Connect with us

Kerala

തേനിയില്‍ കണികാ പരീക്ഷണത്തിന് കേന്ദ്ര വനംമന്ത്രാലയത്തിന്റെ പാരിസ്ഥിതിക അനുമതി

Published

|

Last Updated

തിരുവനന്തപുരം: പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ടത്തില്‍ കണികാ പരീക്ഷണം നടത്താന്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. കേരളാ തമിഴ്‌നാട് അതിര്‍ത്തിയോട് ചേര്‍ന്ന് തേനിയിലാണ് യു എസ് ഏജന്‍സിക്ക് കണികാ പരീക്ഷണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഈ മാസം അഞ്ചിന് ചേര്‍ന്ന വിദഗ്ധ സമിതി യോഗത്തിന്റെ ശിപാര്‍ശ അംഗീകരിച്ചുകൊണ്ടാണ് നടപടി. പ്രാഥമിക പരിസ്ഥിതി പ്രത്യാഘാത പഠനം നടത്താതെയും സ്ഥലം ഉള്‍പ്പെടുന്ന തമിഴ്‌നാട് പരിസ്ഥിതി അവലോകന സമിതിയുടെ എതിര്‍പ്പും മറികടന്ന് വന്‍ പാരിസ്ഥിതിക പ്രത്യാഘതമുണ്ടാക്കുന്ന നടപടിക്ക് കേന്ദ്ര വനം പരിസ്ഥിതിമന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

നേരത്തെ ഹരിത ട്രൈബ്യൂണലിന്റെ ഇടപെടലിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച പദ്ധതി പുനരാരംഭിക്കുന്നതിനാണ് കേന്ദ്ര പരിസ്ഥിതി വിദഗ്ധ സമിതി ശിപാര്‍ശ ചെയ്തത്. അനുമതി കത്ത് കൈമാറുന്നതോട പ്രദേശത്ത് പദ്ധതിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനാണ് അമേരിക്കന്‍ ഏജന്‍സിക്ക് വേണ്ടി പദ്ധതി നടപ്പിലാക്കുന്ന ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിന്റെ തീരുമാനം. ഹരിത ട്രൈബ്യൂണലിന്റ ഇടപെടലിനെ തുടര്‍ന്ന് പ്രവര്‍ത്തനം നിര്‍ത്തിവെച്ച പദ്ധതിക്ക് വീണ്ടും അംഗീകാരം നേടിയെടുക്കാന്‍ സമീപിച്ച ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനോട് തമിഴ്‌നാട് പരിസ്ഥിതി അവലോകന സമിതി ഉന്നയിച്ച് ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ മറുപടി നല്‍കാനായിട്ടില്ല. ഇതിനിടെയാണ് സമിതിയുടെ നിര്‍ദേശങ്ങളും ആശങ്കകളും മറികടന്ന് പദ്ധതിക്ക് അനുമതി നല്‍കാന്‍ കേന്ദ്ര പരിസ്ഥത മന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്.

പദ്ധതിക്ക് മലമുകളില്‍ നിന്ന് ആയിരം മീറ്റര്‍ ആഴത്തിലുള്ള തുരങ്കത്തില്‍ ആറു ലക്ഷം ക്യുബിക് മീറ്റര്‍ ആഴത്തില്‍ ഖനനം നടത്തുന്നതുമൂലം മലയിലെ പാറകള്‍ക്കുണ്ടാകുന്ന ചതുരശ്ര മീറ്ററിന് 270 കിലോഗ്രാം എന്ന തോതിലുള്ള സമ്മര്‍ദം, പാറകള്‍ പൊട്ടി ചിതറാനും മലകളുടെ മുകള്‍തട്ട് ഇളകി വീഴാനുമുള്ള സാധ്യത, മലകളുടെ ആഴത്തില്‍ ടണല്‍ നിര്‍മിക്കാന്‍ പാറപൊട്ടിക്കുന്നതിന് ഉഗ്ര ശക്തിയുള്ള സ്‌ഫോടനം നടത്തുന്നത് വഴി പ്രദേശത്തുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍, പരിസ്ഥിതി -ജന്തു ജീവജാല സമ്പത്തുകൊണ്ടുള്ള അതീവ പ്രാധാന്യമര്‍ഹിക്കുന്ന പ്രദേശത്തിന് മേലുള്ള അപകടകരമായ ഇടപടല്‍, വിവിധ നദികളുടെ ജലസമ്പത്ത് കേന്ദ്രീകരിക്കുന്ന പ്രദേശത്തുള്ള പദ്ധതി പ്രദേശത്ത് കുടിവെള്ള-ജലസേചന മേഖലയില്‍ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ തുടങ്ങിയവയാണ് പ്രധാനമായും തമിഴ്‌നാട് പരിസ്ഥിതി അവലോകന സമിതി ടാറ്റ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫണ്ടമെന്റല്‍ റിസര്‍ച്ചിനോട് ചോദിച്ചത്. എന്നാല്‍ ഇതിനൊന്നും മറുപടി നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞിരുന്നില്ല. എന്നാല്‍ പദ്ധതി പ്രദേശത്ത് ആണവ വികിരണം ഉണ്ടാകില്ലെന്ന വാദത്തിന് ഇപ്പോള്‍ അംഗീകാരം ലഭിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് കട്ടിട നിര്‍മാണ അനുമതിയെന്ന ലാഘവത്തോടെയാണ് പരിസ്ഥിതി മന്ത്രാലയം പദ്ധതിക്കായി അനുമതി നല്‍കിയിരിക്കുന്നത്.

പരിസ്ഥിതി ലോല പ്രദേശമായ പശ്ചിമഘട്ട മല നിരകള്‍ തുരന്ന് കണികാ പരീക്ഷണം നടത്താന്‍ അമേരിക്കന്‍ ഏജന്‍സിക്ക് എട്ടുവര്‍ഷം മുമ്പാണ് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്. ഇതുപ്രകാരം 2010 ജൂണിലാണ് കേരള തമിഴ്‌നാട് അതിര്‍ത്തിയായ തേനിയിലെ തേവാരത്തിനടുത്ത് പൊട്ടിപ്പുറം ഗ്രാമത്തിലായിരുന്നു കണികാ പരീക്ഷണത്തിനുള്ള കേന്ദ്രം സ്ഥാപിക്കാന്‍ അന്നത്തെ യു പി എ സര്‍ക്കാറിന് കീഴിലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. പരീക്ഷണത്തിനായി തേനിയില്‍ നിര്‍മിക്കുന്ന രണ്ടുകിലോമീറ്റര്‍ ദൂരമുള്ള ഭൂഗര്‍ഭ തുരങ്കം മുക്കാല്‍ കിലോമീറ്ററോളം കേരളത്തിലേക്കും നീളുന്നുണ്ട്. കേരളത്തില ചതുരംഗപ്പാറ വരെ ഭൂഗര്‍ഭ തുരങ്കം നീളുമെന്നാണ് കണക്കാക്കപ്പെട്ടിരുന്നത്.

Latest