിഹരിച്ചാണ് അടുത്തമാസം മുതല്‍ രാജ്യത്താകെ നിലവില്‍ വരുന്നത്.

നിലയില്‍ 50,000 രൂപയില്‍ അധികമുള്ള അന്തര്‍ സംസ്ഥാന ചരക്ക് നീക്കത്തിനാണ് ഇ-വേബില്‍ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ 50000 രൂപയില്‍ കുറവ് മൂല്യമുള്ള ഒന്നിലധികം ചരക്കുകള്‍ ഒരു വാഹനത്തില്‍ കൊണ്ടുപോകുമ്പോള്‍ മൂല്യം 50000 രൂപയില്‍ കൂടുതല്‍ ആയാലും ഇ-വേബില്‍ എടുക്കേണ്ട സാഹചര്യം താല്‍കാലികമായി ഒഴിവാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് പിന്നീട് പുറപ്പെടുവിക്കും. മൂല്യം കണക്കാക്കുമ്പോള്‍ നികുതി ഒഴിവുള്ള ചരക്കുകളുടെ മൂല്യം കണക്കാക്കേണ്ടതില്ല.

പൊതു ഗതാഗത സംവിധാനം വഴിയുള്ള ചരക്ക് നീക്കത്തിനും ഇ-വേബില്‍ ആവശ്യമാണെങ്കിലും റെയില്‍വേ വഴി ചരക്ക് നീക്കം തുടങ്ങുന്നതിന് ഇത് ആവശ്യമില്ല. എന്നാല്‍ സ്റ്റേഷനില്‍നിന്ന് ചരക്ക് വിട്ടുകിട്ടാന്‍ ഇ-വേബില്‍ ഹാജരാക്കണം. ചരക്ക് വില്‍ക്കുന്ന ആളിനാണ് സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്താനുള്ള ഉത്തരവാദിത്തം. എന്നാല്‍ വില്‍ക്കുന്ന ആള്‍ ഇ-വേബില്‍ എടുക്കുന്നില്ലെങ്കില്‍ വാങ്ങുന്ന ആളിനോ ട്രാന്‍സ്‌പോര്‍ട്ടര്‍ക്കോ എടുക്കാവുന്നതാണ്. ആരെടുത്താലും മൂന്ന് കൂട്ടരുടെയും രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പരില്‍ സന്ദേശം ലഭിക്കും.

ഇ-വേബില്‍ സംവിധാനത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയതിന്‌ശേഷം ഡിക്ലറേഷനില്‍ തെറ്റുകള്‍ കണ്ടെത്തുകയോ ചരക്ക് നീക്കം നടക്കാതെ വരികയോ ചെയ്താല്‍ 72 മണിക്കൂറിനുള്ളിലോ, ഇ-വേബില്ലിന്റെ കാലാവധിയോ ഏതാണോ ആദ്യം വരുന്നത് അതിനുള്ളില്‍ ചരക്ക് സ്വീകരിക്കുന്ന ആളിന് ഇ-വേബില്‍ തിരസ്‌കരിക്കം. റെയില്‍വേ, ജലഗതാഗതം വഴിയുള്ള ചരക്ക് നീക്കത്തിന് ചരക്ക് നീക്കം തുടങ്ങിയശേഷവും ഇ-വേബില്‍ ജനറേറ്റ് ചെയ്യാമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് അറിയിച്ചു.