ആംബുലന്‍സ് ഡ്രൈവര്‍ക്ക് വീഴ്ച; അന്വേഷണം ഊര്‍ജിതം

പരുക്കേറ്റയാളെ സ്ട്രക്ചറില്‍ തലകീഴായി കിടത്തിയ സംഭവം: മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Posted on: March 27, 2018 6:25 am | Last updated: March 27, 2018 at 12:41 am

മുളങ്കുന്നത്തുകാവ്: അപകടത്തില്‍ പരുക്കേറ്റ അജ്ഞാതനെ സ്ട്രക്ചറില്‍ തലകീഴായി കിടത്തി ആംബുലന്‍സില്‍ നിന്നും ഇറക്കിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി. ചികിത്സയിലിരിക്കെ ഇയാള്‍ മരണപ്പെട്ടിരുന്നു. സംഭവത്തില്‍ തൃശൂര്‍ മെഡിക്കല്‍ കോളജ് ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന മുഴുവന്‍ ജീവനക്കാരും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിനും ആശുപത്രി സൂപ്രണ്ടിനും മൊഴി നല്‍കി. മന്ത്രി മാരായ കെ കെ ശൈലജ, എ സി മൊയ്തീന്‍ എന്നിവരുടെ നിര്‍ദേശ പ്രകാരമാണ് ജീവനക്കാരില്‍ നിന്നും വിശദ വിവരങ്ങള്‍ ശേഖരിച്ചത്.

ആംബുലന്‍സ് ഡ്രൈവര്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. അതിനിടെ, സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ആശുപത്രി, ആംബുലന്‍സ് ജീവനക്കാരുടെ ഭാഗത്ത് വീഴ്ച വന്നിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്ന് കമ്മീഷന്‍ അംഗം കെ മോഹന്‍ കുമാര്‍ തൃശൂര്‍ ജില്ലാ പോലീസ് മേധാവിക്കും തൃശൂര്‍ മെഡികോളജ് സൂപ്രണ്ടിനും നിര്‍ദേശം നല്‍കി. മൂന്നാഴ്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ഹാജരാക്കണം. കേസ് മെയ് ഒമ്പതിന് പരിഗണിക്കും. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. പാലക്കാട് തച്ചുനാട്ടുക്കര പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ഇക്കഴിഞ്ഞ 20ന് ബൈക്കിടിച്ച് പരുക്കേറ്റ 48 വയസു തോന്നിക്കുന്നയാളെയാണ് 23ന് തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ എത്തിച്ചത്.

പാലക്കാട് ആശുപത്രിയില്‍ നിന്നു കൊണ്ടുവന്ന ഇയാളെ ആംബുലന്‍സ് ഡ്രൈവര്‍ തലകീഴായി സ്‌ട്രെക്ച്ചറില്‍ ഇറക്കിക്കിടത്തുകയായിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെയാണ് മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത്. ആംബുലന്‍സ് ഡ്രൈവര്‍ മന:പൂര്‍വമല്ലാത്ത വീഴ്ച വരുത്തിയതായാണ് സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട്. അതേസമയം ആശുപത്രി ജീവനക്കാര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ആംബുലന്‍സ് ഡ്രൈവര്‍ പാലക്കാട് സ്വദേശി ആണ്ടിമഠം വീട്ടില്‍ ഷഫീക്കിനെതിരെ മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ഇയാളെ അറസ്റ്റ് ചെയ്യാനായിട്ടില്ല. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടുമില്ല. മരണത്തിന് കാരണം തലക്കേറ്റ പരുക്കാണെന്നാണ് പ്രാഥമിക നിഗമനം.

പോസ്റ്റുമോര്‍ട്ടം ഇന്ന് നടത്തും. ഇതിനു ശേഷമേ മരണകാരണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുകയുള്ളൂ. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ആവശ്യമായി വന്നാല്‍ ഒരാഴ്ച കൂടി മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കും.