ഡോ. ജൗഹര്‍ മുനവറിനെതിരെ വകുപ്പ്തല അന്വേഷണം

Posted on: March 27, 2018 6:06 am | Last updated: March 26, 2018 at 11:53 pm

തിരുവനന്തപുരം: സ്തീകളുടെ വസ്ത്രധാരണം സംബന്ധിച്ച് അശ്ലീലച്ചുവയോടെ വട്ടോളിയില്‍ പ്രസംഗിച്ച ഫാറൂഖ് കോളജ് അധ്യാപകന്‍ ഡോ. ജൗഹര്‍ മുനവറിനെതിരെ വകുപ്പുതല അന്വേഷണം നടത്താന്‍ കോളജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് മുഖ്യമന്ത്രിക്കുവേണ്ടി മന്ത്രി എ കെ ബാലന്‍ നിയമസഭയില്‍ അറിയിച്ചു. കെ എം ഷാജിയുടെ സബ്മിഷന് മറുപടി പറയുകയായിരുന്നു മന്ത്രി.

ഫാറൂഖ് കോളജിലെ ഒരു വിദ്യാര്‍ഥിനി നല്‍കിയ പരാതി പ്രകാരം ഇക്കാര്യത്തില്‍ അധ്യാപകനെതിരെ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നു. സ്ത്രീത്വത്തെ അപമാനിച്ച് പോതുവേദിയില്‍ പ്രസംഗിച്ചതിനെതിരെ വിദ്യാര്‍ഥിനി പരാതി നല്‍കിയിരുന്നു. അധ്യാപകന്റെ പ്രസംഗം യൂട്യൂബിലും മറ്റ്്് സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചു. അധ്യാപകനെതിരെ വിദ്യാര്‍ഥികളുടെ പ്രതിഷേധം ഉയര്‍ന്നുവന്നു. അധ്യാപകനെ അറസ്റ്റ് ചെയ്തിട്ടില്ല. അധ്യാപകന്‍ അശ്ലീലച്ചുവയുള്ള പ്രസംഗമാണ് നടത്തിയതെന്നും മന്ത്രി പറഞ്ഞു. അധ്യാപകനെതിരെ കേസെടുത്ത സാഹചര്യം ഒന്നുകൂടി പരിശോധിക്കണമെന്ന് വിഷയത്തില്‍ ഇടപെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടെങ്കിലും മന്ത്രി അംഗീകരിച്ചില്ല. പരാതി കിട്ടുമ്പോള്‍ കേസെടുത്ത് പോലീസിന് അന്വേഷിക്കേണ്ടിവരുമെന്ന് മന്ത്രി പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.