ഊരാനാകാതെ ആപ്പ്; മോദി ആപ്പിന് പിന്നാലെ കോണ്‍ഗ്രസും

അഞ്ചു മാസമായി ഈ ആപ്പ് ഉപയോഗത്തിലില്ലെന്നും  കോണ്‍ഗ്രസ്
Posted on: March 26, 2018 6:59 pm | Last updated: March 27, 2018 at 7:29 pm

ന്യൂഡല്‍ഹി: പാര്‍ട്ടിയെയും രാജ്യത്തെയും ഡിജിറ്റല്‍വത്കരിക്കുന്ന തിരക്കില്‍ ആപ്പില്‍ പണി കിട്ടി പാര്‍ട്ടികള്‍. ‘മോദി ആപ്പി’ന് പിന്നാലെ കോണ്‍ഗ്രസിന്റെ മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് വിവരങ്ങള്‍ ചോരുന്നതായി ആരോപണം. കോണ്‍ഗ്രസിന്റെ ഔദ്യോഗിക ആപ്പായ ‘വിത് ഐ എന്‍ സി’ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നവരുടെ വിവരങ്ങള്‍ സിംഗപ്പൂര്‍ ആസ്ഥാനമായ കമ്പനി ചോര്‍ത്തുന്നതായാണ് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എലിയറ്റ് ആന്‍ഡേഴ്‌സണാണ് ആരോപണം ഉന്നയിച്ചത്. ഇതേത്തുടര്‍ന്ന് ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് കോണ്‍ഗ്രസ് ആപ്പ് നീക്കം ചെയ്തു.

പാര്‍ട്ടിയില്‍ അംഗത്വം നേടുന്നതിനു വേണ്ടിയാണ് ആപ്പ് ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ അഞ്ച് മാസമായി ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കുന്നില്ലെന്നും ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോണ്‍ഗ്രസ് അറിയിച്ചത്. പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി കോണ്‍ഗ്രസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ആപ്ലിക്കേഷനില്‍ നിന്ന് ലിങ്ക് നല്‍കിയിരിക്കുന്ന യു ആര്‍ എല്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. ഈ യു ആര്‍ എല്ലില്‍ മാറ്റം വരുത്തിയിട്ടുണ്ട്. പ്രവര്‍ത്തനരഹിതമായ യു ആര്‍ എല്‍ ടൈപ്പ് ചെയ്യുമ്പോള്‍ മറ്റൊരു യു ആര്‍ എല്ലിലേക്ക് പോകണമെന്ന് നിര്‍ദേശിക്കുന്നുണ്ടെന്നും കോണ്‍ഗ്രസ് അറിയിച്ചു.

അംഗത്വം നേടുന്നതിനുള്ള ലിങ്ക് മൊബൈല്‍ ആപ്ലിക്കേഷനില്‍ നിന്ന് വെബ്‌സൈറ്റിലേക്കു മാറ്റിയിരുന്നു. ഇതിനുശേഷം സമൂഹിക മാധ്യമങ്ങളിലേക്കുള്ള അപ്‌ഡേറ്റുകള്‍ മാത്രമാണ് ഈ ആപ്ലിക്കേഷന്‍ വഴി നടത്തിയിരുന്നത്. പ്രവര്‍ത്തനരഹിതമായ യു ആര്‍ എല്‍ ഉപയോഗിച്ച് സമൂഹമാധ്യമത്തില്‍ കോണ്‍ഗ്രസിനെ താഴ്ത്തിക്കെട്ടാനുള്ള നീക്കങ്ങള്‍ വര്‍ധിച്ചതിനാലും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനാലുമാണ് ആപ്പ് നീക്കിയതെന്ന് കോണ്‍ഗ്രസ് അറിയിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്ര മോദി ആപ്പ്’ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്ന വ്യക്തിയുടെ വ്യക്തി വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള in.wzrkt.com എന്ന ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സണിന്റെ വെളിപ്പെടുത്തല്‍. ഓപറേറ്റിംഗ് സോഫ്റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളില്‍ ഇ മെയില്‍ വിലാസം, ചിത്രം, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തിയിരുന്നു.

മറ്റു പാര്‍ട്ടികളുടെ ആപ്പുകളിലേക്കും ഇതേ ആരോപണം ഇപ്പോള്‍ നീങ്ങുന്നുണ്ട്. സി പി എം, ബി ജെ പി എന്നിവരുടെ കേരള ഘടകത്തിന്റെ മൊബൈല്‍ ആപ്പിക്കേഷന്‍ ഉള്‍പ്പെടെയുള്ളവ ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ മൊബൈലിലെ ഡാറ്റകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെടുന്നുണ്ടെന്നും ഇത് വിവരങ്ങള്‍ ചോര്‍ത്തുന്നതിന് വേണ്ടിയാണെന്നുമുള്ള ആരോപണവും ഉയര്‍ന്നിട്ടുണ്ട്. കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്ക് വഴി തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനായി വിവരങ്ങള്‍ ചോര്‍ത്തുവെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് പാര്‍ട്ടികളുടെ ആപ്പുകള്‍ക്കും പണികിട്ടിയ വിവരം പുറത്തുവന്നത്. കേംബ്രിജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട വിവാദത്തിലും ഇന്ത്യന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പങ്കിനെ സംബന്ധിച്ച് ആരോപണം ഉയര്‍ന്നിരുന്നു.