മലമ്പുഴയില്‍ നിന്ന് വ്യവസായ പാര്‍ക്കിലേക്ക് വെള്ളം: പദ്ധതിയില്‍ നിന്ന് പിന്തിരിയാതെ ജല അതോറിറ്റി

Posted on: March 26, 2018 6:28 am | Last updated: March 25, 2018 at 11:51 pm
SHARE

പാലക്കാട്: കാര്‍ഷികാവശ്യത്തിനും കുടിക്കാനും വെള്ളം കിട്ടാതെ ജനം നെട്ടോട്ടമോടുമ്പോള്‍ മലമ്പുഴ അണക്കെട്ടിലെ വെള്ളം വ്യവസായികാവശ്യങ്ങള്‍ക്കായെടുക്കുന്നു. കഞ്ചിക്കോട്ടെ പെപ്‌സി കമ്പനിക്കും മദ്യനിര്‍മാണ കമ്പനികള്‍ക്കും ചുരുങ്ങിയ വിലക്ക് വെള്ളം നല്‍കുന്നതിന് പുറമെയാണ് കിന്‍ഫ്ര വ്യവസായ പാര്‍ക്കിലേക്കും വെള്ളം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നത്. പ്രതിഷേധത്തെ തുടര്‍ന്ന് കിന്‍ഫ്ര വ്യവസായപാര്‍ക്കിലേക്ക് വെള്ളമെത്തിക്കാനുള്ള പദ്ധതി തത്കാലം നിര്‍ത്തിവെച്ചെങ്കിലും പദ്ധതിയുമായി മുന്നോട്ട് പോകാനാണ് ജല അതോറിറ്റിയുടെ തീരുമാനം. കിന്‍ഫ്ര പൈപ്പ്‌ലൈന്‍ വിരുദ്ധ സമിതി സമര്‍പ്പിച്ച ഹരജിയിന്മേല്‍ ഹൈക്കോടതി എതിര്‍കക്ഷികളോട് വിശദീകരണം തേടിയിരുന്നു. ഇതിന് മറുപടി കൊടുക്കാന്‍ ആറ് മാസത്തെ സമയം ചോദിച്ചിരിക്കുകയാണ് വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍. അതേസമയം, കടുത്ത വേനലില്‍ പദ്ധതി നടപ്പാക്കുമ്പോഴുള്ള ജനങ്ങളുടെ എതിര്‍പ്പ് മറികടക്കുന്നതിന് വേണ്ടിയാണ് ആറ് മാസത്തെ സമയം ഉദ്യോഗസ്ഥര്‍ ചോദിച്ചിട്ടുള്ളതെന്നാണ് പൈപ്പ്‌ലൈന്‍ വിരുദ്ധസമിതി പ്രവര്‍ത്തകരുടെ വാദം.

വേനല്‍ കടുത്തതോടെ ജില്ലയുടെ പല മേഖലകളും കഠിനമായ വരള്‍ച്ചയിലാണ്. ഭൂരിഭാഗം പ്രദേശത്തും കൃത്യമായി കുടിവെള്ളം പോലും കിട്ടാത്ത അവസ്ഥ. ഇതിനിടയിലാണ് വ്യവസായ പാര്‍ക്കിലേക്ക് വെള്ളം നല്‍കാനുള്ള തീരുമാനം.

ജലസേചന വകുപ്പ് കുടിവെള്ള വിതരണത്തിനായി നല്‍കുന്ന 96 ദശലക്ഷം ലിറ്റര്‍ വെള്ളത്തില്‍നിന്ന് 38 ദശലക്ഷം ലിറ്റര്‍ വെള്ളം ഇപ്പോള്‍ത്തന്നെ ജല അതോറിറ്റി വ്യവസായ സ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ഇതിന് പുറമെയാണ് ദിനംപ്രതി 20 ദശലക്ഷം ലിറ്റര്‍ വെള്ളം കിന്‍ഫ്രക്ക് നല്‍കാന്‍ ഒരുങ്ങുന്നത്. കുടിവെള്ള വിതരണത്തിന് വേണ്ടി മാത്രമാണ് ജലസേചന വകുപ്പ് ജല അതോറിറ്റിക്ക് 96 ദശലക്ഷം ലിറ്റര്‍ വെള്ളം നല്‍കുന്നത്. ജലസേചന വകുപ്പില്‍ നിന്ന് വിവരാവകാശ പ്രകാരം ലഭിച്ച മറുപടിയില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍, കുടിവെള്ളത്തിന് അനുവദിച്ച വെള്ളത്തില്‍ നിന്ന് 38 ദശലക്ഷം ലിറ്റര്‍ വെള്ളം കുപ്പിവെള്ള കമ്പനിയടക്കമുള്ള വിവിധ കമ്പനികള്‍ക്ക് ജല അതോറിറ്റി നല്‍കുകയാണ്. ഇത്തരത്തില്‍ 140 വ്യവസായിക കണക്ഷനുകളാണ് ജല അതോറിറ്റി നല്‍കിയിട്ടുള്ളത്. മലമ്പുഴ ഡാമില്‍ ഇപ്പോള്‍ അവശേഷിക്കുന്നത് 102.95 മീറ്റര്‍ വെള്ളമാണ്. വേനല്‍ കുറേക്കൂടി ശക്തമാകുന്നതോടെ പട്ടാമ്പി, ഒറ്റപ്പാലം, ഷൊര്‍ണ്ണൂര്‍ മേഖലകളിലേക്ക് വെള്ളമെത്തിക്കുന്നതിനായി ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കി വിടേണ്ടി വരും. 2014 മുതല്‍ ഭാരതപ്പുഴയിലേക്ക് വെള്ളമൊഴുക്കുന്നുണ്ട്. ഇതോടെ ഡാമിലെ വെള്ളത്തിന്റെ അളവില്‍ ഇനിയും കാര്യമായ കുറവ് വരും. ഡാമിന്റെ ജലസംഭരണ ശേഷിയും ആദ്യകാലത്തെ അപേക്ഷിച്ച് കുറവാണ്. 226 ക്യൂബിക് മീറ്റര്‍ ആയിരുന്നു ആദ്യകാലത്തെ ജലസംഭരണ ശേഷി. എന്നാല്‍, വര്‍ഷങ്ങളായി ഡാമിന്റെ അടിത്തട്ടില്‍ ചെളിയും മണലും അടിഞ്ഞുകൂടിയതോടെ സംഭരണ ശേഷിയില്‍ 28.26 ക്യൂബിക് മീറ്ററിന്റെ കുറവുണ്ടായിട്ടുണ്ടെന്ന് പീച്ചിയിലെ കേരള എന്‍ജിനീയറിംഗ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. 2013ലാണ് കഞ്ചിക്കോടുള്ള കിന്‍ഫ്രയിലേക്ക് വെള്ളം കൊടുക്കാന്‍ തീരുമാനമായത്.

കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 19ന് ജലഅതോറിറ്റി എം ഡി ഷൈനമോള്‍ പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും നല്‍കി.
102 കമ്പനികള്‍ ഉള്‍പ്പെട്ട വ്യവസായ പാര്‍ക്കായ കിന്‍ഫ്രയിലേക്ക് ദിവസം 20 ദശലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്നതാണ് പദ്ധതി. ഇതിനായി ടെന്‍ഡര്‍ നല്‍കുകയും കൊല്‍ക്കത്തയില്‍ നിന്ന് 32 ലോഡ് പൈപ്പുകള്‍ കൊണ്ടുവന്ന് പദ്ധതിപ്രദേശത്ത് ഇറക്കുകയും ചെയ്തു. എന്നാല്‍ കര്‍ഷകരും പൊതുപ്രവര്‍ത്തകരുമടങ്ങുന്ന കിന്‍ഫ്ര പൈപ്പ്‌ലൈന്‍ വിരുദ്ധ സമിതിയുടെ പ്രതിഷേധത്തെ തുടര്‍ന്ന് പദ്ധതി തുടങ്ങി വെക്കാനായില്ലെങ്കിലും കിന്‍ഫ്ര വ്യവസായപാര്‍ക്കിലേക്ക് വെള്ളം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് ഒരടി പിന്നോട്ടില്ലെന്നാണ് ജല അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത്.

മലമ്പുഴ അണക്കെട്ടിലെ വെള്ളം കിന്‍ഫ്ര അടക്കമുള്ള വ്യവസായികാവശ്യങ്ങള്‍ക്ക് നല്‍കുന്നപക്ഷം ജില്ലയിലെ കൃഷിക്ക് വേണ്ടത്രെ വെള്ളം നല്‍കാനും കഴിയില്ല. ഇത് കാര്‍ഷിക മേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടും. ഇതിന് പുറമെ കുടിവെള്ള ക്ഷാമവും രൂക്ഷമാക്കുമെന്നാണ് പരിസ്ഥിതിപ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.