ഫേസ്ബുക്ക് ലൈവില്‍ അശരണരുടെ കണ്ണീരൊപ്പി ഫിറോസ്

Posted on: March 26, 2018 6:28 am | Last updated: March 25, 2018 at 11:47 pm
പാലക്കാട് തെരുവില്‍ അലയുന്നവര്‍ക്ക് സൗജന്യമായി ഭക്ഷണം വിതരണം ചെയ്യുന്ന ഫിറോസ്

മലപ്പുറം: ഫേസ്ബുക്ക് ലൈവിലൂടെ അശരണരുടെയും രോഗികളുടെയും കണ്ണീരൊപ്പുകയാണ് കുന്നംപറമ്പില്‍ ഫിറോസ്. സാമൂഹിക മാധ്യമങ്ങളെ കാരുണ്യ പ്രവര്‍ത്തനത്തിന് ഉപയോഗിക്കാമെന്ന് പുതുതലമുറക്ക് കാണിച്ചുകൊടുക്കുകയാണ് ഈ 34കാരന്‍. രോഗവുമായി പ്രയാസപ്പെടുന്ന സാധാരണക്കാര്‍ക്ക് ചികിത്സക്ക് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിനാണ് ഫേസ്ബുക്ക് ലൈവില്‍ ഇടപെടുന്നത്.

ഇങ്ങനെ 2.5 കോടി രൂപയാണ് പാവപ്പെട്ടവര്‍ക്ക് ശേഖരിച്ച് നല്‍കിയത്. ശസ്ത്രക്രിയക്ക് പണമില്ലാതെ കഷ്ടപ്പെടുന്നവര്‍ക്കും വീടുവെക്കാന്‍ കഴിയാത്തവര്‍ക്കുമാണ് ഫേസ്ബുക്ക് ലൈവ് സാന്ത്വന സ്പര്‍ശമാകുന്നത്. ഒരു വര്‍ഷത്തോളമായി നന്മ നിറഞ്ഞ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചിട്ട്. ദുരിതമനുഭവിക്കുന്നവര്‍ എവിടെ നിന്ന് വിളിച്ചാലും അവരെ നേരില്‍ കണ്ട് പ്രയാസങ്ങള്‍ ഉറപ്പുവരുത്തിയതിന് ശേഷമാണ് ഫേസ്ബുക്ക് ലൈവില്‍ സംസാരിക്കുന്നത്. സാമ്പത്തിക സഹായത്തിന് ആവശ്യമായ പണമെല്ലാം ദുരിതം അനുഭവിക്കുന്നവരുടെ ബേങ്ക് അക്കൗണ്ട് നമ്പറിലേക്കാണ് എത്തുക.
തൃശൂര്‍ ജില്ലയിലെ 28കാരനായ സുബീഷിന്റെ വാല്‍വ് ശസ്ത്രക്രിയക്ക് 30 ലക്ഷം രൂപയാണ് ശേഖരിച്ചത്. പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ അലയുകയായിരുന്ന ഹംസക്കും കുടുംബത്തിനും സ്ഥലം കണ്ടെത്തി സ്വപ്‌ന ഭവനം നിര്‍മിച്ച് നല്‍കി. ചിറ്റൂര്‍ റസിയ ബാനുവിനും തിരുവനന്തപുരത്തെ ശോഭനക്കും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനുമായി. ഇങ്ങനെ 25 ഓളം കേസുകളിലാണ് ഇടപെട്ടത്. പാലക്കാട് മൊബൈല്‍ ഷോപ്പ് നടത്തുന്നതോടൊപ്പമാണ് വിവര സാങ്കേതിക വിദ്യ ഉപയോഗിച്ച് കാരുണ്യ പ്രവര്‍ത്തനം നടത്താന്‍ ഫിറോസ് സമയം കണ്ടെത്തുന്നത്. തെരുവില്‍ അലയുന്നവര്‍ക്ക് ഹോട്ടലുകളില്‍ ബാക്കിയുള്ള ഭക്ഷണം വിതരണം ചെയ്താണ് ചാരിറ്റി പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചത്.