ചരിത്രത്തിലെ അട്ടിമറി

Posted on: March 26, 2018 6:00 am | Last updated: March 25, 2018 at 10:15 pm
SHARE

ചരിത്രത്തിലെ അട്ടിമറിയും തിരുത്തുമാണ് മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം നടക്കുന്ന കാര്യമായ പ്രവര്‍ത്തനം. 1857ല്‍ നടന്ന ശിപായി ലഹളക്ക് പകരം 1817-ല്‍ ഒഡീഷയില്‍ നടന്ന പൈക പ്രക്ഷോഭത്തെ ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിച്ചത് ആറ് മാസം മുമ്പാണ്. കേവല കെട്ടുകഥകളെ ആധാരമാക്കി ബാബ്‌രി മസ്ജിദിന് മേല്‍ അവകാശ വാദമുന്നയിച്ചാണ് സംഘ്പരിവാര്‍ ചരിത്രധ്വസനം ആരംഭിച്ചത്. ഒടുവില്‍ അത് തകര്‍ക്കുകയും ചെയ്തു. മുംതസിന്റെ സ്മരണക്കായി ഷാജഹാന്‍ ചക്രവര്‍ത്തി പണികഴിപ്പിച്ച താജ്മഹല്‍ ശിവക്ഷേത്രമായിരുന്നുവെന്ന വിനയ് കത്യാറിന്റെ അവകാശവാദവും മലബാര്‍ ലഹളയെ ആദ്യത്തെ ജിഹാദി കൂട്ടക്കൊലെയന്ന കുമ്മനം രാജശേഖരന്റെ വിദ്വേഷ പ്രസംഗവുമൊക്കെ ചരിത്രത്തിലെ കാവിവത്കരണത്തിന്റെ ഭാഗമാണ്. ഇതിന്റെ തുടര്‍ച്ച തന്നെയാണ് ഗുജറാത്തില്‍ നടന്ന മുസ്‌ലിം വിരുദ്ധ കലാപത്തെ കേവലം ഗുജറാത്ത് കലാപമായി തിരുത്തിയെഴുതിയ എന്‍ സി ഇ ആര്‍ ടി നടപടിയും. 2002 ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ആര്‍ എസ് എസിന്റെ നേതൃത്വത്തില്‍ ഗുജറാത്തില്‍ അരങ്ങേറിയ മുസ്‌ലിം വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുളള കൂട്ടക്കരുതിയെ ‘ഗുജറാത്തിലെ മുസ്‌ലിം വിരുദ്ധ കലാപം’ എന്ന ഉപശീര്‍ഷകത്തിലാണ് സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ പരിചയപ്പെടുത്തിയിരുന്നത്. അതിലാണ് മുസ്‌ലിംകള്‍ക്കെതിരെ എന്ന ഭാഗം ഒഴിവാക്കിയത്. പ്രസ്തുത പാഠത്തില്‍ തന്നെ ‘ഗുജറാത്തില്‍ മുസ്‌ലിംകള്‍ക്കെതിരെ വ്യാപക ആക്രമണങ്ങള്‍ നടന്നിരുന്നു’ എന്ന വാചകത്തിലും ‘മുസ്‌ലിംകള്‍ക്കെതിരെ’ എന്ന പദം ഒഴിവാക്കിയിട്ടുണ്ട്. നിരവധി മുസ്‌ലിംകള്‍ കൊല്ലപ്പെട്ട സംഘ്പരിവാറിന്റെ ഏകപക്ഷീയമായ കൂട്ടക്കൊലയായിരുന്നു യഥാര്‍ഥത്തില്‍ അവിടെ നടന്നത്.

ചരിത്രത്തെ കാവിവത്കരിക്കാനും ഇന്ത്യയുടെ ഇന്നലെകളെ മുഴുവനായും സവര്‍ണ ഹിന്ദുത്വത്തിന്റേതാക്കി മാറ്റിമറിക്കാനും സംഘ്പരിവാര്‍ ആസൂത്രിത നീക്കം തുടങ്ങിയിട്ട് ദശാബ്ദങ്ങളായി. മോദി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് അതിന് ഗതിവേഗം വര്‍ധിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സെന്‍ട്രല്‍ ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാര്‍ സംഘടിപ്പിച്ച ഹിന്ദുത്വാനുകൂലികളായ പണ്ഡിതന്മാരുടെ രഹസ്യ യോഗത്തില്‍ വെച്ചു ചരിത്ര പുനര്‍നിര്‍മിക്കായി സമിതിയെ തിരഞ്ഞെടുത്തതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. അറിയപ്പെട്ട ഹിന്ദുത്വ പക്ഷപാതിയായ പുരാവസ്തുശാസ്ത്രജ്ഞന്‍ കെ എ ദീക്ഷിതാണ് 14 അംഗ സമിതിയുടെ തലവന്‍. നിലവിലെ ഇന്ത്യന്‍ ചരിത്രം തിരുത്തുന്നതിനപ്പുറം ഇന്ത്യയിലെ ഹൈന്ദവരുടെ ചരിത്രത്തിന് പുതിയ മാനം നല്‍കുക കൂടിയാണ് സമിതിയുടെ ഉത്തരവാദിത്തം. അതിനായി പുരാവസ്തുക്കളെ കണ്ടെത്തുകയും ഡി എന്‍ എ പോലുള്ള തെളിവുകള്‍ സംഘടിപ്പിക്കുക്കുകയും ചെയ്യുമത്രെ. ഇന്ത്യന്‍ ചരിത്രത്തില്‍ നിന്ന് ന്യൂനപക്ഷങ്ങളുടെ സംഭാവനകളെ പാടെ നീക്കം ചെയ്യുകയെന്ന ഒളിയജന്‍ഡയാണ് ഇതിന് പിന്നിലെന്നും റോയിറ്റേഴ്‌സ് വിലയിരുത്തുന്നു. ഐതിഹ്യങ്ങളായ രാമായണം തുടങ്ങി പുരാണ ഗ്രന്ഥങ്ങളെ യഥാര്‍ഥ ചരിത്രമെന്ന നിലയില്‍ അവതരിപ്പിക്കലും അവ ചരിത്രപരമായ രേഖയാക്കലും ലക്ഷ്യമാണ്.

2014-ല്‍ മുംബൈയില്‍ ഡോക്ടര്‍മാരുടയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെും യോഗത്തില്‍ പ്രസംഗിക്കവെ പ്രധാനമന്ത്രി മോദി പറഞ്ഞത് ഇന്ത്യയില്‍ അതിപൗരാണിക കാലത്ത് തന്നെ പ്ലാസ്റ്റിക് സര്‍ജറി ഉണ്ടായിരുന്നു എന്നാണ.് മനുഷ്യ ശരീരത്തില്‍ ആനയുടെ തലയുള്ള ഭാവനാ കഥാപാത്രമായ ഗണപതിയെ ചൂണ്ടാക്കാട്ടിയായിരുന്നു ഈ അവകാശവാദം. ഇന്ത്യയില്‍ നിന്ന് ശ്രീലങ്കയിലേക്ക് രാമന്‍ പാലം നിര്‍മിച്ച രാമായണ കഥ ചൂണ്ടിക്കാട്ടി ഐതിഹ്യ കഥാപാത്രമായ രാമന്‍ പ്രഗത്ഭ എന്‍ജിനീയറായിരുന്നുവെന്നാണ് ഇന്‍ഫ്രാസ്ട്രക്ചര്‍ റിസര്‍ച്ച് ആന്റ് മാനേജ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തിയ പ്രഭാഷണത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാനിയുടെ അവകാശവാദം. വിമാനം കണ്ടുപിടിച്ചത് റൈറ്റ് സഹോദരന്മാരല്ല, ഇന്ത്യക്കാരാണ് വിമാനം നിര്‍മിച്ചതെന്നാണ് രാമായണത്തിലെ പുഷ്പക വിമാന പ്രയോഗത്തെ ചൂണ്ടി കേന്ദ്രമന്ത്രി സത്യപാല്‍ സിംഗ് പറയുന്നത്. ആണവപരീക്ഷണം ഇന്ത്യക്ക് പുതുമയല്ല, ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്കുമുമ്പ് കണാദ മുനി ആണവ പരീക്ഷണം നടത്തിയിട്ടുണ്ടെന്നാണ് ബി ജെ പി നേതാവ് രമേശ് പൊക്രിയാലിന്റെ പക്ഷം.

ഇങ്ങനെ ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ വിവിധ രാജ്യക്കാരായ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയ കാര്യങ്ങളൊക്കെ ഹിന്ദുത്വയുടെ സംഭാവനകളാക്കി മാറ്റാനുള്ള ശ്രമത്തിലാണ് ഹിന്ദുത്വര്‍. നടേ പറഞ്ഞ വിഡ്ഢിത്വങ്ങളൊക്കെ സംഘ്പരിവാറിന്റെ ചരിത്ര നിര്‍മാണ സമിതി തയാറാക്കുന്ന ഗ്രന്ഥങ്ങളില്‍ ഇനി ചരിത്രങ്ങളായി അവതരിപ്പിക്കപ്പെടും. എന്നാല്‍ പോയകാലത്തിന്റെ രേഖപ്പെടുത്തലും അതിനെക്കുറിച്ചുള്ള പഠനവുമാണ് ചരിത്രം, തെളിവുകളെ മുന്‍വിധികളോ പക്ഷഭേദങ്ങളോ ഇല്ലാതെ നിര്‍ഭയമായി സമീപിച്ചാണ് ചരിത്ര പഠനം നടത്തേണ്ടതും രേഖപ്പെടുത്തേണ്ടതും. ഈ വിധം ഇന്ത്യയുടെ ചരിത്രത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോള്‍ രാഷ്ട്ര നിര്‍മാണത്തില്‍ മുഗള്‍ചക്രവര്‍ത്തിമാരെയും മുസ്‌ലിം ഇന്ത്യയെയും മാറ്റി നിര്‍ത്താനാകില്ല. കേവല ഐതിഹ്യങ്ങളെ ചരിത്രമാക്കി അവതരിപ്പിക്കുന്നതും പെരുംനുണകളും അര്‍ധസത്യങ്ങളും കൂട്ടിക്കലര്‍ത്തി ചരിത്രങ്ങള്‍ സൃഷ്ടിക്കുന്നതും വഞ്ചനയാണ്. ചരിത്രത്തില്‍ എത്രമാത്രം അട്ടിമറി നടത്തിയാലും അതിലെ നെല്ലും പതിരും വേര്‍തിരിച്ചെടക്കപ്പെടുക തന്നെ ചെയ്യും. ഇന്ത്യന്‍ ചരിത്രത്തെ വികലമാക്കാന്‍ ബ്രിട്ടീഷുകാര്‍ എത്രമാത്രം ശ്രമിച്ചതാണ്. എന്നിട്ടും യഥാര്‍ഥ ചരിത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here