മോദി ആപ്പിലും ചോര്‍ച്ച

Posted on: March 27, 2018 6:00 am | Last updated: March 26, 2018 at 10:30 pm
SHARE

വ്യക്തിയുടെ സ്വകാര്യത മൗലികാവകാശമായി അംഗീകരിച്ചതാണ് ഭരണഘടന. ആധാറുമായി ബന്ധപ്പെട്ട കേസില്‍ 2017 ആഗസ്റ്റില്‍ സുപ്രീം കോടതിയുടെ ഒമ്പതംഗ ഭരണഘടനാ ബഞ്ച് ഇക്കാര്യം വ്യക്തമാക്കിയതുമാണ്. ഭരണഘടനയുടെ 21-ാം അനുച്ഛേദം മൂന്നാം ഭാഗം വ്യാഖ്യാനിച്ചാണ് ചീഫ് ജസ്റ്റിസ് ജെ എസ് കെഹാര്‍ അധ്യക്ഷനായുള്ള ബഞ്ചിന്റെ ഈ വിധി. 2016 സെപ്തംബറില്‍ ഡല്‍ഹി ഹൈക്കോടതിയും സമാനമായ വിധി പ്രസ്താവിച്ചിരുന്നു. എന്നാല്‍, മോദി ഭരണത്തില്‍ വ്യക്തികളുടെ സ്വകാര്യതക്ക് ഒരു വിലയുമില്ല. ആര്‍ക്കും എപ്പോഴും ആരുടെ ഏത് വിവരവും ചോര്‍ത്താമെന്നതാണ് അവസ്ഥ. ആധാറിനു വേണ്ടി ശേഖരിക്കുന്ന വിവരങ്ങള്‍ ചോരുന്നുവെന്നും സ്വകാര്യ വ്യവസായികളുടെ കൈകളിലെത്തുന്നുവെന്നും അവരത് വ്യാപാര ആവശ്യത്തിനായി ഉപയോഗിക്കുന്നുവെന്നും വ്യാപകമായി പരാതി ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഒരു കമ്പനിയുടെ സിസ്റ്റത്തിലുണ്ടായ സുരക്ഷാ വീഴ്ചയെ തുടര്‍ന്ന് ആധാര്‍ ഉപയോക്താക്കളുടെ പേര്, 12 അക്ക യുനീക്ക് ഐ ഡി നമ്പറുകള്‍, ബേങ്ക് വിവരങ്ങള്‍ തുടങ്ങിയവ പുറത്തായ വിവരം വാണിജ്യ സാങ്കേതിക വാര്‍ത്താ വെബ്‌സൈറ്റ് ആയ സീഡി നെറ്റ് റിപ്പോര്‍ട്ട് ചെയ്തത് രണ്ട് ദിവസം മുമ്പാണ്. ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന കരണ്‍ സെയ്‌നി എന്ന സുരക്ഷാ ഗവേഷകനാണ് ഈ വിവരം സീഡി നെറ്റിനോട് വെളിപ്പെടുത്തിയത്. ആധാര്‍ കാര്‍ഡുള്ള എല്ലാവരെയും ഇത് ബാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 500 രൂപ നല്‍കിയാല്‍ പത്തു മിനുട്ടുകൊണ്ട് ആര്‍ക്കും ആധാര്‍ വിവരങ്ങളും 300 രൂപ കൂടി നല്‍കിയാല്‍ ആരുടെ പേരിലും ‘ആധികാരിക’ ആധാര്‍ കാര്‍ഡും നല്‍കുന്ന ഓണ്‍ ലൈന്‍സ് ഏജന്‍സിയെക്കുറിച്ചുള്ള വിവരം തെളിവുസഹിതം രണ്ട് മാസം മുമ്പ് ‘ദി ട്രിബ്യൂണ്‍’ പ്രസിദ്ധീകരിച്ചിരുന്നു. അതിനിടെയാണ് ബ്രിട്ടന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കേംബ്രിഡ്ജ് അനലിറ്റിക്ക ഇന്ത്യക്കാരുടേതുള്‍പ്പെടെയുള്ള നിരവധി ഫേസ്ബുക്ക് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വേണ്ടി സോഷ്യല്‍ മീഡിയ പ്രചാരണം നയിച്ചത് ഈ കമ്പനിയായതിനാല്‍ അവര്‍ക്ക് വേണ്ടിയാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ചോര്‍ത്തലെന്ന് സന്ദേഹിക്കപ്പെടുന്നു. ഫേസ്ബുക്ക്, ഗൂഗിള്‍ പോലുള്ള അന്താരാഷ്ട്ര ഭീമന്‍മാര്‍ അവരുടെ കോടിക്കണക്കിനു വരുന്ന ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ ശേഖരിച്ചുവെച്ചിട്ടുണ്ട്. വിവരങ്ങള്‍ തങ്ങള്‍ രഹസ്യമാക്കി വെക്കുമെന്ന വിശ്വാസത്തിലാണ് ഉപഭോക്താക്കള്‍ ഇത് നല്‍കുന്നത്. തങ്ങള്‍ വഞ്ചിക്കപ്പെടുകയാണെന്ന് അവര്‍ അറിയുന്നില്ല.

ഏറ്റവുമൊടുവില്‍ പ്രധാനമന്ത്രിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പില്‍ നിന്നും വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ന്നതായി കണ്ടെത്തിയിരിക്കയാണ്. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയറ്റ് ആല്‍ഡേഴ്‌സണാണ് മോദി ആപ്പിലെ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അമേരിക്കന്‍ കമ്പനിയായ ക്ലവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഒരു ഡൊമൈനിലേക്ക് കൈമാറുന്നതായി ടിറ്റ്വിലൂടെ വെളിപ്പെടുത്തിയത്. ഒരാളുടെ മൊബൈല്‍ ഏത് ഓപറേറ്റിംഗ് സോഫ്റ്റ് വെയറില്‍ പ്രവര്‍ത്തിക്കുന്നു, ഏതാണ് നെറ്റ് വര്‍ക്ക്, ആരാണ് സേവനദാതാവ് തുടങ്ങിയ ഉപകരണ വിവരങ്ങളും ഇമെയില്‍, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളും മോദി ആപ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നുവെന്നാണ് ആന്‍ഡേഴ്‌സണ്‍ പറയുന്നത്. നരേന്ദ്ര മോദി ആപ്പിന്റെ എന്‍ഗേജ്‌മെന്റ് പ്ലാറ്റ് ഫോം ആണ് ക്ലെവര്‍ ടാപ്പ്. വിതരണക്കാര്‍ക്ക് ഉപയോക്താക്കളെ തിരിച്ചറിയുന്നതിനും അവരുമായി ഇടപഴകുന്നതിനും അവരെ നിലനിര്‍ത്തുന്നതിനും സഹായിക്കുകയാണ് ക്ലെവര്‍ ടാപ് ചെയ്യുന്നത്. ഈ ഡാറ്റകള്‍ അവര്‍ക്ക് ഏതു ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനാകും. വ്യക്തികളുടെ സോഷ്യല്‍ സ്റ്റാറ്റസുള്‍പ്പെടെയുള്ള വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ അവരെ സ്വാധീനിക്കുന്നതിന് ഈ വിവരങ്ങള്‍ ഉപയോഗിക്കുകയും ചെയ്യാം. ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഈ ചോര്‍ത്തലെന്നും എലിയറ്റ് ആല്‍ഡേഴ്‌സണ്‍ തെളിവുകള്‍ സഹിതം വിശദീകരിക്കുന്നു.

സ്വകാര്യതയും വ്യക്തഗത സ്വാതന്ത്ര്യവും ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം പരമപ്രധാനമാണ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് മറ്റു വ്യക്തികളോ ഭരണകൂടങ്ങളോ കടന്നുകയറരുത്. പല രാജ്യങ്ങളും രാജ്യസുരക്ഷ, പ്രതിരോധം, രഹസ്യാന്വേഷണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വ്യക്തികളുടെ സ്വകാര്യത അന്വേഷിച്ചറിയാറുണ്ട്. ഇതിന്റെ ധാര്‍മികത പോലും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഇതിലുമപ്പുറം സ്വകാര്യത ഭരണകൂടങ്ങള്‍ പോലും നിയമപരമായി ആവശ്യപ്പെടാവതല്ല. ആധാര്‍ സംബന്ധിച്ച കേസില്‍ സ്വകാര്യതയുടെ കാര്യത്തില്‍ കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇക്കാര്യം അടിവരയിട്ടു പറയുന്നുണ്ട്. വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തിന് വിശാലമായ മാനങ്ങളുണ്ടെന്നും വീട്ടിലെയും കുടുംബത്തിലെയും കാര്യങ്ങള്‍, വിവാഹം, മാതൃത്വം, ജനനം, വികാരങ്ങള്‍, പ്രണയം എന്നിവയിലുള്ള സ്വകാര്യതയും ശരീരത്തിന്റെയും മനസ്സിന്റെയും ചിന്താഗതിയുടെയും സ്വകാര്യതയും പരമപ്രധാനമാണെന്നും സത്യവാങ്മൂലം ഓര്‍മിപ്പിക്കുന്നു. ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കുമെന്ന് ഉറപ്പില്ലാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ അവ പകര്‍ത്തുകയും ഡിജിറ്റല്‍ രൂപത്തില്‍ ശേഖരിക്കുകയും ചെയ്യുന്നത് അപകടകരമാണെന്നും കേരളം ചൂണ്ടിക്കാട്ടുന്നുണ്ട്.

ജനങ്ങളുമായി സംവദിക്കാനെന്ന പേരിലാണ് പ്രധാനമന്ത്രി ആപ്പ് തുടങ്ങിയത്. അത് പരമാവധി രഹസ്യമാക്കാനും ചോരാതെ സംരക്ഷിക്കാനും ഭരണാധികാരിയെന്ന നിലയില്‍ അദ്ദേഹം ബാധ്യസ്ഥനാണ്. ഇത് നിറവേറ്റുന്നതില്‍ സംഭവിച്ച വീഴ്ചക്ക് പ്രധാനമന്ത്രി രാജ്യത്തോട് ക്ഷമാപണം നടത്തേണ്ടതുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here