നടി അക്രമിക്കപ്പെട്ട ദ്യശ്യങ്ങള്‍ എന്തിനെന്ന് ദിലീപിനോട് ഹൈക്കോടതി

Posted on: March 26, 2018 12:14 pm | Last updated: March 26, 2018 at 3:21 pm

കൊച്ചി: നടിയെ അക്രമിച്ചതിന്റെ ദ്യശ്യങ്ങളുടെ പകര്‍പ്പ് എന്തിനാണ് ആവശ്യപ്പെടുന്നതെന്ന് നടന്‍ ദിലീപിനോട് ഹൈക്കോടതി. ദ്യശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ടുകൊണ്ടുള്ള ദിലീപിന്റെ ഹരജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്. അങ്കമാലി കോടതിയില്‍വെച്ച് ഈ ദ്യശ്യങ്ങള്‍ നിങ്ങള്‍ കണ്ടതല്ലേയെന്നും പിന്നെ എന്തിനാണ് പകര്‍പ്പ് ആവശ്യപ്പെടുന്നതെന്നും കോടതി ചോദിച്ചു.

ക്രിമില്‍ നടപടി ചട്ടപ്രകാരം കേസില്‍ തെളിവുകള്‍ ലഭിക്കുവാന്‍ പ്രതിക്ക് അവകാശമുണ്ടെന്ന് ദിലീപിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ബി രാമന്‍പിള്ള വാദിച്ചു. ദ്യശ്യങ്ങള്‍ മുഖ്യതെളിവാണെന്നും അങ്കമാലി കോടതിയില്‍വെച്ച് ഇവ കണ്ടപ്പോള്‍ ഒരു സ്ത്രീ ശബ്ദം വ്യകതമായെന്നും എന്നാല്‍ പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും അഭിഭാഷകന്‍ വാദിച്ചു. ദ്യശ്യങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടന്നതായും സംശയമുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ തുടര്‍ന്ന് പറഞ്ഞു.

അതേ സമയം ദ്യശ്യങ്ങളുടെ പകര്‍പ്പ് ദിലീപിന് നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ഇന്നും ശക്തമായി എതിര്‍ത്തു. ദിലീപിന് ദ്യശ്യങ്ങള്‍ നല്‍കിയാല്‍ അത് ഇരക്ക് അപകീര്‍ത്തിയുണ്ടാക്കാന്‍ ഇടയാക്കുമെന്നും ദ്യശ്യങ്ങളുടെ സ്വകാര്യത നഷ്ടപ്പെടുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു