മന്‍ കി ബാത്ത് : വരും ദിനങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയെന്ന് പ്രധാനമന്ത്രി

Posted on: March 26, 2018 6:13 am | Last updated: March 25, 2018 at 11:08 pm

ന്യൂഡല്‍ഹി: വരുന്ന ദിനങ്ങള്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ദൂരദര്‍ശനിലെ ഡി ഡി കിസാന്‍ ചാനല്‍ എല്ലാ കര്‍ഷകരും കണ്ട് അതില്‍ പറയുന്ന കാര്യങ്ങള്‍ കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മോദി ആവശ്യപ്പെട്ടു.

കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കി കര്‍ഷകരെ സഹായിക്കാനുള്ള ഏറ്റവും വലിയ തീരുമാനം ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെന്നും മോദി അറിയിച്ചു. മഹാത്മാ ഗാന്ധിയുടെ 150ാമത് ജന്മവാര്‍ഷികാഘോഷങ്ങള്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുന്നു. ഗാന്ധിജി കൃഷിയും മണ്ണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാകും. ലോകം രണ്ടാം ലോക മഹായുദ്ധത്തെക്കുറിച്ചും ശീതയുദ്ധത്തെക്കുറിച്ചും ചര്‍ച്ച ചെയ്തപ്പോള്‍ ഡോ. ബി ആര്‍ അംബേദ്കര്‍ സമത്വത്തെക്കുറിച്ചും ഐക്യത്തെക്കുറിച്ചും പറഞ്ഞു.
ഇന്ത്യ വിദേശ നിക്ഷേപത്തില്‍ വന്‍ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ഇന്ത്യയെ ഒരു വ്യവസായിക രാജ്യമാക്കുക എന്നത് അംബേദ്കറുടെ സ്വപ്‌നമായിരുന്നു. അദേഹത്തിന്റെ സ്വയം പര്യാപ്തത എന്ന കാഴ്ചപ്പാടില്‍ ഊന്നി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി മന്‍ കി ബാത്തില്‍ പറഞ്ഞു. ആരോഗ്യ സംരക്ഷണത്തിന് യോഗ പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യ ലോകത്തിന് നല്‍കിയ സംഭാവനയാണ് യോഗ. യോഗയുടെ പ്രാധാന്യത്തെ കുറിച്ച് ബോധവത്കരണം നടത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞു. വേനല്‍കാലത്ത് മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കുമായി വീടിനു പുറത്ത് വെള്ളം സൂക്ഷിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു.