Connect with us

Articles

വേനല്‍ ഉണങ്ങാതിരിക്കട്ടെ, (ദു)ശീലങ്ങളെ കരിച്ചു കളയാം

Published

|

Last Updated

വേനലില്‍ മണ്ണില്‍ പതിഞ്ഞു കിടക്കുന്ന ഉണങ്ങിയ ഇലകളും ഉണക്ക പ്പുല്ലുകളും നിസാരമെന്നു കരുതിയോ നിങ്ങള്‍? എങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. മണ്ണിനും മനുഷ്യനും ഇതര ജീവജാലങ്ങള്‍ക്കും വേണ്ടിയുള്ളതാണ് സത്യത്തില്‍അവയുടെ പ്രകൃതിയോട് ഇണങ്ങിയ നിയോഗം. വേനല്‍ കടുത്തതോടെ ജലക്ഷാമം രൂക്ഷമാവുകയാണ്. ഒപ്പം കെടുതികളും. വെള്ളമില്ലായ്മയും ഉഷ്ണജന്യ രോഗങ്ങളും കാത്തിരിക്കുന്നു. മുന്‍കരുതലുകളെ പഴിച്ചും സര്‍ക്കാര്‍ സജ്ജീകരണങ്ങളെ കുറ്റം പറഞ്ഞും മിടുക്ക് കാട്ടുകയാണ് നമ്മള്‍. അവസരോചിതമായ ഇടപെടലുകള്‍ കൊണ്ട് വേനലിനെ ഒരു പരിധി വരെ ക്ലേശരഹിതമാക്കാന്‍ സാധ്യമാണെന്ന് എത്ര പേര്‍ക്കറിയാം? ചെയ്തു കൊണ്ടിരിക്കുന്നതില്‍ ചിലതെല്ലാം നമുക്ക് തന്നെ പാരയാണെന്ന് തിരിച്ചറിയാത്തവരാണ് അധിക പേരും.

ജലലഭ്യതയുള്ളപ്പോള്‍ തഴച്ചുവളരുകയും പിന്നീട് കരിഞ്ഞുണങ്ങുകയും ചെയ്യുന്ന പുല്ലു പുഷ്പങ്ങളും ചെറുതും വലുതുമായ മരങ്ങളില്‍ നിന്നും വള്ളികളില്‍ നിന്നും വെയിലേറ്റു ഉണങ്ങി വീഴുന്ന കരിയിലകളും സംരക്ഷിക്കപ്പെടുക എന്നത് വേനല്‍ക്കാലത്തെ ശീലമായിത്തീരണം. അവയെ അവഗണിച്ചു തള്ളുന്നതും നശിപ്പിക്കുന്നതും വീഴച ആണെന്ന് തിരിച്ചറിയുക. ഉണ ക്കപ്പുല്ലുകളും കരിയിലകളും പ്രകൃതിയില്‍ ചെയ്യുന്ന സേവനങ്ങള്‍ അറിയാതെ പോകരുത്! ഒരു പാട് പ്രകൃതിഗുണങ്ങള്‍ ചെയ്തു തരാന്‍ പാകത്തിലാണ് അവയുടെ മണ്ണില്‍ അടിഞ്ഞുകിടപ്പ്. വേനല്‍ക്കാലങ്ങളിലെ വൈകുന്നേരങ്ങളില്‍ അടിച്ചു കൂട്ടിയ ഇലകളും വള്ളികളും ഉണക്കപ്പുല്ലും കൂട്ടിയിട്ടു തീക്കൊടുത്ത് “പരിസരം വൃത്തിയാക്കുന്ന”വരെ കാണാം. കൃഷിയിടങ്ങളില്‍ കത്തിക്കരിഞ്ഞ വെണ്ണീര്‍” വളമായി കിട്ടുമെന്ന ധാരണയും പരിസരം വൃത്തിയാകുമല്ലോ എന്ന വിചാരവുമായിരിക്കും അങ്ങനെ ചെയ്യുന്നവര്‍ക്കുണ്ടാവുക. മറ്റു ചിലരാകട്ടെ ചപ്പുചവറുകള്‍ക്കിടയില്‍ ഇഴജന്തുക്കളുണ്ടാ കുമെന്ന ധാരണയിലാണ് അങ്ങനെ ചെയ്യുന്നത്.
വേനല്‍ കത്തിക്കാളുമ്പോള്‍ മണ്ണിന്റെ ഈര്‍പ്പം കാക്കുന്നതില്‍ മുഖ്യപങ്ക് വഹിക്കുന്നുണ്ട് കരിയിലകളും ഉണക്കപ്പുല്ലുകളും. നമുക്കവയെ നിസ്സാരമായി കാണാമെങ്കിലും പെയ്തു തീര്‍ന്ന മഴ നനവുകളെ കുടിച്ചെടുത്ത് ചൂടിലും ഉള്ളുണങ്ങാതെ പൊന്തിനില്‍ക്കാന്‍ വന്നവയാണ് അവയെന്ന് തിരിച്ചറിയുക. ചൂടിന്റെ കടുപ്പത്തില്‍ മണ്ണ് കൂടി ഉണങ്ങിയാല്‍ പിന്നെ ഭൂപ്രതലത്തില്‍ കാലു കുത്തി നടക്കാന്‍ പറ്റാതാകും. പ്രകൃതിയുടെ ഭദ്രമായ ചാക്രികവ്യവസ്ഥക്ക് വിള്ളലേല്‍ക്കും. “മണ്ണുണങ്ങിയാല്‍ മനുഷ്യനുണങ്ങു”മെന്ന് മനസ്സിലാക്കി ഇലകളും പുല്ലുകളും വെറുതെ തീയിട്ടു പരിസരം വൃത്തിയാക്കുന്ന ദുശ്ശീലം കൈയൊഴിക്കുകയാണ് പ്രകൃതിബോധമുള്ളവര്‍ ചെയ്യേണ്ടത്.

ഭൂമിക്കു മുകളില്‍ നിലനില്‍ക്കുന്ന നനവ് അടിയോടെ വറ്റിയാല്‍ താറുമാറാകുന്നത് സുഗമമായ ജീവിത വ്യവസ്ഥയാണ്. കണ്ണുകൊണ്ട് കാണാവുന്നതിലപ്പുറം ആഴത്തില്‍ ഈ ഭൂനനവ് പറ്റിച്ചേര്‍ന്നു കിടക്കുന്നുണ്ട്. പരിസ്ഥിതി സൗഹൃദപരമായ സാഹചര്യം നിലനിര്‍ത്തുന്നതില്‍ ഈ അവസ്ഥക്ക് വലിയ പങ്കാണുള്ളത്. ഇലകളും പുല്ലുകളും കരിച്ചു കളയുന്നതോടെ ഈ നനവ് വരണ്ടുപോകുകയും മണ്ണ് ഒന്നിനും കൊള്ളാത്ത പരുവത്തില്‍ എത്തിച്ചേരുകയും ചെയ്യും.

നനവും പശിമയും ഉള്ള മണ്‍പ്രതലത്തില്‍ സുഖമായി വസിക്കാന്‍ സാധിക്കുന്ന ജീവിവര്‍ഗങ്ങളാണ് ചെറുജീവികള്‍. ഉരഗവര്‍ഗത്തില്‍ പെടുന്ന പാമ്പ്, തേരട്ട, ഉറുമ്പ്, പാറ്റ, കൂറ പോലുള്ള അസംഖ്യം ജീവികള്‍ തണുപ്പേറ്റ് സുഖകരമായ വേനല്‍ക്കാലവാസത്തിനു തിരഞ്ഞെടുക്കുന്ന ഇടങ്ങളാണ് ഇലകള്‍ക്കും പുല്ലുകള്‍ക്കും അടിഭാഗം. അവ കരിഞ്ഞു പോയി ഭൂമി ഉണങ്ങുന്ന പക്ഷം പരിതസ്ഥിതിയോട് ഇണങ്ങാന്‍ കഴിയാതെ അവയുടെ ജീവിതം അവതാളത്തിലാവുക സ്വാഭാവികമാണ്. അവ പിന്നെ വീട്ടുനുള്ളിലേക്കു കയറിവരികയും ചെയ്യും.

നാം കാണുന്നില്ലെങ്കിലും അന്തരീക്ഷത്തില്‍ നിറയെ പൊടിപടലങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇളകിപ്പാറുന്ന പൊടികളില്‍ നിന്ന് നാം പലപ്പോഴും മൂക്കും കണ്ണും പൊത്തി രക്ഷപ്പെടാന്‍ നോക്കാറില്ലേ? കാറ്റിലും മറ്റും ഇറങ്ങി നടക്കാന്‍ മടിക്കുന്നത് പൊടിപടലങ്ങള്‍ വരുത്തുന്ന പ്രയാസങ്ങളെ ഓര്‍ത്ത്‌കൊണ്ടാണല്ലോ. വേനല്‍ക്കാലത്തെ പൊടിപടലങ്ങളെ പാറാതെ കാക്കുന്നത് നാം നിഷ്‌കരുണം കരിക്കാന്‍ തുനിയുന്ന ഉണങ്ങിയ ഇലകളും പുല്ലുകളും ആണെന്നറിയുക. മഴയും നനവും ഉള്ളപ്പോള്‍ പൊടി പാറില്ലെന്ന് നമുക്കറിയാം. വേനലില്‍ അതിനു സാധ്യത കൂടുതലാണ്. ആ ഘട്ടത്തില്‍ ഒരു സുരക്ഷാ കവചം പോലെ മണ്ണില്‍ അമര്‍ന്നു കിടക്കുന്ന ദൗത്യമാണ് ഉണങ്ങിയ ഇലകളും വള്ളികളും പുല്ലുകളും നിര്‍വഹിക്കുന്നത്.

വേനല്‍ കനത്തു കത്തുന്നതിനിടെ കന്നി, തുലാം മാസങ്ങളില്‍ ഇടമഴ ലഭിക്കാറുണ്ടല്ലോ. ആ മഴ നനവിനെ സ്‌പോഞ്ച് പോലെ കുടിച്ചെടുത്ത് ഭൂമിക്കു നല്‍കുന്നതില്‍ മുഖ്യപങ്കുവഹിക്കുന്നത് നാം നിസാരമായി കാണുന്ന ഈ ഉണക്കയിലകളും പുല്ലുകളുമാണ്. ഇടി മിന്നലോടെയുള്ള മഴവേളകളില്‍ ഇങ്ങനെ സുപ്രധാന ദൗത്യം നിര്‍വഹിച്ച് മണ്ണിനെ കൃഷിയോഗ്യമായി/വളക്കൂറുള്ളതായി നിലനിര്‍ത്തുന്നത് ഒരു പരിധി വരെ ഈ സവിശേഷ വേനല്‍ക്കാല പ്രക്രിയയിലൂടെയാണ്. അവയെ കരിച്ചു കളയുന്നതിലൂടെ ഇത്തരം സുപ്രധാന സാധ്യതകളെ അറുത്തു കളയുകയാണ് നാം.
ഇലകള്‍/ഉണക്കപ്പുല്ലുകള്‍ കൂടിക്കിടന്ന് തണുത്തുറഞ്ഞു നില്‍ക്കുന്ന മണ്ണിലൂടെ മണ്‍സുഷിരങ്ങളിലേക്ക് എളുപ്പത്തില്‍ വെള്ളം ഊര്‍ന്നിറങ്ങുന്നതിനാല്‍ ഇടമഴവേളകളിലും മറ്റും കിണറില്‍ വേഗത്തില്‍ വെള്ളം നിറയാന്‍ സഹായകമാകുന്നു. വെയിലേറ്റ് തുറന്നുണങ്ങിക്കിടക്കുന്ന മണ്ണിലൂടെയുള്ളതിനേക്കാള്‍ കൂടിയ വേഗത്തിലും എളുപ്പത്തിലുമാണ് അവിടങ്ങളിലൂടെ ജലധാരകള്‍ ഉള്ളിലേക്കിറങ്ങുക.

നനവ് കാക്കുന്ന ഇലകളും പുല്ലുകളും അതിലൂടെ മണ്ണിന്റെ തണുപ്പ് കൂടിയാണ് നില നിര്‍ത്തുന്നത്. തണുത്ത മണ്ണില്‍ ജീവിക്കാനും ഇടപഴകാനും മനുഷ്യരുള്‍പ്പെടെയുള്ള ജീവികള്‍ക്ക് സൗകര്യവും സുഖവും ഒരുക്കുകയാണ് ഈ വീണു കൂടിക്കിടക്കുന്ന ഇലകള്‍. വേനല്‍ ചൂടില്‍ എരിപൊരി കൊള്ളുന്നതിനിടയില്‍ വീണ്ടും വീണ്ടും അതിനെ കരിച്ചു കളയാതിരിക്കാം. പകരം നനവും തണുപ്പും കരുതലും കാത്തു വെക്കാനായി വേനല്‍ക്കാല (ദു)ശീലങ്ങളെ കരിച്ചു കളയുകയും ചെയ്യാം.