Connect with us

International

പരസ്യമാപ്പപേക്ഷയുമായി സുക്കര്‍ബര്‍ഗ്; പത്രങ്ങളില്‍ ഫുള്‍പേജ് പരസ്യം

Published

|

Last Updated

ലണ്ടന്‍: അഞ്ച് കോടി ഫേസ്ബുക്ക് അക്കൗണ്ടുകള്‍ ദുരുപയോഗം ചെയ്ത സംഭവത്തില്‍ ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ് പരസ്യമായി മാപ്പ് ചോദിച്ചു. ബ്രിട്ടനിലേയും ലണ്ടനിലേയും വാര്‍ത്താ ദിനപ്പത്രങ്ങളില്‍ പ്രസിദ്ധീകരിച്ച ഫുള്‍പേജ് പരസ്യത്തിലൂടെയാണ് സുക്കര്‍ബര്‍ഗ് മാപ്പ് ചോദിച്ചത്. നേരത്തെ, ഫേസ്ബുക്കിലൂടെ മാപ്പ് ചോദിച്ചതിന് പിന്നാലെയാണ് പത്രങ്ങളിലൂടെയും സുക്കര്‍ബര്‍ഗ് ക്ഷമാപണം നടത്തിയത്.

ലണ്ടനിലെ സണ്‍ഡെ ടെലഗ്രാഫ്, സണ്‍ഡേ ടൈംസ്, മെയില്‍ ഓണ്‍ സണ്‍ഡേ, ഒബ്‌സര്‍വര്‍, സണ്‍ഡേ മിറര്‍, സണ്‍ഡേ എക്‌സ്പ്രസ്, യുഎസിലെ ന്യൂയോര്‍ക്ക് ടൈംസ്, വാഷിംഗ്ടണ്‍ പോസ്റ്റ്, വാള്‍സ്ട്രീറ്റ് ജേര്‍ണല്‍ തുടങ്ങിയ പത്രങ്ങളിലാണ് ഫേസ്ബുക്ക് തങ്ങളുടെ പരസ്യം പ്രസിദ്ധീകരിച്ചത്. “നിങ്ങളുടെ വിവരങ്ങള്‍ സൂക്ഷിക്കുക എന്നത് ഞങ്ങളുടെ ഉത്തരവാദിത്വമാണ്.

ഞങ്ങള്‍ക്ക് അതിന് കഴിഞ്ഞില്ലെങ്കില്‍, ഞങ്ങള്‍ ഒന്നും അര്‍ഹിക്കുന്നില്ല”” എന്ന വാചകത്തോടെയാണ് പരസ്യം ആരംഭിക്കുന്നത്. ഇതിനുപിന്നാലെ സുക്കര്‍ബര്‍ഗിന്റെ ലഘു സന്ദേശവും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു. ഇത്തരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്ന് സുക്കര്‍ബര്‍ഗ് പരസ്യത്തിലൂടെ ഉറപ്പ് നല്‍കുന്നു.
ഫേസ്ബുക്കിനെ വിശ്വസിച്ചതിന് നിങ്ങള്‍ക്ക് നന്ദി, ഇതിലും മികച്ച സേവനങ്ങള്‍ നിങ്ങള്‍ക്ക് നല്‍കുമെന്ന് ഉറപ്പുനല്‍കുന്നു- സുക്കര്‍ബര്‍ഗിന്റെ സന്ദേശം ഇങ്ങനെ തുടരുന്നു.

കേംബ്രിഡ്ജ് അനലിറ്റിക്ക ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഫേസ്ബുക്കിന് ബിസിനസ് രംഗത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ഓഹരി വിപണിയില്‍ ഏകദേശം 67,000 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി. ഇതോടൊപ്പം ഫേസ്ബുക്കിന്റെ ഓഹരി വില 14 ശതമാനത്തോളം കൂപ്പുകുത്തുകയും ചെയ്തിരുന്നു.

 

Latest