Connect with us

National

ചെങ്ങന്നൂരില്‍ മാണിയുടെ പിന്തുണ: സി പി ഐയെ അനുനയിപ്പിക്കാന്‍ സി പി എം

Published

|

Last Updated

തിരുവനന്തപുരം: മാണി വിഷയത്തില്‍ സി പി ഐയെ അനുനയിപ്പിച്ച് സമവായമുണ്ടാക്കാന്‍ സി പി എം. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പ് മാണിയുടെ കാര്യത്തില്‍ സി പി ഐയുമായി ധാരണയിലെത്താനുള്ള ശ്രമത്തിലാണ് പാര്‍ട്ടി നേതൃത്വം. മുന്നണി പ്രവേശം ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന ധാരണ മുന്നോട്ട് വെച്ച് ഉപതിരഞ്ഞെടുപ്പില്‍ മാണിയുടെ പിന്‍തുണ ഉറപ്പിക്കാനാണ് സി പി എം ലക്ഷ്യമിടുന്നത്. തിരഞ്ഞെടുപ്പില്‍ ആരുടെ വോട്ടും വാങ്ങിക്കുമെന്ന് സി പി എം വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ എല്‍ ഡി എഫിലേക്ക് മാണിയെ ഉള്‍പ്പെടുത്താനുള്ള നീക്കത്തിന് സി പി എം ഉടന്‍ മുന്‍കൈയെടുക്കില്ലെന്നാണ് സൂചന.

ഉപതിരഞ്ഞെടുപ്പ് മുന്നണിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണെന്നും ഈ സാഹചര്യത്തില്‍ പരമാവധി പേരെ ഒപ്പം ചേര്‍ത്ത് നിര്‍ത്തി വിജയിക്കാനുള്ള തന്ത്രങ്ങളാണ് സി പി എം ആവിഷ്‌കരിക്കുന്നത്്. ഇത് സി പി ഐയെ ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് സി പി എം നേതൃത്വം. മാണിയുടെ മുന്നണി പ്രവേശമാണ് സി പി ഐയുടെ മുന്നിലുള്ള പ്രധാന പ്രശ്‌നം. എന്നാല്‍ ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയാക്കാതെ മാണിയെ കൂടെ നിര്‍ത്തി വോട്ട് ഉറപ്പിക്കുന്നതിന് സി പി ഐക്ക് തടസ്സമുണ്ടാകാന്‍ സാധ്യതയില്ലെന്ന കണക്ക് കൂട്ടലിലാണ് സി പി എം മുന്നോട്ട് പോകുന്നത്.

ഇടതു മുന്നണിയില്‍ സി പി ഐയാണ് മാണിയുടെ മുന്നണി പ്രവേശത്തിന് എതിര്‍പ്പ് ഉയര്‍ത്തുന്നത്്. എന്നാല്‍ മുന്നണി പ്രവേശമല്ല, തത്കാലം ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ ധാരണയെത്താനാണ് സി പി എമ്മിന്റെ തീരുമാനം. ബാര്‍ കേസില്‍ കോടതി മാണിയെ കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ ഇക്കാര്യം പറഞ്ഞ് മാണിയെ അകറ്റി നിര്‍ത്താനാകില്ല. വിശാല ഐക്യമെന്ന ലക്ഷ്യത്തോടെ മാണിയെ ഇടതുപക്ഷത്തെടുക്കണമെന്നാണ് സി പി എം നിലപാട്. മാണി ബി ജെ പിയുമായി ബന്ധമുണ്ടാകുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകരുതെന്നും സി പി എം നിര്‍ബന്ധം പിടിക്കുന്നു. സി പി ഐയുടെ നിലപാട് വിശദീകരണം ബാലിശമാണെന്നും സി പി എമ്മിന് അഭിപ്രായമുണ്ട്. ദേശീയ നേതാക്കള്‍ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തിയിരുന്നു. സജി ചെറിയാന് ജയസാധ്യത ഉള്ളതിനാല്‍ മാണി ഗ്രൂപ്പ് വോട്ട് നല്‍കുമെന്ന് കേരള കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസുമായി തത്കാലം ബന്ധം വേണ്ടെന്നാണ് മാണിയുടെ തീരുമാനം. ഇക്കാര്യം ജോസ് കെ മാണിയും വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം മാണിയെ യു ഡി എഫിലേക്ക് കൊണ്ടു വരാന്‍ ഉമ്മന്‍ചാണ്ടി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ തീവ്രശ്രമം നടത്തുന്നുണ്ട്.

Latest