Connect with us

National

ഇലക്ട്രിക് വാഹനങ്ങളുടെ പെര്‍മിറ്റ് നിബന്ധന ഒഴിവാക്കാന്‍ ശിപാര്‍ശ

Published

|

Last Updated

ന്യൂഡല്‍ഹി: വര്‍ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണം തടയാന്‍ ഇലക്‌ട്രോണിക് വാഹനങ്ങള്‍ വ്യാപകമാക്കണമെന്ന് നീതി ആയോഗ്. ഇതിന്റെ ഭാഗമായി ഇലക്‌ട്രോണിക് വാഹനങ്ങള്‍ക്കുള്ള പെര്‍മിറ്റ് നിബന്ധനകള്‍ ഒഴിവാക്കണമെന്ന് നീതി ആയോഗ് സര്‍ക്കാറിന് ശിപാര്‍ശ ചെയ്തു. നീതി ആയോഗിന്റെ കീഴില്‍ രൂപവത്കരിച്ച പ്രത്യേക കര്‍മസമിതിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. പാരിസ്ഥിതിക സൗഹൃദമായ ഗതാഗത സൗകര്യം കണ്ടെത്തുന്നതിനായി നീതി ആയോഗും കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയും സംയുക്തമായാണ് കര്‍മസമിതി രൂപവത്കരിച്ചത്. പെട്രോളിയം ഉത്പന്നങ്ങള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ വ്യാപകമായ അന്തരീക്ഷ മലിനീകരണം സൃഷ്ടിക്കുന്നുവെന്നും തരതമ്യേന പരിസ്ഥിതി സൗഹൃദമായ ഇലക്‌ട്രോണിക് വാഹനങ്ങള്‍ നിരത്തിലിറക്കുന്നതിനാവശ്യമായ പെര്‍മിറ്റ് ചട്ടങ്ങള്‍ ലഘൂകരിക്കണമെന്നുമാണ് നീതി ആയോഗ് കര്‍മസമിതി സമിതിയുടെ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെടുന്നത്.

ഓരോ വര്‍ഷവും ഇലക്‌ട്രോണിക് വാഹനങ്ങളുുടെ പെര്‍മിറ്റുകള്‍ പുതുക്കുന്നത് ചെലവ് വര്‍ധിപ്പിക്കുന്നതിന് പുറമെ ജനങ്ങള്‍ക്ക് സമയനഷ്ടവുമുണ്ടാക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ദേശീയ, സംസ്ഥാന തലങ്ങളില്‍ നിലവിലെ പെര്‍മിറ്റ് വ്യവസ്ഥകളില്‍ മാറ്റം ആവശ്യമാണ്. എന്നാല്‍, സുരക്ഷ സംബന്ധിച്ച് കാര്യത്തില്‍ ഇനിയും ആലോചനകള്‍ ആകാമെന്നും ഇക്കാര്യം ഇലക്‌ട്രോണിക് വാഹനങ്ങളുടെ വ്യാപനത്തെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് പറയുന്നുണ്ട്. വലിയ നഗരങ്ങള്‍ക്കുള്ളില്‍ ഇന്റര്‍ സിറ്റി ഇലക്‌ട്രോണിക് ബസ് സര്‍വീസുകള്‍ ദീര്‍ഘകാല കാഴ്ചപ്പാടോടു കൂടി നടപ്പാക്കേണ്ടതുണ്ട്. രാജ്യത്ത് ഇരുചക്ര വാഹനങ്ങളും മുച്ചക്ര വാഹനങ്ങളും വര്‍ധിച്ചുവരികയാണ്. അതുകൊണ്ട് തന്നെ ഇ വി ടെക്‌നോളജി (ഇലക്‌ട്രോ നോവോല്‍ഡ് ടെക്‌നോളജി) നടപ്പാക്കുന്നുതിനുള്ള അവസരമാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇലക്‌ട്രോണിക് വാഹനങ്ങള്‍ പരിസ്ഥിതി സൗഹൃദമാണ്. ഇതിന് കൂടുതല്‍ പ്രോത്സാഹനം നല്‍കേണ്ടതുണ്ട്. മലിനീകരണം വലിയതോതില്‍ ഉണ്ടാക്കുന്ന വാഹനങ്ങള്‍ക്ക് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കീഴില്‍ നിയന്ത്രണമേര്‍പ്പെടുത്താന്‍ നിയമങ്ങള്‍ ശക്തമാക്കണം. ബയോ ഇന്ധനങ്ങള്‍, മറ്റു പാരിസ്ഥിതിക സൗഹൃദ ഇന്ധനങ്ങള്‍ എന്നിവക്ക് പ്രോത്സാഹനം നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന് പുറമെ പട്ടണങ്ങളില്‍ സ്വകാര്യ വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് ഫീസ് ഏര്‍പ്പെടുത്തുക പൊതുഗതാഗത മാര്‍ഗങ്ങള്‍ വ്യാപകമാക്കുക, ഇരുപത് വര്‍ഷത്തിലധികം പഴക്കമുള്ള വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നത് നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും മുന്നോട്ടുവെക്കുന്നുണ്ട്.

ഡല്‍ഹിയടക്കമുള്ള രാജ്യത്തെ വലിയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വര്‍ധിച്ചുവെന്ന് കണ്ടെത്തിയെതിനെ തുടര്‍ന്നാണ് സര്‍ക്കാറും മറ്റു ഏജന്‍സികളും പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് ബദല്‍ മാര്‍ഗങ്ങള്‍ തേടി ഇറങ്ങിയത്. ഡല്‍ഹിക്ക് പുറമെ മുംബൈ, ഹൈദരാബാദ് ഉള്‍പ്പെടെയുള്ള രാജ്യത്തെ പ്രധാന നഗരങ്ങള്‍ അന്തരീക്ഷ മലിനീകരണം നേരിടുന്നുണ്ടെന്ന് കണ്ടെത്തിയിരുന്നു.

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തില്‍ ഹരിത ട്രൈബ്യൂണല്‍ ഇടപെടുകയും കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകള്‍ക്കെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വാഹന മലിനീകരണമുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പഠിക്കാന്‍ നീതി ആയോഗ് പ്രത്യേക സംഘത്തെ നിയോഗിച്ചത്.

Latest