റോയല്‍ എന്‍ഫീല്‍ഡിനോട് മുട്ടാന്‍ വരുന്നു പഴയ പടക്കുതിര

Posted on: March 25, 2018 8:50 pm | Last updated: March 25, 2018 at 8:50 pm

ഒരു കാലത്ത് യുവാക്കളുടെ ഹരമായിരുന്ന ജാവ ബൈക്കുകള്‍ തിരിച്ചെത്തുന്നു. എയ്ഷര്‍ മോട്ടോഴ്‌സിന്റെ റോയല്‍ എന്‍ഫീല്‍ഡിനോട് നേരിട്ട് മുട്ടാന്‍ തന്നെയാണ് പരിപാടി. അടുത്ത വര്‍ഷം മുതല്‍ ബൈക്കുകള്‍ ഇന്ത്യന്‍ നിരത്തുകളിലെത്തിക്കാനാണ് മഹീന്ദ്ര കമ്പനിയുടെ പ്ലാന്‍.

ജപ്പാനീസ് ബൈക്കുകളുടെ കടന്നുകയറ്റമാണ് ഇന്ത്യന്‍ നിരത്തുകളില്‍ നിന്ന് ചെക്കോസ്ലോവാക്യന്‍ കമ്പനിയായ ജാവയെ അകറ്റിയത്. അങ്ങനെ 1960ല്‍ തുടക്കമിട്ട ജാവയുടെ ഇന്ത്യയിലെ ജൈത്രയാത്ര 1996 ല്‍ അന്ത്യം കുറിച്ചു.

മൈസൂരു ആസ്ഥാനമായി പ്രവര്‍ത്തനം ആരംഭിച്ച ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ കമ്പനിയാണ് ഐഡിയല്‍ ജാവ. ആദ്യകാലത്ത് ജാവ ബ്രാന്‍ഡിന് കീഴില്‍ ബൈക്കുകളെ അണിനിരത്തിയ ഐഡിയല്‍ ജാവ, പിന്നീട് യെസ്ഡീ എന്ന ബ്രാന്‍ഡായി. ഇന്ത്യയില്‍ വലിയ ആരാധക സമൂഹമുണ്ട് ജാവക്ക്.

ഇന്ത്യയിലും കിഴക്കന്‍ ഏഷ്യയിലും ജാവയുടെ പേരില്‍ ബൈക്കുകള്‍ പുറത്തിറക്കാനുള്ള ലൈസന്‍സ് മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഉപസ്ഥാപനമായ ക്ലാസിക് ലെജന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (സിഎല്‍പിഎല്‍) ആണ് സ്വന്തമാക്കിയത്. ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മഹീന്ദ്ര മോജോയുടെ എന്‍ജിന്‍ അടിത്തറയിലാകും ജാവ ബൈക്കുകള്‍ ഇന്ത്യയില്‍ അണിനിരക്കുക. അതായത് മോജോ യുടി300, മോജോ എക്‌സ്ടി 300 മോഡലുകളിലുള്ള 300 സിസി ലിക്വിഡ് കൂള്‍ഡ് എന്‍ജിനായിരിക്കും വരാനിരിക്കുന്ന ജാവ ബൈക്കുകള്‍ക്ക്.

ചെക്ക് റിപ്പബ്ലിക്കില്‍ ജാവ 350 എന്ന പേരിലാണ് ബൈക്ക് പുറത്തിറങ്ങിയത്. 350 സിസി എന്‍ജിനുള്ള ബൈക്കിന് 27.4 പിഎസ് കരുത്തും 30.6 എന്‍എം ടോര്‍ക്കുമാണുള്ളത്.