Connect with us

National

രാജ്യവ്യാപക മെഡിക്കന്‍ ബന്ദിന് നീക്കം

Published

|

Last Updated

ന്യൂഡല്‍ഹി: മെഡിക്കല്‍ ബില്ലിനെതിരെ രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങി ഡോക്ടര്‍മാര്‍. ബില്ലിലെ വിവാദ തീരുമാനങ്ങള്‍ പിന്‍വലിക്കുന്നതു വരെ സമരം ശക്തമാക്കാന്‍ ഐ എം എ ദേശീയ നേതൃത്വം തീരുമാനിച്ചു. ഇതിനോടനുബന്ധിച്ച് ഡോക്ടര്‍മാര്‍ രാജ്യവ്യാപകമായി മെഡിക്കല്‍ ബന്ദ് നടത്തും. ബന്ദിന്റെ തീയതി പിന്നീട് പ്രഖ്യാപിക്കും. ഇതിന് മുന്നോടിയായി ദേശവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ഥികളും ജൂനിയര്‍ ഡോക്ടര്‍മാരും ഏപ്രില്‍ രണ്ടിന് പണിമുടക്കാനും ഡല്‍ഹിയില്‍ നടന്ന പ്രതിഷേധ സമരമായ മഹാ പഞ്ചായത്തില്‍ തീരുമാനിച്ചു.
ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ ഐ എം എ ദേശീയ പ്രസിഡന്റ് രവി വാങ്കഡേക്കര്‍ ഡോക്ടര്‍മാരുടെ മഹാ പഞ്ചായത്ത് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ ഡോക്ടര്‍മാരും മെഡിക്കല്‍ വിദ്യാര്‍ഥികളുമടക്കം അമ്പതിനായിരത്തോളം പേര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു.

മഹാ പഞ്ചായത്തിന് മുന്നോടിയായി ഐ എം എ ദേശീയ പ്രസിഡന്റ് ഡോ. രവി വങ്കടേക്കറിന്റെ നേതൃത്വത്തില്‍ രാജ്യമാകെ ദേശീയജാഥ നടത്തിയിരുന്നു. ജനാധിപത്യപരമായ പ്രാതിനിധ്യം ഉണ്ടായിരുന്ന ഭരണനിര്‍വാഹക സമിതിയെ പൂര്‍ണമായും ഒഴിവാക്കി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന അംഗങ്ങളെ മാത്രം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള നാഷനല്‍ മെഡിക്കല്‍ ബില്‍ വന്‍ അഴിമതിക്ക് വഴിതെളിയിക്കും. ബ്രിഡ്ജ് കോഴ്‌സ് വഴി വ്യാജ വൈദ്യന്‍മാരെ സൃഷ്ടിക്കാനുള്ള നടപടി ഭാരതത്തിന്റെ ആരോഗ്യ മേഖലയുടെ പുരോഗതിക്ക് വന്‍ തിരിച്ചടിയാകും. മെഡിക്കല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് വീണ്ടും ലൈസന്‍സ് പരീക്ഷ നടപ്പാക്കുന്നത് കച്ചവട താത്പര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ്. ഇത്തരം വിവിധ പ്രശ്‌നങ്ങള്‍ എന്‍ എം സി ബില്ലില്‍ നിന്നും മാറ്റണമെന്നാവശ്യപ്പെട്ടാണ് ഐ എം എ ദേശീയ തലത്തില്‍ പ്രക്ഷോഭം നടത്തുന്നത്.