Connect with us

National

ബി ജെ പിയുടെ നമ്മ ബെംഗളൂരു പുരസ്‌കാരം ഐ ജി ഡി രൂപ നിരസിച്ചു

Published

|

Last Updated

ബെംഗളൂരു: ബി ജെ പിയുടെ “നമ്മ ബെംഗളൂരു” പുരസ്‌കാരം മുന്‍ ജയില്‍ ഡി ഐ ജി ഡി രൂപ നിരസിച്ചു. ബി ജെ പി നേതാവും രാജ്യസഭാ എം പിയുമായ രാജീവ് ചന്ദ്രശേഖര്‍ സ്ഥാപിച്ച ബെംഗളൂരുവിലെ സന്നദ്ധ സംഘടനയാണ് “നമ്മ ബെംഗളൂരു”. സംഘടനയുടെ പുരസ്‌കാരം സ്വീകരിക്കാന്‍ തന്റെ മനഃസാക്ഷി അനുവദിക്കുന്നില്ലെന്ന് ഫൗണ്ടേഷന് അയച്ച കത്തില്‍ രൂപ വ്യക്തമാക്കി. ഗവണ്‍മെന്റ് ഒഫീഷ്യല്‍ ഓഫ് ദി ഇയര്‍ എന്ന പുരസ്‌കാരത്തിനാണ് രൂപയെ നാമനിര്‍ദേശം ചെയ്തത്. എട്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിയുടെ പേര് ബെംഗളൂരുവില്‍ സംഘടിപ്പിക്കുന്ന ചടങ്ങിലാണ് പ്രഖ്യാപിക്കുക.

വിവിധ മേഖലകളില്‍ മികച്ച സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ഫൗണ്ടേഷന്‍ നല്‍കുന്ന പുരസ്‌കാരത്തിന്റെ ഒമ്പതാം എഡിഷനിലാണ് ഡി രൂപ തിരഞ്ഞെടുക്കപ്പെട്ടത്. രണ്ട് കോടി രുപ കൈക്കൂലി വാങ്ങി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ എ ഐ ഡി എം കെ നേതാവ് വി കെ ശശികലക്ക് വി ഐ പി പരിഗണന നല്‍കിയെന്നുള്ള രൂപയുടെ അന്വേഷണ റിപ്പോര്‍ട്ട് കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. ഇതേ തുടര്‍ന്ന് ജയില്‍ ചുമതലയില്‍ നിന്നും രൂപയെ കഴിഞ്ഞ വര്‍ഷം ട്രാഫിക്കിലേക്ക് മാറ്റിയിരുന്നു. നിലവില്‍ ബെംഗളൂരുവിലെ ഹോംഗാര്‍ഡ്, സിവില്‍ ഡിഫന്‍സ് ഐ ജിയാണ് രൂപ.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുള്ള സംഘടനകളുമായും പ്രസ്ഥാനങ്ങളുമായും അകലം പാലിക്കുകയും നിഷ്പക്ഷത വെച്ചുപുലര്‍ത്തുകയും ചെയ്യണമെന്നും എന്നാല്‍ മാത്രമേ ജനങ്ങളുടെ മുമ്പില്‍ കളങ്കരഹിതമായ പ്രതിച്ഛായ നിലനിര്‍ത്താന്‍ കഴിയുകയുള്ളൂവെന്ന് ഫൗണ്ടേഷന് രൂപ അയച്ച കത്തില്‍ പറയുന്നു.

Latest