Connect with us

National

കര്‍ണാടക: ബി ജെ പി സര്‍വേയില്‍ കോണ്‍ഗ്രസിന് മേല്‍ക്കൈ

Published

|

Last Updated

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിന് ആരവമുയരാന്‍ ആഴ്ചകള്‍ മാത്രം ബാക്കിയിരിക്കെ, ബി ജെ പി നടത്തിയ സര്‍വെ പ്രവചിക്കുന്നത് കോണ്‍ഗ്രസ് വിജയം. കോണ്‍ഗ്രസ് നൂറിന് മുകളില്‍ സീറ്റുകള്‍ നേടി അധികാരത്തിലെത്തുമെന്നാണ് ബി ജെ പി നടത്തിയ ആഭ്യന്തര സര്‍വെ ഫലത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ആകെയുള്ള 224 സീറ്റുകളില്‍ 108 ഓളം സീറ്റ് കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് സര്‍വെ ഫലം.
കര്‍ണാടകയില്‍ താമര വിരിയിക്കാനുള്ള ബി ജെ പി നീക്കം അത്ര എളുപ്പമാകില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. ഇത് ബി ജെ പി ക്യാമ്പില്‍ മ്ലാനത പരത്തിയിരിക്കുകയാണ്. പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡന്റ് ബി എസ് യെദ്യൂരപ്പയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാണിച്ച് പ്രചാരണം നടത്തിയതാണ് തിരിച്ചടിയായിരിക്കുന്നതെന്ന് സര്‍വേ വ്യക്തമാക്കുന്നു.

ലിംഗായത്ത് സമുദായത്തിന് മതന്യൂനപക്ഷ പദവി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം വലിയ തിരിച്ചടിയാണ് ബി ജെ പിക്ക് നല്‍കിയിട്ടുള്ളതെന്ന് വ്യക്തമാക്കുന്നതാണ് സര്‍വെ ഫലം.

സര്‍ക്കാറിന്റെ ഉറച്ച തീരുമാനം വഴി ലിംഗായത്ത് സമുദായത്തെ കോണ്‍ഗ്രസുമായി അടുപ്പിക്കാന്‍ സാധിച്ചുവെന്നാണ് സര്‍വേ വിലയിരുത്തല്‍. സാമുദായികമായും രാഷ്ട്രീയമായും കര്‍ണാടകത്തില്‍ ഏറെ സ്വാധീനമുള്ള ലിംഗായത്തുകളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കുക വഴി ഇവരുടെ വോട്ട് ബേങ്ക് സ്വന്തമാക്കാന്‍ കഴിയുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയെ ശരിവക്കുന്നതാണ് ബി ജെ പി നടത്തിയ സര്‍വേയുടെ ഫലം. മത പദവി എന്ന ആവശ്യം കേന്ദ്രം അംഗീകരിച്ചാലും ഇല്ലെങ്കിലും നേട്ടമുണ്ടാവുക കോണ്‍ഗ്രസിനാണ്.

224 നിയമസഭാ മണ്ഡലങ്ങളുള്ള കര്‍ണാടകയില്‍ 100 മണ്ഡലങ്ങളിലെങ്കിലും തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായക ശക്തിയാണ് ലിംഗായത്ത് സമുദായം. ബി എസ് യെദ്യൂരപ്പയെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചതിനോട് ഭൂരിഭാഗം വോട്ടര്‍മാരും വിയോജിപ്പാണ് പ്രകടിപ്പിച്ചതെന്ന് സര്‍വെ പറയുന്നു. സ്വന്തം നിലക്ക് ബി ജെ പി നടത്തിയ സര്‍വെ അവര്‍ക്ക് തന്നെ തിരിച്ചടിയായത് നേതാക്കളെയും പ്രവര്‍ത്തകരെയും ഞെട്ടിപ്പിച്ചിരിക്കുകയാണ്.

സംസ്ഥാനത്തെ ഇളക്കി മറിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രചാരണം ബി ജെ പി ക്യാമ്പില്‍ ആശങ്ക പരത്തിയിട്ടുണ്ട്. ഈ പ്രതിസന്ധിയില്‍ നിന്ന് കര കയറാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പാര്‍ട്ടിയുടെ കേന്ദ്രനേതാക്കളെയും മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താനാണ് സംസ്ഥാന ബി ജെ പി നേതൃത്വത്തിന്റെ നീക്കം. ഇതിന്റെ ഭാഗമായി തീരദേശ മേഖലയില്‍ കേന്ദ്ര മന്ത്രി ആനന്ദ് കുമാര്‍ ഹെഗ്‌ഡെയെ ഇറക്കിയുള്ള പ്രചാരണം ബി ജെ പി തുടങ്ങിക്കഴിഞ്ഞു. സമീപകാലത്ത് തിരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ച ഹിന്ദുത്വ രാഷ്ട്രീയം പുതിയ രൂപത്തില്‍ കര്‍ണാടകയില്‍ പയറ്റാനും ബി ജെ പി കരുക്കള്‍ നീക്കുന്നുണ്ട്.

Latest