നവീകരിച്ച അല്‍ ഹാഫിയ ഉദ്യാനം തുറന്നു

Posted on: March 26, 2018 8:34 pm | Last updated: March 26, 2018 at 8:34 pm
കല്‍ബ അല്‍ ഹാഫിയ പാര്‍ക്

കല്‍ബ: കൂടുതല്‍ വിനോദസൗകര്യങ്ങള്‍ ഉള്‍പെടുത്തി നവീകരിച്ച കല്‍ബയിലെ അല്‍ ഹാഫിയ പിക്‌നിക് ഉദ്യാനം തുറന്നു. ഷാര്‍ജ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഡവലപ്‌മെന്റ് അതോറിറ്റി (ശുറൂഖ്)ക്ക് കീഴിലാണ് ഉദ്യാനം. രാജ്യത്തെ തന്നെ ഏറ്റവും വലിയ എക്കോ ടൂറിസം പദ്ധതിയായ കല്‍ബ എക്കോ ടൂറിസം പദ്ധതി പ്രദേശത്തെ ചുറ്റിയുള്ളതാണ് ഉദ്യാനം.

വിനോദോല്ലാസത്തോടൊപ്പം പ്രകൃതി സൗന്ദര്യവും ആസ്വദിക്കാമെന്നതാണ് ഇവിടത്തെ പ്രത്യേകത. ഏത് പ്രായത്തിലുള്ളവര്‍ക്കും വിനോദത്തിനാവശ്യമായ സൗകര്യങ്ങള്‍ ഉദ്യാനത്തിലുണ്ട്. കുട്ടികള്‍ക്കായി ഉന്നത നിലവാരത്തിലും സുരക്ഷിതവുമായ രണ്ട് കിഡ്‌സ് സോണുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ പ്രാര്‍ഥനാ മുറികള്‍, മൃഗങ്ങളെയും പക്ഷികളെയും പ്രാണികളെയും കാണാനുള്ള ഒബ്‌സര്‍വേഷന്‍ ഡെക്ക് എന്നിവയും അല്‍ ഹാഫിയ പ്രകൃതി കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്.
545 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയിലാണ് ഈ പ്രകൃതി സംരക്ഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത്. ഔദ്യോഗികമായി 2012 ല്‍ സ്ഥാപിച്ച കേന്ദ്രം പര്‍വത പ്രദേശങ്ങള്‍ ഉള്‍കൊള്ളുന്നതാണ്. അസാധാരണമായ വന്യജീവികളെയും പക്ഷികളെയും ഇവിടെ കാണാനാവുന്നതിനാല്‍ നിരവധി പ്രകൃതി സ്‌നേഹികളാണ് ദിവസവും ഉദ്യാനത്തിലെത്തുന്നത്.