Connect with us

Kerala

ഹയര്‍സെക്കന്‍ഡറി ചോദ്യപേപ്പര്‍ ചോര്‍ച്ച; ക്രൈംബ്രാഞ്ചിന്റെ നിഗമനം സ്ഥിരീകരിക്കാതെ പോലീസ്

Published

|

Last Updated

തിരുവനന്തപുരം: ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന്റെ നിഗമനം സ്ഥിരീകരിക്കാതെ പോലീസ്. ഇതുസംബന്ധിച്ച അന്വേഷണം നടത്തുന്ന പോലീസ് സംഘം ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണ സംഘത്തെ സഹായിക്കുന്ന പ്രത്യേക ക്രൈംബ്രാഞ്ച് സംഘമാണ് ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന നിഗമനത്തിലെത്തിയത്. ഹയര്‍സെക്കന്‍ഡറി ഫിസിക്‌സ് പേപ്പറില്‍ 21 മാര്‍ക്കിന്റെ പത്ത് ചോദ്യങ്ങള്‍ ചോര്‍ന്നിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം. ആകെ 60 മാര്‍ക്കിന്റെ 25 ചോദ്യങ്ങളാണുണ്ടായിരുന്നത്.

അതേസമയം ചോദ്യപേപ്പര്‍ അച്ചടിച്ചത് ഉത്തരേന്ത്യയിലെ പ്രസ്സിലാണെന്നതിനാല്‍ അന്വേഷണം ഉത്തരേന്ത്യയിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്. പ്രസ്സില്‍ മലയാളി ജീവനക്കാരുണ്ടോയെന്ന കാര്യവും സംഘം അന്വേഷിക്കുന്നുണ്ട്. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറുടെ ചുമതല വഹിക്കുന്ന പി കെ സുബീര്‍ ബാബുവാണ് ചോദ്യപേപ്പര്‍ ചോര്‍ന്നുവെന്ന സംശയം പ്രകടിപ്പിച്ച് പോലീസിനെ സമീപിച്ചത്.

അതേസമയം ചോദ്യം വിദ്യാര്‍ഥികള്‍ക്ക് അയച്ചുകൊടുത്ത സൂത്രധാരനെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. ഗള്‍ഫിലുള്ള വ്യക്തിക്കു ചോദ്യം അയച്ചുകൊടുത്തുവെന്നും പിന്നീട് വിദേശ നമ്പര്‍ വഴി ചോദ്യം വിദ്യാര്‍ഥികള്‍ക്കു കൈമാറിയെന്നുമാണ് നിഗമനം. രണ്ട് അധ്യാപകരാണ് ചോര്‍ച്ചക്ക് പിന്നിലെന്നും ഒരു പെണ്‍കുട്ടിയയാണ് ചോദ്യപേപ്പര്‍ എഴുതി തയാറാക്കിയതെന്നും പ്രത്യേക അന്വേഷണസംഘം സംശയിക്കുന്നു. പരീക്ഷയുടെ രണ്ട്ദിവസം മുമ്പ് വാട്‌സ്ആപ്പ് വഴി ചോദ്യം ചോര്‍ന്നിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തല്‍.

തൃശൂര്‍ ജില്ലയിലെ കൊടങ്ങല്ലൂര്‍, മതിലകം, കോട്ടപ്പുറം എന്നീ പ്രദേശങ്ങളിലാണ് വാട്‌സ്ആപ്പ് വഴി ചോദ്യപേപ്പറിലെ ചില ഭാഗങ്ങള്‍ പ്രചരിച്ചത്. യഥാര്‍ഥ ചോദ്യപേപ്പറില്‍നിന്നാണോ ചോര്‍ച്ച സംഭവിച്ചത്, ചോദ്യം തയാറാക്കിയ അധ്യാപകര്‍ക്ക് ഇതില്‍ പങ്കുണ്ടോ, ഡയറക്ടറേറ്റില്‍നിന്നു ചോദ്യം ചോരാനുള്ള സാധ്യത എന്നിവ കേന്ദ്രീകരിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്നത്. അതേസമയം പോലീസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചോര്‍ച്ച സ്ഥിരീകരിച്ചാല്‍ വീണ്ടും പരീക്ഷ നടത്തേണ്ടിവരുന്നത് വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നരിക്കെ ഇത് സംബന്ധിച്ച് അന്വേഷണ സംഘത്തിന് മേല്‍ സമ്മര്‍ദമുണ്ടായേക്കും. സംഭവത്തെ കുറിച്ച് ഒരാഴ്ചക്കകം അന്വേഷണം പൂര്‍ത്തിയാക്കാനാണ് പ്രത്യേക ക്രൈംബ്രാഞ്ച് സംഘത്തിന് നല്‍കിയിരിക്കുന്ന നിര്‍ദേശം.

തൃശൂര്‍ ജില്ലാ ഹയര്‍ സെക്കന്‍ഡറി എക്‌സാം കോ-ഓര്‍ഡിനേറ്റര്‍ കരീം വല്ലത്തുപാടിക്ക് വാട്ട്‌സ്ആപ്പ് വഴി ചോദ്യങ്ങള്‍ ലഭിക്കുകയും അക്കാര്യം ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ജോയിന്റ് ഡയറക്ടര്‍ ഇമ്പിച്ചികോയയെ അദ്ദേഹം അറിയിക്കുകയും ചെയ്തതോടെയാണ് സംഭവം പുറത്തറിയുന്നത്. 10 ചോദ്യങ്ങള്‍ കൈയക്ഷരത്തില്‍ തയാറാക്കിയ രൂപത്തിലാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചത്.

Latest