കേന്ദ്ര തൊഴില്‍ നയം കാടന്‍ നിയമം: പിണറായി

Posted on: March 27, 2018 6:09 am | Last updated: March 27, 2018 at 12:04 am

കോഴിക്കോട്: കേന്ദ്ര സര്‍ക്കാറിന്റെ പുതിയ തൊഴില്‍ നയം തൊഴിലാളികളുടെ ജോലി സ്ഥിരത ഇല്ലാതാക്കുന്ന കാടന്‍ നിയമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട് കടപ്പുറത്ത് നടന്ന സി ഐ ടി യു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏത് തൊഴിലാളിയേയും എപ്പോള്‍ വേണമെങ്കിലും മുന്നറിയിപ്പില്ലാതെ പിരിച്ച് വിടാന്‍ കമ്പനിയുടമകള്‍ക്ക് അധികാരം നല്‍കുന്ന നിയമമാണിത്.

തൊഴിലാളികള്‍ ഇന്ന് അനുഭവിച്ച് വരുന്ന അവകാശങ്ങള്‍ ഒരു ഭരണാധികാരിയില്‍ നിന്നും ഔദാര്യം ലഭിച്ചതല്ല. നീണ്ട കാലത്തെ പ്രക്ഷോഭങ്ങളിലൂടെയും ജീവ ത്യാഗങ്ങളിലൂടെയും നേടിയെടുത്തതാണ്. ഈ അവകാശങ്ങളെല്ലാം കോര്‍പ്പറേറ്റ് കുത്തകകള്‍ക്ക് വേണ്ടി കവര്‍ന്നെടുക്കാനാണ് മോദിയും കൂട്ടരും ശ്രമിക്കുന്നത്.

പുതിയ തൊഴില്‍ നിയമത്തെ രാജ്യത്തെ മുഴുവന്‍ തൊഴിലാളി സംഘടനകളും എതിര്‍ക്കുകയാണ്. തൊഴിലാളി – കര്‍ഷകവിരുദ്ധ നയങ്ങള്‍ തുടര്‍ച്ചയായി നടപ്പാക്കുമ്പോഴും ഖജനാവ് കൊള്ളയടിക്കുന്ന കുത്തക മുതലാളിമാര്‍ക്ക് നികുതിയിളവുകള്‍ നല്‍കുകയാണ് കേന്ദ്രമെന്ന് പിണറായി ആരോപിച്ചു.

പൊതുസമ്മേളനത്തില്‍ തൊഴില്‍ മന്ത്രി ടി പി രാമകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സി ഐ ടി യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍, പ്രസിഡന്റ് ഡോ. കെ ഹേമലത, വൈസ് പ്രസിഡന്റ് എ കെ പത്മനാഭന്‍, എളമരം കരീം, ആനത്തലവട്ടം ആനന്ദന്‍, കെ ചന്ദ്രന്‍ പിള്ള സംസാരിച്ചു. നാല് ദിവസമായി ഇവിടെ നടന്നു വരുന്ന സി ഐ ടി യു അഖിലേന്ത്യാ കൗണ്‍സില്‍ ഇന്നലെ വൈകീട്ടാണ് സമാപിച്ചത്.