ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ വ്യോമാക്രമണം

Posted on: March 26, 2018 6:24 am | Last updated: March 25, 2018 at 10:53 pm

റാമല്ല: ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്‌റാഈല്‍ സൈന്യം ഗാസയിലെ റാഫയില്‍ വ്യോമാക്രമണം നടത്തി. വ്യോമാക്രമണത്തില്‍ നിരവധി നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് പ്രാഥമിക വിവരം. സാധാരണക്കാരെ ഭീകരന്മാരാക്കി ഇസ്‌റാഈല്‍ നടത്തുന്ന അധിനിവേശമാണ് വ്യോമാക്രമണത്തിലൂടെ തെളിയുന്നതെന്ന് ഹമാസ് വക്താവ് ഫൗസി ബര്‍ഹൂം പ്രസ്താവനയില്‍ വ്യക്തമാക്കി. അതിര്‍ത്തിയിലെ വേലി നശിപ്പിക്കാന്‍ നാല് ഫലസ്തീനികള്‍ നടത്തിയ ശ്രമത്തെ തുടര്‍ന്നാണ് വ്യോമാക്രമണമെന്ന് ഇസ്‌റാഈല്‍ അറിയിച്ചു. തുരങ്കങ്ങളിലൂടെ അതിര്‍ത്തി മുറിച്ചുകടക്കുന്നത് തടയാന്‍ ലക്ഷ്യമാക്കി നിര്‍മിച്ച വേലിക്ക് കേടുപാടുവരുത്താന്‍ യുവാക്കള്‍ ശ്രമിച്ചതായി ഇസ്‌റാഈല്‍ വൃത്തങ്ങള്‍ ആരോപിച്ചു. ഇതിന് ശേഷം ഇവര്‍ ഗാസയിലേക്ക് തന്നെ തിരിച്ചുപോയതായും ഇസ്‌റാഈല്‍ പറയുന്നു. ഫലസ്തീനികള്‍ക്ക് ദുരിതം സമ്മാനിക്കുന്ന വേലിയുടെ നിര്‍മാണം 2019ഓടെ പൂര്‍ത്തിയാകുമെന്നാണ് കണക്കാക്കുന്നത്. 65 കിലോമീറ്റര്‍ നീളത്തിലാണ് ഇസ്‌റാഈല്‍ അതിര്‍ത്തിയില്‍ വേലി നിര്‍മിക്കുന്നത്.