ആപ്പ് വഴി വിവരച്ചോര്‍ച്ച: മോദിയെ കടന്നാക്രമിച്ച് രാഹുല്‍

'ഹായ്! എന്റെ പേര് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളുടെ എല്ലാ ഡാറ്റയും അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും'

-രാഹുലിന്റെ ട്വീറ്റ്

Posted on: March 25, 2018 11:00 pm | Last updated: March 26, 2018 at 12:16 pm

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്രിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി മോദിയെ പരിഹസിച്ചത്. കാംബ്രിഡ്ജ് അനലറ്റികാ വിവാദം കൊടുമ്പിരി കൊള്ളുന്നതിനിടെ നരേന്ദ്ര മോദി ആപ്പും സംശയത്തിന്റെ നിഴലിലായത് ബി ജെ പിയെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. ‘ഹായ്! എന്റെ പേര് നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. എന്റെ ഔദ്യോഗിക ആപ്പ് ഉപയോഗിക്കാന്‍ നിങ്ങള്‍ സൈനപ്പ് ചെയ്യുമ്പോള്‍, ഞാന്‍ നിങ്ങളുടെ എല്ലാ ഡാറ്റയും അമേരിക്കന്‍ കമ്പനികളിലെ എന്റെ സുഹൃത്തുക്കള്‍ക്ക് നല്‍കും’ എന്നാണ് രാഹുലിന്റെ ട്വീറ്റ്. പ്രധാനമന്ത്രിയുടെ ആപ്പില്‍ നിന്ന് വിവരം ചോരുന്നുവെന്ന നിര്‍ണായക വാര്‍ത്തയുടെ കാര്യത്തിലും അലംഭാവം കാണിക്കുകയയിരുന്നുവെന്നും രാഹുല്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ മൊബൈല്‍ ആപ്ലിക്കേഷനായ ‘നരേന്ദ്രമോദി ആപ്പ്’ ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ അനുമതിയില്ലാതെ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ടാപ്പിന് ചോര്‍ത്തി നല്‍കുന്നുവെന്നാണ് പുറത്ത് വന്ന റിപ്പോര്‍ട്ട്. ഫ്രഞ്ച് സുരക്ഷാ ഗവേഷകന്‍ എല്ലിയോട്ട് അല്‍ഡേഴ്‌സണാണ് ഇക്കാര്യം പുറത്ത് വിട്ടത്. ആന്‍ഡേഴ്‌സണ്‍ ടിറ്ററില്‍ പുറത്ത് വിട്ട ട്വീറ്റുകളിലൂടെയാണ് വിവരം പുറത്തുവന്നത്. നരേന്ദ്ര മോദി ആപ്പില്‍ പ്രൊഫൈല്‍ നിര്‍മിക്കുന്നയാളുടെ വ്യക്തി വിവരങ്ങള്‍, ഉപയോഗിക്കുന്ന ഡിവൈസിനെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ അമേരിക്കന്‍ കമ്പനിയായ ക്ലെവര്‍ ടാപ്പിന്റെ ഉടമസ്ഥതയിലുള്ള ഡൊമൈനിലേക്ക് കൈമാറുന്നുണ്ടെന്നാണ് അല്‍ഡേഴ്‌സന്റെ വെളിപ്പെടുത്തല്‍. ചോര്‍ത്തപ്പെട്ട ഡിവൈസ് വിവരങ്ങളില്‍ ഒപ്പറേറ്റിംഗ് സോഫ്റ്റ്‌വെയര്‍, നെറ്റ്‌വര്‍ക്ക് ടൈപ്പ്, ആരാണ് സേവനദാതാവ് എന്നിവയും വ്യക്തി വിവരങ്ങളില്‍ ഇ – മെയില്‍ അഡ്രസ്, ഫോട്ടോ, ലിംഗം, പേര് തുടങ്ങിയ വ്യക്തിവിവരങ്ങളുമാണ് ക്ലെവര്‍ ടാപ്പിന് കൈമാറിക്കൊണ്ടിരിക്കുന്നതെന്ന് ആന്‍ഡേഴ്‌സണ്‍ വെളിപ്പെടുത്തിയിരുന്നു.തിരഞ്ഞെടുപ്പില്‍ കാംബ്രിഡ്ജ് അനലിറ്റികയെ ഉപയോഗിച്ചുവെന്ന് ബി ജെ പിയും കോണ്‍ഗ്രസും പരസ്പരം കുറ്റപ്പെടുത്തിയിരുന്നു. വിവരങ്ങള്‍ ചോരുന്നതില്‍ ഫേസ്ബുക്ക് അധികൃതര്‍ ക്ഷമാപണം നടത്തിയിട്ടുണ്ട്.