പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം: 75 ശതമാനം ക്ലാസ് മുറികള്‍ സ്മാര്‍ട്ട് ആയി

  • ഏറ്റവും കൂടുതല്‍ ഹൈടെക് ക്ലാസ് റൂമുകള്‍ മലപ്പുറത്ത്
  • അവശേഷിക്കുന്നവ മെയില്‍ ഹൈടെക്കാകും
Posted on: March 26, 2018 6:16 am | Last updated: March 25, 2018 at 11:56 pm
SHARE

തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തി 45,000 ക്ലാസ്മുറികള്‍ ഹൈടെക്കാക്കുന്നതിന്റെ ഭാഗമായി 33,775 ക്ലാസ്മുറികള്‍ ഹൈടെക് ആക്കുന്ന നടപടിക്രമങ്ങള്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യൂക്കേഷന്‍ (കൈറ്റ്) പൂര്‍ത്തിയാക്കി. ഇതോടെ 75 ശതമാനം ക്ലാസ് മുറികളും ഹൈടെക്കായി.

ഓരോ ക്ലാസ്മുറികളിലേക്കും ലാപ്‌ടോപ്പുകള്‍, മള്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍, മൗണ്ടിംഗ് കിറ്റുകള്‍, സ്‌ക്രീനുകള്‍ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റലേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ക്ലാസ്മുറിക്ക് 1,000 രൂപയും സ്‌ക്രീനിന് പകരം ഭിത്തി പെയിന്റ് ചെയ്യുന്നതിന് 1,500 രൂപയും സ്‌കൂളുകള്‍ക്ക് അനുവദിക്കുന്നു. ഹൈടെക് സംവിധാനമൊരുക്കാന്‍ സജ്ജമായ ക്ലാസ്മുറികളിലേക്കാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. നിലവില്‍ ഏറ്റവും കൂടുതല്‍ ക്ലാസ്മുറികള്‍ ഹൈടെക്കായ (3,782 ക്ലാസ്മുറികള്‍) ജില്ല മലപ്പുറമാണ്. കോഴിക്കോടും (3,446) തൃശൂരുമാണ് (3,085) തൊട്ടടുത്ത്.
ക്ലാസ്മുറികള്‍ സജ്ജമാക്കാന്‍ സമയം ആവശ്യപ്പെട്ടിട്ടുള്ള അവശേഷിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്മുറികള്‍ കൂടി മെയ് മാസത്തോടെ ഹൈടെക്കാക്കും. അടുത്ത അധ്യയനവര്‍ഷം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ എട്ട് മുതല്‍ 12 വരെ ക്ലാസുകളുള്ള സര്‍ക്കാര്‍, ഐയിഡഡ്‌മേഖലകളിലെ എല്ലാ സ്‌കൂളുകളിലെയും ക്ലാസ്മുറികള്‍ ഹൈടെക്കാകും. അവശേഷിക്കുന്ന 12,000 ക്ലാസ് മുറികള്‍ സജ്ജമാകുന്ന മുറക്ക് ഹൈടെക് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. ക്ലാസ് റൂം സജ്ജമാക്കിയ വിവരം കൈറ്റിന്റെ ജില്ലാ കോ- ഓര്‍ഡിനേറ്റര്‍മാരെ അടുത്ത മാസം 20ന് മുമ്പ് അറിയിക്കണം.

ഹൈടെക് ക്ലാസ്മുറികളില്‍ പ്രയോജനപ്പെടുത്തുന്നതിനുള്ള ‘സമഗ്ര’ റിസോഴ്‌സ് പോര്‍ട്ടല്‍ തയ്യാറായിക്കഴിഞ്ഞു. ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് എല്ലാ സ്‌കൂളുകള്‍ക്കും ലഭ്യമാക്കി. സമഗ്ര ഉപയോഗിച്ച് ഹൈടെക് ക്ലാസ്മുറികളില്‍ പഠിപ്പിക്കുന്നതിനുള്ള പ്രത്യേക പരിശീലനം അധ്യാപകര്‍ക്കും ലിറ്റില്‍ കൈറ്റ്‌സ് അംഗങ്ങള്‍ക്കും അവധിക്കാലത്ത് നല്‍കാനുള്ള നടപടികള്‍ ആരംഭിച്ചതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. ക്ലാസ് മുറികളില്‍ നെറ്റ്‌വര്‍ക്കിംഗ് നടത്തുന്ന പ്രക്രിയയും ഏപ്രില്‍ ആദ്യവാരം ആരംഭിക്കും.

സെക്കന്‍ഡറി തലത്തില്‍ നടപ്പാക്കുന്ന ഹൈടെക് സ്‌കൂള്‍ സ്‌കീമിന്റെ തുടര്‍ച്ചയായി ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലുള്ള 11,000ത്തിലധികം പ്രൈമറി, അപ്പര്‍ പ്രൈമറി സ്‌കൂളുകളില്‍ ഹൈടെക് ലാബ് സംവിധാനം ഒരുക്കാനായി 300 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ ബജറ്റില്‍ വകയിരിത്തിയിട്ടണ്ട്.

 

LEAVE A REPLY

Please enter your comment!
Please enter your name here