രാജ്യസഭയില്‍ 51 പേര്‍ ക്രിമിനല്‍ കേസ് പ്രതികള്‍

Posted on: March 26, 2018 6:07 am | Last updated: March 25, 2018 at 11:10 pm

ന്യൂഡല്‍ഹി: രാജ്യസഭയില്‍ 51 അംഗങ്ങള്‍ കൊലപാതകമടക്കമുള്ള ക്രമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് റിപ്പോര്‍ട്ട്. അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്ന സംഘടന നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. രാജ്യസഭാ അംഗങ്ങളുടെ തിരഞ്ഞെടുപ്പ് നാമനിര്‍ദേശ പത്രികകളിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പഠനം നടത്തിയിരിക്കുന്നത്.

229 അംഗങ്ങളുടെ നാമനിര്‍ദേശ പത്രിക പരിശോധിച്ചതില്‍ 51 പേര്‍ ക്രിമിനല്‍ കുറ്റ കൃത്യങ്ങളില്‍ പ്രതികളാണ്. ഇത് 22 ശതമാനത്തോളം വരുമെന്നും ഇവയില്‍ 20 ശതമാനം കൊലപാതകമുള്‍പ്പെടെയുള്ള ഗുരുതര കുറ്റകൃതങ്ങളില്‍ ഉല്‍പ്പെടുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ക്രിമിനല്‍ കേസുകളില്‍ പെട്ടവര്‍ കൂടുതലുള്ളത് മഹാരാഷ്ട്ര (എട്ട്), ബീഹാര്‍ (ഏഴ്), ഉത്തര്‍പ്രദേശില്‍ (ആറ്), തമിഴ് നാട് (ആറ്) മധ്യപ്രദേശ് (മൂന്ന്)എന്നങ്ങനെയാണ്. അതോടൊപ്പം രാജ്യസഭയിലെ 88 അംഗങ്ങള്‍ കോടിപതികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്.