ക്രീക്കില്‍ കപ്പല്‍ തകര്‍ന്നു: കടലില്‍ ഒഴുകിയ 16.3 ടണ്‍ ചരക്ക് വീണ്ടെടുത്തു

Posted on: March 26, 2018 8:30 pm | Last updated: March 26, 2018 at 8:30 pm
SHARE
കടലില്‍ നിന്ന് ചരക്കുകള്‍ വീണ്ടെടുക്കുന്നു

ദുബൈ: ദുബൈ ക്രീക്കില്‍ ചരക്കു കപ്പല്‍ തകര്‍ന്നതായും കടലില്‍ ഒഴുകിയ 16.3 ടണ്‍ ചരക്ക് വീണ്ടെടുത്തതായും ദുബൈ നഗരസഭ പരിസ്ഥിതി, പൊതുജനാരോഗ്യ അസി. ഡയറക്ടര്‍ ജനറല്‍ എഞ്ചി. താലിബ് ജുല്‍ഫാര്‍ അറിയിച്ചു. വ്യാഴം പുലര്‍ച്ചെയാണ് അപകടം. തീരത്തെ തിരമാല പ്രതിരോധ അതിരിലിടിച്ചു കപ്പലിലെ ചരക്കുകള്‍ വെള്ളത്തില്‍ വീഴുകയായിരുന്നു. കപ്പലിലുണ്ടായിരുന്നവര്‍ രക്ഷപ്പെട്ടു. കടല്‍ കൈവഴിയിലൂടെ ചരക്കുകള്‍ ഒഴുകിപ്പോകാതിരിക്കാന്‍ തീവ്രയത്‌നമാണ് നഗരസഭാ ജീവനക്കാര്‍ നടത്തിയത്. മണിക്കൂറുകള്‍ക്കകം ചരക്കുകള്‍ വീണ്ടെടുത്തു. ഇവയില്‍ പലതും ഉപയോഗ ശൂന്യമായിപ്പോയിരുന്നു. വൈദഗ്ധ്യം നേടിയ സംഘത്തെ ഇവിടെ നിയോഗിച്ചിരുന്നു.

സമുദ്രമാലിന്യങ്ങള്‍ നീക്കുന്ന സാമഗ്രികള്‍ വ്യാപകമായി ഉപയോഗപ്പെടുത്തി. ചരക്കുകള്‍ക്കു ചുറ്റും ആദ്യം വേലികെട്ടി. റഫ്രിജറേറ്റേഴ്‌സ്, എയര്‍ കണ്ടീഷണറുകള്‍ തുടങ്ങിയവയാണ് കപ്പലില്‍ ചരക്കുകളായി ഉണ്ടായിരുന്നത്. ഇവ കടലില്‍ മുങ്ങാന്‍ സാധ്യത കൂടുതലായിരുന്നു. ഗുരുതരമായ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഇത് വഴി വെക്കുമായിരുന്നു. ദുബൈ ക്രീക്ക്, ജദഫ്, ദുബൈ വാട്ടര്‍ കനാല്‍, ദേര ഹാര്‍ബര്‍ എന്നിവിടങ്ങളില്‍ കനത്ത ജാഗ്രതയാണ് ഇക്കാര്യത്തില്‍ കാണിക്കാറുള്ളത്. മാലിന്യ നിര്‍മാര്‍ജന യൂണിറ്റിന് മികച്ച യന്ത്ര സാമഗ്രികള്‍ ഉണ്ടെന്നും താലിബ് ജുല്‍ഫാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here