Connect with us

National

ഡോക്ടര്‍മാര്‍ പുറത്തേക്ക് പറക്കേണ്ട

Published

|

Last Updated

ന്യൂഡല്‍ഹി: ഡോക്ടര്‍മാര്‍ നിശ്ചിതകാലം രാജ്യത്തിനകത്ത് സേവനം ചെയ്തിരിക്കണമെന്ന നിബന്ധന കൊണ്ടുവരണമെന്ന് പാര്‍ലിമെന്ററി സമിതി. ബിരുദ പഠനത്തിനു ശേഷം ഡോക്ടര്‍മാര്‍ ഒരു വര്‍ഷം നിര്‍ബന്ധമായും ഗ്രാമീണ മേഖലയില്‍ സേവനം ചെയ്യണമെന്നത് പരിഗണിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍- 2017 വിഭാവനം ചെയ്യുന്ന രീതിയില്‍ ദന്തല്‍, നഴ്‌സിംഗ് ഉള്‍പ്പെടെയുള്ള കൗണ്‍സിലുകള്‍ പുനഃസംഘടിപ്പിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു. ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലിമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം സി ഐ)യുടെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് സമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തില്‍ നിര്‍ദിഷ്ട ദേശീയ മെഡിക്കല്‍ കമ്മീഷനിലെ അംഗങ്ങള്‍ സാമ്പത്തിക, വാണിജ്യ താത്പര്യങ്ങള്‍ നിര്‍ബന്ധമായും പ്രസ്താവിക്കണമെന്നും സമിതി ശിപാര്‍ശ ചെയ്തു.

നിരവധി പേര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് പഠിക്കുകയും ആദ്യ അവസരത്തില്‍ തന്നെ വിദേശത്തേക്ക് പോകുകയും ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിശ്ചിതകാലം രാജ്യത്തിനകത്ത് സേവനം ചെയ്യണമെന്ന നിബന്ധന മുന്നോട്ടുവെച്ചതെന്ന് സമിതി ചെയര്‍മാന്‍ പ്രൊഫസര്‍ രാംഗോപാല്‍ യാദവ് പറഞ്ഞു. ഗ്രാമീണ മേഖലയില്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിത സേവനം ചെയ്യുമ്പോള്‍ അവര്‍ക്ക് ഉചിതമായ വേതനവും സുരക്ഷയും സര്‍ക്കാര്‍ ഉറപ്പ് വരുത്തണമെന്നും സമിതി നിര്‍ദേശിച്ചു. ആവശ്യമായ സ്റ്റാഫും സൗകര്യങ്ങളും ഉണ്ടെന്നും ഉറപ്പ് വരുത്തണം. ഗ്രാമീണ മേഖലയിലും ഉള്‍പ്രദേശങ്ങളിലും ഡോക്ടര്‍മാരുടെ കുറവ് പരിഹരിക്കാന്‍ ഇതുവഴി സാധിക്കുമെന്നും സമിതി ചൂണ്ടിക്കാട്ടുന്നു.

നിലവില്‍ ചില സംസ്ഥാനങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ നിന്ന് മെഡിക്കല്‍ ബിരുദം നേടിയവര്‍ ഗ്രാമീണ മേഖലയില്‍ നിര്‍ബന്ധിത സേവനം നടത്തണമെന്ന് നിഷ്‌കര്‍ഷിക്കുന്നത്.

പാരാമെഡിക്കല്‍, അനുബന്ധ മെഡിക്കല്‍ സേവനങ്ങളായ ഫിസിയോതെറാപ്പി, ഒപ്‌റ്റോമെട്രി തുടങ്ങിയ മേഖലകളിലെ ലൈസന്‍സ്, അക്രഡിറ്റേഷന്‍ മാനദണ്ഡങ്ങള്‍ എന്നിവ നിയന്ത്രിക്കുന്നതിനായി നിയമനിര്‍മാണം കൊണ്ടുവരണമെന്നും പാര്‍ലിമെന്ററി സമിതി ശിപാര്‍ശ ചെയ്തു.
അതേസമയം, ഒരു വര്‍ഷത്തെ നിര്‍ബന്ധിത സേവനം നടപ്പാക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പറഞ്ഞു. ഒരു വര്‍ഷം 67,000 മെഡിക്കല്‍ ബിരുദധാരികളാണ് പുറത്തിറങ്ങുന്നത്. 27,000 പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളാണുള്ളത്. അവിടെ 3,500 ഒഴിവുകളാണുള്ളതെന്നും ഐ എം എ പ്രസിഡന്റ് ചൂണ്ടിക്കാട്ടി.

Latest