Connect with us

Kerala

അധ്യാപകനെതിരെ കേസെടുത്തത് ഫാറൂഖ് കോളജിനെ ലക്ഷ്യം വെച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടി

Published

|

Last Updated

മലപ്പുറം: ആവിഷ്‌കാര സ്വാതന്ത്ര്യമെന്നത് കേരളത്തില്‍ രണ്ട് രീതിയിലാണെന്നതിന്റെ ഉദാഹരണമാണ് ഫാറൂഖ് കോളജ് അധ്യാപകന്‍ ജൗഹര്‍ മുനവറിനെതിരായ പോലീസ് കേസെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എം പി. സമാന അഭിപ്രായം പൊതുവേദികളില്‍ പങ്കുവെച്ചവര്‍ക്കെതിരെ പോലും കേസില്ലാത്ത സാഹചര്യത്തിലാണ് ക്ഷണിക്കപ്പെട്ട സദസ്സിന് മുന്നില്‍ മതബോധന ക്ലാസ് എടുത്തയാള്‍ക്കെതിരെ കേസെടുത്തത്. മതപ്രഭാഷകര്‍ക്ക് മതം പറയുന്നതിന് പോലും സ്വാതന്ത്ര്യം ഇല്ലാത്ത നാടായി കേരളം മാറി.

വസ്ത്രധാരണ രീതിയെക്കുറിച്ച് സാഹിത്യകാരന്മാര്‍, ബുദ്ധിജീവികള്‍, കലാകാരന്മാര്‍, ഗായകര്‍ എന്നിവര്‍ നിരവധി വിവാദ പ്രസ്താവനകള്‍ മുമ്പും നടത്തിയിട്ടുണ്ട്. ഇവര്‍ക്കെതിരെയൊന്നും കേസെടുക്കാതെ ഫാറൂഖ് കോളജ് അധ്യാപകന്‍ നടത്തിയ പ്രസ്താവനയില്‍ കേസെടുത്തത് ന്യായീകരിക്കാനാവില്ല. ആവിഷ്‌കാര സ്വതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്. ഉത്തരേന്ത്യയിലേതിന് സമാനമായ അവസ്ഥയിലേക്കാണ് സംസ്ഥാനം പോകുന്നത്. തീതുപ്പുന്ന വര്‍ഗീയ പ്രസംഗകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാതിരിക്കുകയും മതപ്രബോധകര്‍ക്കെതിരെ നടപടിയെടുക്കുകയും ചെയ്യുന്നത് സംഘ്പരിവാര്‍ മനോഭാവമാണ്. അഭിപ്രായ സ്വാതന്ത്ര്യത്തെ ഭീഷണിപ്പെടുത്തി ഒതുക്കാമെന്ന് ആരും കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്താണെന്ന് മനസ്സിലാകുന്നില്ല. മതപ്രചാരകര്‍ക്കും സാംസ്‌കാരിക നായകന്മാര്‍ക്കും പ്രസംഗിക്കാന്‍ പാടില്ലെന്ന വല്ല തീരുമാനവും സര്‍ക്കാര്‍ കൈകൊണ്ടിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം. കേസുകള്‍ വലുതാക്കി പ്രത്യേക ലക്ഷ്യം നേടാനുള്ള ഈ നീക്കത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവില്ല. ഇത്തരം പ്രവണതകളെ ശക്തമായി നേരിടുകതന്നെ ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.