Connect with us

National

ബഹുഭാര്യാത്വം ഭരണഘടനാ ബഞ്ചിന്

Published

|

Last Updated

ന്യൂഡല്‍ഹി: ബഹുഭാര്യാത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും (ചടങ്ങ് കല്യാണം) ഭരണഘടനാ സാധുത സുപ്രീം കോടതി ഭരണഘടനാ ബഞ്ച് പരിശോധിക്കും. ഇസ്‌ലാമിക ശരീഅത്തിലെ നിക്കാഹ് ഹലാലയും ബഹുഭാര്യാത്വവും അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെ പരിശോധനക്ക് വിടാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ച് തീരുമാനിച്ചു. ബി ജെ പി നേതാവ് അശ്വനി ഉപാധ്യായ, സമീറ ബീഗം, നഫീസ ബീഗം, മുഅല്ലിം മുഹ്‌സിന്‍ ബിന്‍ ഹുസൈന്‍ ബിന്‍ അബ്ദാബ് അല്‍ഖാദിരി എന്നിവര്‍ നല്‍കിയ പൊതുതാത്പര്യ ഹരജി പരിഗണിച്ചാണ് ഭരണഘടനാ ബഞ്ചിന് വിടാന്‍ തീരുമാനിച്ചത്.

വിഷയത്തില്‍ അഭിപ്രായം ആരാഞ്ഞ് കേന്ദ്രത്തിനും നിയമ കമ്മീഷനും ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, ഡി വൈ ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബഞ്ച് നോട്ടീസ് അയക്കുകയും ചെയ്തു. ഇവയുടെ ഭരണഘടനാ സാധുത പരിശോധിക്കുന്നതിന് അഞ്ചംഗ ഭരണഘടനാ ബഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 15, 21 എന്നിവയുടെ ലംഘനമാണ് ബഹുഭാര്യാത്വവും നിക്കാഹ് ഹലാല (ഒരു സ്ത്രീയെ വിവാഹമോചനം ചെയ്താല്‍ അതേ പുരുഷന്‍ ആ സ്ത്രീയെ വീണ്ടും വിവാഹം ചെയ്യണമെങ്കില്‍ മറ്റൊരു പുരുഷനുമായി വിവാഹം ചെയ്യിപ്പിക്കണമെന്ന ശരീഅത്ത് നിബന്ധന)യുമെന്ന് അശ്വനി ഉപാധ്യായ കോടതിയില്‍ വ്യക്തമാക്കി. മുത്വലാഖ് സംബന്ധമായ വിധി പ്രഖ്യാപനത്തില്‍ നിക്കാഹ് ഹലാല പ്രതിപാദിക്കുന്നില്ലെന്നും പരാതിക്കാര്‍ കോടതിയില്‍ വാദിച്ചു. തങ്ങള്‍ ബഹുഭാര്യാത്വത്തിന്റെ ഇരയാണെന്ന് കാണിച്ചാണ് സമീറ ബീഗവും നഫീസ ബീഗവും സുപ്രീം കോടതിയെ സമീപിച്ചത്.

മുസ്‌ലിം വ്യക്തിനിയമത്തിലെ സെക്ഷന്‍ രണ്ട് ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം കുറ്റകൃത്യമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും അവര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഭരണഘടനാ ബഞ്ച് നേരത്തെ വിധി പ്രസ്താവിച്ചിരുന്നു. അഞ്ചംഗ ഭരണഘടനാ ബഞ്ചില്‍ മൂന്ന് പേരാണ് മുത്വലാഖ് ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ബി ജെ പിയുടെ നേതൃത്വത്തില്‍ ബഹുഭാര്യാത്വവും നിക്കാഹ് ഹലാലയും ഭരണഘടനാ വിരുദ്ധമാണെന്ന ആശയം ഉന്നയിച്ചത്.

Latest