‘നരേന്ദ്ര മോദി’ ആപ്പിലൂടെ വിവരം ചോര്‍ന്നു; ബി ജെ പി പ്രതിരോധത്തില്‍

Posted on: March 25, 2018 10:55 pm | Last updated: March 25, 2018 at 11:38 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ നരേന്ദ്ര മോദി ആപ്പ് ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത ബി ജെ പിക്ക് രാഷ്ട്രീയ തിരിച്ചടിയാകും. കേംബ്രിജ് അനലിറ്റിക്ക ഫേസ്ബുക്ക് വഴി വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ ബി ജെ പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍, മോദി ആപ്പിനെതിരെയും ഇതേ ആരോപണം ഉയര്‍ന്നത് ബി ജെ പിക്ക് ക്ഷീണമാകും.

മോദി ആപ്പ് ഉപഭോക്താക്കളുടെ അനുമതിയില്ലാതെ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് ആരോപണം. ഫ്രഞ്ച് സുരക്ഷാ ഗവേഷകനായ എല്ലിയറ്റ് അല്‍ഡേഴ്‌സണ്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്. ‘നരേന്ദ്ര മോദി’ ആപ്ലിക്കേഷന്‍ ഉപഭോക്താക്കളുടെ വിവരങ്ങള്‍ മറ്റൊരു കമ്പനിക്ക്് കൈമാറുന്നുണ്ടെന്നും അദ്ദേഹം പറയുന്നു. ഈ ആപ്പിലെ പ്രൊഫൈല്‍ നിര്‍മിക്കുന്ന വ്യക്തിയുടെ ഉപകരണത്തെ കുറിച്ചുള്ള വിവരങ്ങളും അതോടൊപ്പം വ്യക്തിവിവരങ്ങളും അമേരിക്കന്‍ കമ്പനി ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൊമൈനിലേക്ക് കൈമാറുന്നുവെന്നാണ് വെളിപ്പെടുത്തല്‍. ഇ മെയില്‍, ഫോട്ടോ, പേര്, എന്നിങ്ങനെയുള്ള കാര്യങ്ങള്‍ കൈമാറുന്നുണ്ടെന്ന് അല്‍ഡേഴ്‌സണ്‍ പറയുന്നു. മൊബൈല്‍ ഡെവലപ്‌മെന്റ് മേഖലയില്‍ അനലറ്റിക്‌സ് സംവിധാനം സാധാരണയായി ആവശ്യമുണ്ട്. എന്നാല്‍, വിവരങ്ങള്‍ സമ്മതമില്ലാതെ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് അല്‍ഡേഴ്‌സണ്‍ പറയുന്നു.