Connect with us

Kerala

ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച: കെ എസ് യു നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി പരീക്ഷയിലെ ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നാവശ്യപ്പെട്ടും വിദ്യാഭ്യാസ മേഖലയിലെ അരക്ഷിതാവസ്ഥക്കെതിരെയും കെ എസ് യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി സുബിന്‍മാത്യു, ജാനിബ്, രാഗിന്‍ എന്നിവര്‍ക്ക് സംഘര്‍ഷത്തില്‍ പരുക്കേറ്റു.

ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് എം എല്‍ എ ഹോസ്റ്റലിന് മുന്നില്‍ നിന്ന് കെ എസ് യു പ്രവര്‍ത്തകര്‍ പ്രകടനമായി നിയമസഭക്ക് സമീപത്തേക്ക് എത്തിയത്. യുദ്ധസ്മാരകത്തിന് സമീപം പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് നടന്ന ധര്‍ണ എം വിന്‍സെന്റ് എം എല്‍ എ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ മേഖലയെ സര്‍ക്കാര്‍ നിശ്ചലമാക്കിയിരിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കഴിഞ്ഞ വര്‍ഷം എസ് എസ് എല്‍ സി ചോദ്യപേപ്പര്‍ ചോര്‍ന്നതിലെ വിജിലന്‍സ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഇതിനിടയിലാണ് ഈ വര്‍ഷം ഹയര്‍ സെക്കന്‍ഡറി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ന്നത്. ഈ സംഭവത്തില്‍ എന്താണ് ഉണ്ടായതെന്ന് പറയാന്‍ പോലും വിദ്യാഭ്യാസ മന്ത്രിക്ക് കഴിയുന്നില്ല. വിദ്യാഭ്യാസ മേഖലയുടെ തകര്‍ച്ചക്ക് വഴിവെച്ച മന്ത്രി രാജിവച്ച് ഒഴിയുകയാണ് നല്ലതെന്ന് അദ്ദേഹം പറഞ്ഞു.

തുടര്‍ന്ന് കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് ഉള്‍പ്പെടെയുള്ളവര്‍ സംസാരിച്ചുകഴിഞ്ഞശേഷം പ്രവര്‍ത്തകര്‍ പോലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്തേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ പിന്തിപ്പിക്കാന്‍ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് ചിതറിയോടിയ പ്രവര്‍ത്തകര്‍ സംഘടിച്ച് എം ജി റോഡ് ഉപരോധിച്ചു. ഇവരെ നീക്കാനുള്ള പോലീസിന്റെ ശ്രമമമാണ് ലാത്തിച്ചാര്‍ജില്‍ കലാശിച്ചത്.

റോജി എം ജോണ്‍ എം എല്‍ എ, വൈസ് പ്രസിഡന്റുമാരായ റിങ്കുപടിപ്പൂരയില്‍, ജഷീര്‍ പള്ളിവയല്‍, ആര്‍ വി സ്‌നേഹ, ശ്രീലാല്‍ ശ്രീധര്‍, നിഖില്‍ ദാമോദര്‍, സംസ്ഥാന ഭാരവാഹികളായ സുബിന്‍ മാത്യു, നബീല്‍ കല്ലമ്പലം, ജോബി സി ജോയി, അസ്‌ലം, അനു ലോലച്ചന്‍, ആദര്‍ശ് ഭാര്‍ഗവന്‍, ബാഹുല്‍കൃഷ്ണ, അനൂപ് ഇപ്പന്‍, ടോണിതോമസ്, സയ്ദലി, നിബിന്‍ സമരത്തിന് നേതൃത്വം നല്‍കി.