ഇവിടെ എന്തിന് ഒരനലിറ്റിക്ക!

വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു അനലിറ്റിക്കയുടെ ആവശ്യമില്ലെന്നതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. കാരണം ആധാറെന്ന പേരില്‍ രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ ശേഖരിക്കുന്നുണ്ട്. ശേഖരിച്ച വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയോ അവര്‍ ചോര്‍ത്തിയെടുക്കുകയോ ചെയ്യുന്നുമുണ്ട്, ഇപ്പോള്‍ തന്നെ. പകുതിയിലധികം പേരുടെ വിവരങ്ങള്‍ ആധാറായി ഇതിനകം സര്‍ക്കാര്‍ ശേഖരിച്ചുകഴിഞ്ഞു. അനലിറ്റിക്ക അഞ്ച് കോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയെങ്കില്‍ 70 കോടിപ്പേരുടെ വിവരങ്ങള്‍ ചോരാന്‍ പാകത്തില്‍ തയ്യാറായിരിക്കുന്നു നമ്മുടെ സര്‍ക്കാറിന്റെ പക്കല്‍. ആ വിവരങ്ങളെ അധാരമാക്കി ജനങ്ങളെ നിരീക്ഷിച്ച്, അധികാരത്തുടര്‍ച്ച സാധ്യമാക്കാന്‍ പാകത്തിലുള്ള നടപടികള്‍ സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് എളുപ്പമാണെന്ന് ചുരുക്കം. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പലകുറി പുറത്തുവന്നിട്ടുണ്ട്. ഭരണകൂടം ഏര്‍പ്പെടുത്തുന്ന അനലിറ്റിക്ക പോലുള്ള കമ്പനിക്ക്, വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക പോലും പ്രയാസമുള്ള കാര്യമല്ല.
Posted on: March 26, 2018 6:01 am | Last updated: March 25, 2018 at 10:24 pm

2005 മുംബൈ. ഭാരതീയ ജനതാ പാര്‍ട്ടിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള ആഘോഷം നടക്കുന്നു. അടല്‍ ബിഹാരി വാജ്പയി മുതലിങ്ങോട്ട് പാര്‍ട്ടിയുടെ സകല നേതാക്കളുമുണ്ട്. ആഘോഷപ്പൊലിമ അധികം നീണ്ടില്ല. രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആര്‍ എസ് എസ്) പ്രചാരകനായി തുടങ്ങി, ബി ജെ പിയുടെ ദേശീയ നേതൃനിരയിലേക്ക് എത്തിയ സഞ്ജയ് ജോഷി ലൈംഗികാപവാദത്തില്‍പ്പെട്ടുവെന്ന വാര്‍ത്തയാണ് ആഘോഷങ്ങള്‍ക്ക് വിരാമമിട്ടത്. സഞ്ജയ് ജോഷി, ഒരു സ്ത്രീക്കൊപ്പം കഴിയുന്നതിന്റെ ദൃശ്യങ്ങളടങ്ങിയ സി ഡി, സമ്മേളന വേദിക്ക് പുറത്ത് വിതരണം ചെയ്യപ്പെടുകയായിരുന്നു. ആര്‍ എസ് എസ്സിനെ ബി ജെ പിയുമായി ബന്ധിപ്പിക്കുന്ന കണ്ണിയായിരുന്നു അത്രനാളും സഞ്ജയ് ജോഷി. വാജ്പയി, അഡ്വാനി, മുരളി മനോഹര്‍ ജോഷി തുടങ്ങിയവരുള്‍ക്കൊള്ളുന്ന നിരക്ക് ശേഷം ബി ജെ പിയുടെ നേതൃപദവിയിലേക്ക് ആര്‍ എസ് എസ് കണ്ടുവെച്ചിരുന്ന നേതാവ്. സി ഡി പുറത്തുവന്നതോടെ സഞ്ജയ് ജോഷി രാജി നല്‍കി. പിന്നീടിതുവരെ ബി ജെ പിയുടെ നേതൃനിരയിലേക്ക് മടങ്ങിയെത്തിയില്ല ജോഷി.

മഹാരാഷ്ട്രക്കാരനായ സഞ്ജയ് ജോഷിയെ, സംഘ പ്രചാരകനായും പിന്നീട് ബി ജെ പി സംഘാടകനായും ഗുജറാത്തിലേക്ക് നിയോഗിക്കുകയായിരുന്നു ആര്‍ എസ് എസ്. ഗുജറാത്തിലെ പാര്‍ട്ടിയില്‍ നരേന്ദ്ര മോദിയേക്കാളും സ്വാധീനമുണ്ടാക്കിയ നേതാവ്. മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേലിനെതിരെ ബി ജെ പിയില്‍ പടയൊരുങ്ങിയപ്പോള്‍ പട്ടേലിനൊപ്പം നിന്നു ജോഷി. പട്ടേലിനെ മാറ്റി മുഖ്യമന്ത്രി സ്ഥാനം പിടിച്ചെടുത്തതോടെ നരേന്ദ്ര മോദിയുടെ എതിരാളിയുടെ സ്ഥാനത്തായി സഞ്ജയ് ജോഷി. ഗുജറാത്തില്‍ നിന്ന് വൈകാതെ പുറത്താക്കപ്പെടുകയും ചെയ്തു. ജോഷിയെ ബി ജെ പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാക്കാന്‍ ആര്‍ എസ് എസ് ശ്രമം നടത്തുന്നതിനിടെയാണ് സി ഡി വിതരണമുണ്ടായത്.
വിതരണം ചെയ്ത സി ഡി കൃത്രിമമായുണ്ടാക്കിയതാണെന്ന് പിന്നീട് തെളിഞ്ഞു. ഗുജറാത്ത് പോലീസ് വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലില്‍ മരിച്ചതായി രേഖപ്പെടുത്തിയ സുഹ്‌റാബുദ്ദീന്‍ ശൈഖായിരുന്നു സി ഡിയിലുണ്ടായിരുന്നത് എന്നും മോര്‍ഫ് ചെയ്ത് സഞ്ജയ് ജോഷിയാക്കിയതാണെന്നും അങ്ങനെ ചെയ്തതില്‍ ബി ജെ പിയിലെ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടായിരുന്നുവെന്നും കഥകളുണ്ട്. എന്തായാലും മുംബൈയിലെ വേദിക്ക് സമീപത്ത് സി ഡി വിതരണം ചെയ്തത് ഗുജറാത്ത് പോലീസില്‍ ഇന്‍സ്‌പെക്ടറായിരുന്ന ബി കെ ചൗബെയും ഏതാനും പോലീസുകാരുമായിരുന്നുവെന്ന് കണ്ടെത്തി. ഗുജറാത്തില്‍ വെച്ചാണ് സി ഡി നിര്‍മിച്ചത് എന്നും പൊലീസിലെ ഭീകരവിരുദ്ധ വിഭാഗത്തിന്റെ തലവനായിരുന്ന ഡി ജി വന്‍സാരയുടെ നിര്‍ദേശമനുസരിച്ചാണ് വിതരണം ചെയ്തത് എന്നും ബി കെ ചൗബെ സി ബി ഐക്ക് മൊഴി നല്‍കുകയും ചെയ്തു. സുഹ്‌റാബുദ്ദീന്‍ ശൈഖ് ഉള്‍പ്പെടെ നിരവധി പേരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ചതിന്റെ മുഖ്യ ആസൂത്രകന്‍ ഡി ജി വന്‍സാരയായിരുന്നു. ഇശ്‌റത്ത് ജഹാന്‍ ഉള്‍പ്പെടെ നാല് പേരെ വെടിവെച്ച് കൊന്ന് ഏറ്റുമുട്ടലായി ചിത്രീകരിച്ച കേസില്‍, കറുത്ത താടിയുടെയും വെളുത്ത താടിയുടെയും നിര്‍ദേശമുണ്ടായിരുന്നു കൊലക്ക് എന്ന് പറഞ്ഞയാളുമാണ് ഡി ജി വന്‍സാര. കറുത്ത താടിയെന്ന് വിശേഷിപ്പിച്ചത് അമിത് ഷായെയും വെളുത്ത താടിയെന്ന് വിശേഷിപ്പിച്ചത് നരേന്ദ്ര മോദിയെയുമാണെന്നാണ് ആരോപണം.

അമിത് ഷായുമായും നരേന്ദ്ര മോദിയുമായും അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ഡി ജി വന്‍സാരയുടെ നിര്‍ദേശപ്രകാരമാണ് സഞ്ജയ് ജോഷി ഉള്‍പ്പെട്ട വ്യാജ സി ഡി വിതരണം ചെയ്തതെങ്കില്‍, സി ഡി നിര്‍മിച്ച് വിതരണം ചെയ്യാന്‍ നിര്‍ദേശിച്ച ബി ജെ പിയുടെ ഉയര്‍ന്ന നേതാക്കള്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരം അനുമാനിക്കാവുന്നതേയുള്ളൂ. ഈ ‘പഴങ്കഥ’ ഇത്ര വിസ്തരിച്ചത്, അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിനെ സഹായിക്കാന്‍ ഫേസ് ബുക്കില്‍ നിന്ന് അഞ്ച് കോടിപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റിക്ക എന്ന കമ്പനി ശേഖരിച്ചത് പുറത്തുവന്ന സാഹചര്യത്തിലാണ്. വിവരങ്ങള്‍ ചോര്‍ത്തുക മാത്രമല്ല, രാഷ്ട്രീയ നേതാക്കളെ ലൈംഗിക കെണിയില്‍പ്പെടുത്താനും അനലിറ്റിക്ക മടിച്ചിരുന്നില്ലെന്ന് കമ്പനിയുടെ മുന്‍ ജീവനക്കാരന്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേ കെണിയാണ് 2005ല്‍ മുംബേയില്‍ വെച്ചത്.
സ്വന്തം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവിനെ, രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ കെണിയൊരുക്കിയവര്‍ അടങ്ങുന്ന പാര്‍ട്ടിയാണ് ഇന്ത്യന്‍ യൂനിയനില്‍ ഇപ്പോള്‍ ഭരണത്തില്‍. അവര്‍ അനലിറ്റിക്കയുടെ മാതൃക പിന്തുടരാനുള്ള സാധ്യത വിരളമല്ല. സ്വന്തം പാര്‍ട്ടിയിലെ നേതാവിന് കെണിവെച്ചവര്‍ എതിര്‍ പക്ഷത്തുള്ളവര്‍ക്ക് കെണിയൊരുക്കാന്‍ മടിക്കില്ല. സഞ്ജയ് ജോഷിക്കൊരുക്കിയതിന്റെ ആവര്‍ത്തനമാകണമെന്നില്ലെന്ന് മാത്രം. അത്തരം കെണികള്‍ രാഷ്ട്രീയത്തിലെ എതിരാളികളെ മാത്രം ലക്ഷ്യമിടുന്നതാകുമോ? അതോ ജനങ്ങളെയാകെപെടുത്താന്‍ പാകത്തിലുള്ള കെണികള്‍ ആവിഷ്‌കരിക്കപ്പെടുമോ? അമേരിക്കയിലെ ജനങ്ങളെയാകെ പെടുത്തുന്ന കെണിയാണ് ഫേസ് ബുക്കില്‍ നിന്ന് അഞ്ച് കോടിപ്പേരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് കേംബ്രിഡ്ജ് അനലിറ്റിക്ക തയ്യാറാക്കിയത്. അതിന്റെ ആവര്‍ത്തനത്തിനുള്ള സാധ്യത എത്രത്തോളമാണ് ഇന്ത്യന്‍ യൂനിയനില്‍?

നിയമപ്രകാരവും അല്ലാത്തതുമായ പല നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നുണ്ട് ഇന്ത്യയിലെ സാമാന്യ ജനം. അത്തരം നിരീക്ഷണങ്ങള്‍ക്കുള്ള ഉപകരണം കൂടിയാണ് നേരത്തെ തന്നെ സാമൂഹിക മാധ്യമങ്ങള്‍. അധികാരവും വ്യവസായ വിജയവുമൊക്കെ ലക്ഷ്യമിടുന്നവര്‍ ഈ ഉപകരണത്തെ മുമ്പ് മുതല്‍ തന്നെ ഉപയോഗിക്കുന്നുണ്ട്. അത് കുറേക്കൂടി സംഘടിതവും ആസൂത്രിതവുമാക്കിയെന്നതാണ് അനലിറ്റിക്ക ചെയ്തത്, രാജ്യാധികാരം നിര്‍ണയിക്കാന്‍ പാകത്തിലേക്ക്.

വിവരങ്ങള്‍ ചോര്‍ത്താന്‍ ഒരു അനലിറ്റിക്കയുടെ ആവശ്യമില്ലെന്നതാണ് നമ്മളെ സംബന്ധിച്ച് ഏറ്റവും പ്രധാനം. കാരണം ആധാറെന്ന പേരില്‍ രാജ്യത്തെ പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ തന്നെ ശേഖരിക്കുന്നുണ്ട്. അതൊരു നിരീക്ഷണ ഉപാധിയായി ഇതിനകം മാറിയിട്ടുമുണ്ട്. ശേഖരിച്ച വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുകയോ അവര്‍ ചോര്‍ത്തിയെടുക്കുകയോ ചെയ്യുന്നുമുണ്ട്, ഇപ്പോള്‍ തന്നെ. ജനസംഖ്യയില്‍ പകുതിയിലധികം പേരുടെ വിവരങ്ങള്‍ ആധാറായി ഇതിനകം സര്‍ക്കാര്‍ ശേഖരിച്ചുകഴിഞ്ഞു. അനലിറ്റിക്ക അഞ്ച് കോടിപ്പേരുടെ വിവരങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് ചോര്‍ത്തിയെങ്കില്‍ 70 കോടിപ്പേരുടെ വിവരങ്ങള്‍ ചോരാന്‍ പാകത്തില്‍ തയ്യാറായിരിക്കുന്നു നമ്മുടെ സര്‍ക്കാറിന്റെ പക്കല്‍. ആ വിവരങ്ങളെ അധാരമാക്കി ജനങ്ങളെ നിരീക്ഷിച്ച്, അധികാരത്തുടര്‍ച്ച സാധ്യമാക്കാന്‍ പാകത്തിലുള്ള നടപടികള്‍ (വാഗ്ദാനങ്ങളോ ഭീഷണിപ്പെടുത്തലോ ഒക്കെയാകാം) സ്വീകരിക്കാന്‍ നരേന്ദ്ര മോദി സര്‍ക്കാറിന് എളുപ്പമാണെന്ന് ചുരുക്കം. ആധാര്‍ വിവരങ്ങള്‍ ചോരുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനകം പലകുറി പുറത്തുവന്നിട്ടുണ്ട്. ഭരണകൂടം ഏര്‍പ്പെടുത്തുന്ന അനലിറ്റിക്ക പോലുള്ള കമ്പനിക്ക്, വിവരങ്ങള്‍ ചോര്‍ത്തിയെടുക്കുക പോലും പ്രയാസമുള്ള കാര്യമല്ല.

സര്‍ക്കാര്‍ അങ്ങനെ ചെയ്യുമോ? വിവരങ്ങള്‍ ശേഖരിച്ച് വിശകലനം ചെയ്ത് പദ്ധതി തയ്യാറാക്കി അധികാരത്തുടര്‍ച്ചക്ക് സംഘ്പരിവാര്‍ ശ്രമിക്കുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ക്ക് കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലൊക്കെ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിന് ബി ജെ പി നല്‍കിയിരുന്ന പ്രാമുഖ്യം തന്നെ മറുപടിയാണ്. ഇതര പാര്‍ട്ടികളും സാമൂഹിക മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിയിരുന്നുവെങ്കിലും ബി ജെ പിയുടെയത്ര ഊര്‍ജിതമായിരുന്നില്ല. ജനങ്ങളുമായി നേരിട്ട് സംവദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാക്കിയ മൊബൈല്‍ ആപ്ലിക്കേഷനെക്കുറിച്ച് ഉയര്‍ന്ന ആരോപണം ഈ സാഹചര്യത്തില്‍ കൂടുതല്‍ പ്രധാനമാണ്. ഈ ആപ്പില്‍ അംഗമാകുന്നവര്‍ നല്‍കുന്ന വിവരങ്ങള്‍, അവരറിയാതെ മറ്റൊരു സൈറ്റിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പ്രധാനമന്ത്രിയുടെ ആപ്പില്‍ നല്‍കിയ വിവരങ്ങള്‍ ഇവ്വിധം കൈമാറ്റം ചെയ്യപ്പെടുന്നത്, ആപ്പ് തയ്യാറാക്കിയതിലുണ്ടായ പാളിച്ചയാണെന്ന് കരുതുക വയ്യ. പ്രധാനമന്ത്രിക്ക് വേണ്ടി തയ്യാറാക്കുന്ന ആപ്പ്, അതും അമ്പത്തിയാറിഞ്ച് നെഞ്ചളവുള്ള നേതാവിന് തയ്യാറാക്കുന്നത്, അത് പഴുതടച്ചതാക്കാന്‍ സാങ്കേതിക വിദഗ്ധര്‍ ശ്രമിക്കാതിരിക്കുമോ? അപ്പോള്‍പിന്നെ വിവര കൈമാറ്റം കൂടി ഉദ്ദേശിച്ച് ആപ്പുണ്ടാക്കിയെന്ന് കരുതണം. എന്തിനാണ് ഈ വിവരങ്ങള്‍ ക്ലവര്‍ടാപ് എന്ന സ്വകാര്യ കമ്പനിയുടെ ശേഖരത്തിലേക്ക് കൈമാറുന്നത്?

രാജ്യത്തെ നാഷണല്‍ കേഡറ്റ് കോപ്‌സിലെ അംഗങ്ങളെല്ലം തന്റെ ആപ്പിന്റെ ഉപഭോക്താക്കളാകണമെന്ന് നരേന്ദ്ര മോദി നിര്‍ദേശം നല്‍കിയിരുന്നു. എന്‍ സി സി കേഡറ്റുകളെന്നാല്‍ വൈകാതെ വോട്ടര്‍ പട്ടികയിലെത്തുന്ന വിദ്യാര്‍ഥികളാണ്. പുതുതലമുറയുടെ വിവരങ്ങളടക്കം വിദേശ സ്വകാര്യ കമ്പനിക്ക് സ്വന്തമാക്കാന്‍ പാകത്തില്‍ ആപ്പൊരുക്കുമ്പോള്‍ അത് വെറുതെയാകാന്‍ വഴിയില്ല. പുതുതലമുറയെ ചരിത്രത്തിന്റെ ഹിന്ദുത്വ ഭാഷ്യം പഠിപ്പിക്കാന്‍, അവരില്‍ വര്‍ഗീയതയുടെ വിഷം പടര്‍ത്താന്‍ ഒക്കെ ശ്രമിക്കുന്നവര്‍ വ്യക്തികളുടെ വിവരങ്ങള്‍ ചോര്‍ത്തി നല്‍കുമ്പോള്‍ ലക്ഷ്യങ്ങള്‍ പലതുണ്ടാകണം. ഈ ആപ്പില്‍ നല്‍കുന്നതിനേക്കാള്‍ അധികം സ്വകാര്യ വിവരങ്ങള്‍ ആധാറിനായി രാജ്യത്തെ പൗരന്‍മാര്‍ നല്‍കുന്നുണ്ട്. ഏതാണ്ടൊരു സമ്പൂര്‍ണ നിരീക്ഷണം ഭരണകൂടത്തിന് സാധ്യമാക്കും വിധത്തിലുള്ള വിവരങ്ങള്‍. ആ വിവരങ്ങള്‍ കേംബ്രിഡ്ജ് അനാലിറ്റിക്ക പോലുള്ളൊരു സ്ഥാപനത്തിന് ചോര്‍ത്തി നല്‍കി, പ്രചാരണ തന്ത്രം മെനയാന്‍ മടിയുണ്ടാകുമോ ഈ ഭരണകൂടത്തിന്? സഞ്ജയ് ജോഷിയുടെയും വെടിയേറ്റുമരിച്ച ഹരേണ്‍ പാണ്ഡ്യ എന്ന ഗുജറാത്തിലെ ബി ജെ പി നേതാവിന്റെയും കഥ, ഈ ചോദ്യത്തിന് മുന്നില്‍ ഓര്‍ക്കേണ്ടിവരുന്നു. സംഘടിപ്പിക്കപ്പെട്ട വര്‍ഗീയ സംഘര്‍ഷങ്ങളും വംശഹത്യാ ശ്രമങ്ങളും വ്യാജ ഏറ്റുമുട്ടലുകളും ഓര്‍ക്കേണ്ടിവരുന്നു. അത്തരം വേട്ടകള്‍ക്ക് മടികാട്ടാത്തവര്‍ക്ക്, പൗരന്‍മാരുടെ സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുക എന്നത് ലഘു (കുറ്റ) കൃത്യം മാത്രമാണ്.

ഫേസ്ബുക്കിലെ വിവരങ്ങള്‍ ചോര്‍ന്നതിന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് പേരിനൊരു മാപ്പെങ്കിലും പറഞ്ഞു. സ്വകാര്യത ലംഘിക്കപ്പെട്ടതില്‍ രോഷം പൂണ്ടവര്‍ ആരംഭിക്കുന്ന നിയമനടപടികളെ ഫേസ്ബുക്കും സുക്കര്‍ബര്‍ഗും നേരിടേണ്ടി വരികയും ചെയ്യും. അതൊന്നും വേണ്ടിവരില്ലല്ലോ ആര്‍ഷഭാരത സംസ്‌കൃതിയില്‍. ആയിരങ്ങളുടെ ജീവനെടുത്തതിന് നേരിടാത്ത നിയമനടപടി, സ്വകാര്യത എന്ന മൗലികാവകാശം ലംഘിച്ചതിന് വേണ്ടിവരില്ലല്ലോ!