വ്യാജ വാര്‍ത്തക്ക് പത്ത് വര്‍ഷം തടവ്; വിവാദ ബില്‍ മലേഷ്യന്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത്

Posted on: March 27, 2018 6:10 am | Last updated: March 27, 2018 at 12:14 am
SHARE

ക്വലാലംപൂര്‍: വ്യാജ ന്യൂസുകള്‍ പ്രസിദ്ധീകരിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ചേക്കാവുന്ന ബില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് പാര്‍ലിമെന്റില്‍ അവതരിപ്പിച്ചു. കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട വിവാദം കത്തിനില്‍ക്കുന്നതിനിടെ മീഡിയക്കെതിരെയുള്ള മലേഷ്യന്‍ സര്‍ക്കാര്‍ നടപടിയുടെ ഭാഗമായാണ് പുതിയ ബില്ലെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ പൊതു തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കാനിരിക്കെയാണ് ബില്‍ പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചിരിക്കുന്നത്. പൊതുഫണ്ട് ദുരുപയോഗം ചെയ്ത കേസില്‍ മലേഷ്യന്‍ പ്രധാനമന്ത്രി നജീബ് റസാഖ് ആരോപണ നിഴലിലാണ്. ഇതിനെതിരെയുള്ള മാധ്യമങ്ങളുടെ ഇടപെടല്‍ അവസാനിപ്പിക്കുക എന്നതാണ് പുതിയ ബില്ലിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ഏതെങ്കിലും തരത്തിലുള്ള വ്യാജ ന്യൂസുകള്‍ പ്രസിദ്ധപ്പെടുത്തിയാല്‍ പത്ത് വര്‍ഷത്തെ ജയില്‍ ശിക്ഷയും ഏകദേശം ഒരു ലക്ഷത്തിലേറെ ഡോളര്‍ പിഴയും ചുമത്തുന്നതാണ് നിര്‍ദേശിക്കപ്പെട്ട ബില്‍. അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യം വകവെച്ചു കൊടുക്കുമ്പോള്‍ തന്നെ പൊതുജനത്തിന്റെ സുരക്ഷ കാത്തുസംരക്ഷിക്കുന്നതിനാണ് ബില്‍ പ്രാധാന്യം നല്‍കുന്നതെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. വാര്‍ത്തകള്‍, വിവരങ്ങള്‍, റിപ്പോര്‍ട്ടുകള്‍, ഫീച്ചറുകള്‍, ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍ എന്നിവയെല്ലാം വ്യാജന്യൂസ് പരിധിയില്‍ പെടുമെന്നും ഡിജിറ്റല്‍, സോഷ്യല്‍ മീഡിയകള്‍ കൂടി നിയമത്തിന്റെ അകത്താണെന്നും നിയമം അനുശാസിക്കുന്നു.

എന്നാല്‍ ഇത്തരമൊരു നിയമത്തിന്റെ ആവശ്യകത ചോദ്യം ചെയ്ത് പ്രതിപക്ഷം രംഗത്തെത്തിയിട്ടുണ്ട്. സര്‍ക്കാര്‍ ഇപ്പോള്‍ തന്നെ അഭിപ്രായപ്രകടനത്തിനും മാധ്യമസ്വാതന്ത്ര്യത്തിനും ക്ഷതം വരുത്തിയിട്ടുണ്ടെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടി.

2015ലാണ് നജീബ് റസാഖ് ഉള്‍പ്പെട്ട അഴിമതി വിദേശമാധ്യമങ്ങള്‍ അടക്കം പുറത്തുകൊണ്ടുവന്നത്. എന്നാല്‍ ഈ അഴിമതി കേസ് റിപ്പോര്‍ട്ട് ചെയ്യുന്നതിനെതിരെ നേരത്തെ മലേഷ്യന്‍ സര്‍ക്കാര്‍ കടുത്ത നടപടികള്‍ സ്വീകരിച്ചിരുന്നു. നജീബിന്റെ പങ്ക് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുകൊണ്ടുവന്ന ദി എഡ്ജ് എന്ന ദിനപത്രത്തിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. ഇതിന് പുറമെ നിരവധി വെബ്‌സൈറ്റുകളും പ്രവര്‍ത്തനാനുമതി നിഷേധിച്ചിട്ടുണ്ട്. ഈ അഴിമതി കേസുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ വ്യക്തത വരുത്താത്ത എല്ലാ റിപ്പോര്‍ട്ടുകളും വ്യാജ വാര്‍ത്തയായി പരിഗണിക്കുമെന്നാണ് സര്‍ക്കാര്‍ നിലപാട്.

 

LEAVE A REPLY

Please enter your comment!
Please enter your name here