പന്തില്‍ കൃത്രിമം: സ്റ്റീവ് സ്മിത്തിന് വിലക്ക്

Posted on: March 25, 2018 6:39 pm | Last updated: March 26, 2018 at 12:04 am

മാന്യന്‍മാരുടെ കളിയെന്ന വിശേഷണം ക്രിക്കറ്റിനുണ്ട്. പക്ഷേ, പലപ്പോഴായി അതിന് കോട്ടം തട്ടുന്ന വിധത്തിലുള്ള പെരുമാറ്റങ്ങള്‍ കളിക്കാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. വാതുവെപ്പ് ബന്ധങ്ങള്‍, തത്സമയവാതുവെപ്പ് എന്നിവയെല്ലാം ക്രിക്കറ്റിന് പേരുദോഷമുണ്ടാക്കിയവയാണ്. സ്ലെഡ്ജിംഗും പന്തില്‍ കൃത്രിമത്വം കാണിക്കലും ക്രിക്കറ്റില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. ഏറ്റവുമൊടുവില്‍ ആസ്‌ത്രേലിയന്‍ ടെസ്റ്റ് ടീം ദക്ഷിണാഫ്രിക്കക്കെതിരെ നടത്തിയ ചതിപ്രയോഗം ക്രിക്കറ്റ് ചരിത്രത്തില്‍ കുറത്ത അധ്യായമായി മാറുകയാണ്. ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉള്‍പ്പെടുന്ന സംഘം മത്സരം ജയിക്കാന്‍ പന്തില്‍ കൃത്രിമത്വം കാണിക്കാന്‍ തീരുമാനമെടുത്തതെന്ന് വെളിപ്പെട്ടത് ക്രിക്കറ്റ് ലോകം ഞെട്ടലോടെയാണ് ശ്രവിച്ചത്. മുമ്പ് ഏതെങ്കിലും കളിക്കാര്‍ കാണിച്ചിരുന്ന പന്ത് ചുരണ്ടല്‍, ഇവിടെ ക്യാപ്റ്റന്റെ അനുമതിയോടെ പദ്ധതിയിട്ട് നടപ്പിലാക്കാന്‍ ശ്രമിച്ചു. അത് ക്യാമറകള്‍ ഒപ്പിയെടുത്തതോടെ കുറ്റം സമ്മതിക്കേണ്ടി വന്നു.

സര്‍ക്കാര്‍ ആവശ്യപ്പെട്ടു, സ്മിത്ത് രാജി വെച്ചു

ബോളില്‍ കൃത്രിമം കാണിച്ചതിന്റെ ധാര്‍മിക ഉത്തരവാദിത്വമേറ്റെടുത്ത് ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീം നായകന്‍ സ്റ്റീവ് സ്മിത്തും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറും രാജിവെച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള ടെസ്റ്റില്‍ ബാറ്റ്‌സ്മാന്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റാണ് ബോളില്‍ കൃത്രിമം കാട്ടിയത്. പന്തില്‍ കൃത്രിമം കാണിയ്ക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നതിനു പിറകെ ബാന്‍ക്രോഫ്റ്റും സ്മിത്തും കുറ്റസമ്മതം നടത്തിയിരുന്നു. രാജ്യത്തിനും ക്രിക്കറ്റിനും നാണക്കേടുണ്ടാക്കിയ സ്റ്റീവ് സ്മിത്തിനെ നീക്കം ചെയ്യണമെന്ന് ആസ്‌ത്രേലിയന്‍ സര്‍ക്കാര്‍ ക്രിക്കറ്റ് ബോര്‍ഡിനോട് ആവശ്യപ്പെട്ടതിനു തൊട്ടുപിറകെയായിരുന്നു രാജിപ്രഖ്യാപനം. ടീം തന്ത്രത്തിന്റെ ഭാഗമായിട്ടായിരുന്നു ബോളില്‍ കൃത്രിമം വരുത്തിയതെന്നും എന്നാല്‍ ഈ തന്ത്രം വിജയിച്ചില്ലെന്നും സ്മിത് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു. ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് തന്നെയാണ് ഇരു താരങ്ങളുടെയും രാജിക്കാര്യം ഔദ്യോഗികമായി അറിയിച്ചത്.

വരുന്നു ആജീവനാന്ത വിലക്ക്

പന്തില്‍ കൃത്രിമം കാട്ടിയെന്ന ആരോപണം നേരിടുന്ന ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനും ക്രിക്കറ്റ് ആസ്‌ത്രേലിയ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയേക്കും.
കിക്കറ്റ് എന്നത് മാന്യമായ കളിയുടെ പര്യായമാണ്. എങ്ങനെ ടീമിന് ഇങ്ങനെ പെരുമാറാന്‍ സാധിക്കും. ഇത് തീര്‍ത്തും തരം താഴ്ന്ന നടപടിയാണ്. പ്രധാനമന്ത്രി മാല്‍ക്കം ടേണ്‍ബുള്ളിനെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മത്സരത്തിന്റെ 43ാം ഓവറിലാണ് ബാറ്റ്‌സ്മാന്‍ ബാന്‍ ക്രോഫ്റ്റാണ് ഫീല്‍ഡിങിനിടെയില്‍ മഞ്ഞ നിറത്തിലുള്ള വസ്തു ഉപയോഗിച്ച് പന്തില്‍ ഉരസുന്നതായി ശ്രദ്ധയില്‍ പെട്ടത്. ഇതിനെ കുറിച്ച് അമ്പയര്‍മാര്‍ അന്വേഷിച്ചെങ്കിലും സണ്‍ഗ്ലാസിന്റെ പൗച്ചായിരുന്നുവെന്ന മറുപടിയാണ് കളിക്കാരന്‍ നല്‍കിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ അതു പൗച്ചല്ലെന്നും ഒട്ടിയ്ക്കുന്ന മഞ്ഞനിറത്തിലുള്ള ടേപ്പായിരുന്നുവെന്നും മനസ്സിലായി. അന്വേഷത്തില്‍ ബാന്‍ക്രോഫ്റ്റ് തനിച്ചല്ല ഇതു നടത്തിയതെന്ന് വ്യക്തമായതോടെ ആസ്‌ത്രേലിയന്‍ ക്രിക്കറ്റ് ആകെ സമ്മര്‍ദ്ദത്തിലായി. സര്‍ക്കാര്‍ രാജി ആവശ്യപ്പെട്ടതോടെ സ്മിത്തിന് ക്യാപ്റ്റന്‍ സ്ഥാനം ഒഴിയേണ്ടി വന്നു.

ബാന്‍ക്രോഫ്റ്റിന് പിഴ മാത്രം !

മാച്ച് ഫീയുടെ 75 ശതമാനം പിഴ മാത്രം. പന്ത് ചുരണ്ടിയ താരത്തിന് ഐ സി സി വിധിച്ച ശിക്ഷയാണിത്. ഹര്‍ഭജന്‍ സിംഗ് ഇതിനെതിരെ രംഗത്തെത്തി. 2008 ല്‍ ഓസീസിനെതിരെ വംശീയാധിക്ഷേപ ആരോപണത്തെ തുടര്‍ന്ന് മൂന്ന് മത്സരങ്ങളില്‍ തനിക്ക് വിലക്കേര്‍പ്പെടുത്തിയ ഐ സി സി ബാന്‍ക്രോഫ്റ്റിന് ഒരു മത്സരത്തില്‍ പോലും വിലക്കേര്‍പ്പെടുത്തിയില്ല. ഇതെന്ത് ന്യായം എന്നാണ് ഭാജിയുടെ ചോദ്യം. ക്രിക്കറ്റ് ചരിത്രത്തിലെ ദുരന്തമാണ് ഓസീസ് ക്യാപ്റ്റനും കൂട്ടരും ചെയ്ത് വെച്ചിരിക്കുന്നതെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ബിഷന്‍ സിംഗ് ബേദി അഭിപ്രായപ്പെട്ടു.

ഓസീസ് തോല്‍വി 322 റണ്‍സിന്

കേപ്ടൗണ്‍: ചതിപ്രയോഗത്തിലൂടെ എതിരാളിയെ പരാജയപ്പെടുത്താനുള്ള ഓസീസിന്റെ ശ്രമങ്ങള്‍ പിടിക്കപ്പെട്ടതിന് പിന്നാലെ അവര്‍ ദക്ഷിണാഫ്രിക്കയോട് മൂന്നാം ടെസ്റ്റില്‍ 322 റണ്‍സിന് തോറ്റമ്പി. നാല് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ 2-1ന് ദക്ഷിണാഫ്രിക് മുന്നിലെത്തി.
430 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ് 107 റണ്‍സിന് ആള്‍ ഔട്ടായി. മോര്‍നി മോര്‍ക്കല്‍ 23 റണ്‍സിന് അഞ്ച് വിക്കറ്റ് വീഴ്ത്തി. സ്‌കോര്‍ : ദക്ഷിണാഫ്രിക്ക 311 & 373, ആസ്‌ത്രേലിയ 255&107